യു.എ.പി.എ അറസ്റ്റ് പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ പ്രകാരം അറസ്റ്റിലായ വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റി. രണ്ടു ദിവസത്തെ സാവകാശം പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടെങ്കിലും യു.എ.പി.എ പ്രത്യേക കോടതി കൂടിയായ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
അറസ്റ്റിലായ ഒളവണ്ണ മൂര്‍ക്കനാട് താഹ ഫസല്‍ (24), തിരുവണ്ണൂര്‍ പാലാട്ട് നഗര്‍ അലന്‍ ഷുഹൈബ് (20) എന്നിവരുടെ കേസ് സംബന്ധിച്ച പോലിസ് റിപ്പോര്‍ട്ട് ഇന്നലെ രാവിലെ പ്രോസിക്യൂഷന് കൈമാറിയിരുന്നു. യു.എ.പി.എ നിലനിര്‍ത്തിയാണ് പൊലിസ് റിപ്പോര്‍ട്ട് നല്‍കിയത്. ഇന്നലെ കേസ് കോടതി പരിഗണനക്കെടുത്തപ്പോള്‍ യു.എ.പി.എയിലെ 20, 32, 39 വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് പ്രതിഭാഗം വാദിച്ചു. ഏതെങ്കിലും ആശയത്തെ പിന്താങ്ങി എന്നതുകൊണ്ടുമാത്രം യു.എ.പി.എ ചുമത്താന്‍ കഴിയില്ല. വിദ്യാര്‍ഥികളില്‍ നിന്ന് ഒന്നും പിടിച്ചെടുത്തിട്ടില്ല. ഈ സാഹചര്യത്തില്‍ യു.എ.പി.എ വകുപ്പ് ചുമത്തിയത് പുനഃപരിശോധിക്കണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. എം.കെ ദിനേശന്‍ കോടതിയില്‍ പറഞ്ഞു.
യു.എ.പി.എ നിലനില്‍ക്കില്ലെന്ന പ്രതിഭാഗം വാദത്തെ കുറിച്ച് കോടതി ചോദിച്ചപ്പോള്‍ അക്കാര്യം പരിശോധിക്കണമെന്നാണ് പ്രോസിക്യൂഷന്‍ വിശദീകരിച്ചത്. ഇതേതുടര്‍ന്ന് ഇരുവിഭാഗം അഭിഭാഷകരുടെ സമ്മതത്തോടെ ഹരജി പരിഗണിക്കുന്നത് കോടതി മാറ്റുകയായിരുന്നു.
യു.എ.പി.എ പിന്‍വലിക്കണമെന്ന് സി.പി.എം നേതൃത്വം ഉള്‍പ്പെടെ ആവശ്യപ്പെടുമ്പോഴും പ്രതികള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന റിപ്പോര്‍ട്ട് തന്നെയാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ നല്‍കിയത്. കേസില്‍ കൂടുതല്‍പേരെ പിടികൂടാനുണ്ടെന്നും കസ്റ്റഡിയിലെടുത്തപ്പോള്‍ താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.
മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ യു.എ.പി.എ പുനഃപരിശോധിക്കുമെന്ന് പറയുമ്പോഴും ഇക്കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്ന നിലപാടാണ് അന്വേഷണ സംഘത്തിന്റേതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം, പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലിസ് ഇന്നലെയും അപേക്ഷ നല്‍കിയില്ല. ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കുന്ന സാഹചര്യത്തില്‍ അലനും താഹയും കോഴിക്കോട് ജയിലില്‍ തുടരും. ഇരുവരെയും വിയ്യൂര്‍ ജയിലിലേക്ക് മാറ്റുമെന്ന് പൊലിസ് കഴിഞ്ഞദിവസം രക്ഷിതാക്കളെ അറിയിച്ചിരുന്നു. ഇരുവരെയും മാറ്റാനുള്ള തീരുമാനം പൊലിസിന്റേതല്ലെന്നും സിറ്റി പൊലിസ് കമ്മിഷനര്‍ എ.വി ജോര്‍ജ് വ്യക്തമാക്കിയിരുന്നു.
കണ്ടെടുത്തത് തേങ്ങ പൊതിക്കുന്ന
കൊടുവാളെന്ന് താഹയുടെ മാതാവ്
കോഴിക്കോട്: മകന്റെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന തെളിവുകളൊന്നും വീട്ടില്‍നിന്ന് പൊലിസിന് ലഭിച്ചിട്ടില്ലെന്ന് താഹയുടെ മാതാവ് ജമീല. വീട്ടില്‍നിന്ന് കണ്ടെടുത്ത കൊടുവാള്‍ തേങ്ങ പൊതിക്കാന്‍ ഉപയോഗിക്കുന്നതാണ്. ഉദ്യോഗസ്ഥര്‍ കൊടുവാളിന്റെ ഫോട്ടോ എടുത്തെന്നും താഹയുടെ മുറിയിലും മാതാപിതാക്കളുടെ മുറിയിലും പരിശോധന നടത്തിയെന്നും ജമീല പറഞ്ഞു.
പുലര്‍ച്ചെ ഒന്നേകാലിന് പരിശോധനയ്ക്ക് വീട്ടിലെത്തിയ ഇവര്‍ ഏകദേശം നാലാകാറായപ്പോഴാണ് മനങ്ങിപ്പോയത്. കൊടുവാള്‍ രാവിലെ തേങ്ങയിടാന്‍ ആളുവന്നപ്പോള്‍ ഇളനീര്‍ പൊട്ടിക്കാന്‍ എടുത്ത ശേഷം വീടിന് മുന്നില്‍ സൂക്ഷിച്ചതാണെന്നും ജമീല സൂചിപ്പിച്ചു.
പരിശോധനക്കിടെ ഇവിടെ ഒരു കൊടുവാള്‍ കണ്ടല്ലോ എന്ന് സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ താന്‍ ഈ കൊടുവാള്‍ എടുത്ത് കൊടുത്തു. ഇത്തരം കൊടുവാള്‍ തങ്ങളുടെ വീട്ടിലും തേങ്ങ പൊതിക്കാന്‍ ഉപയോഗിക്കുന്നതാണെന്ന് പറഞ്ഞ ഉദ്യോഗസ്ഥര്‍ എന്തായാലും ഒരു ഫോട്ടോ എടുക്കട്ടെ എന്ന് ചോദിച്ച് ചിത്രം പകര്‍ത്തുകയായിരുന്നുവെന്നും ജമീല വ്യക്തമാക്കി.
താഹയുടെ വീട്ടിലെ റെയ്ഡിന്റെ
ദൃശ്യങ്ങള്‍
പുറത്ത്
കോഴിക്കോട്: യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത ഒളവണ്ണ മൂര്‍ക്കനാട് സ്വദേശി താഹ ഫസലിന്റെ വീട്ടില്‍ പൊലിസ് നടത്തിയ പരിശോധനയുടെ ദൃശ്യങ്ങള്‍ പുറത്ത്. താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിക്കുന്നതും 'അവന്റെ വായ പൊത്ത് ' എന്ന് പൊലിസ് പറയുന്നതും ദൃശ്യങ്ങളില്‍ കേള്‍ക്കാം. പുസ്തകങ്ങളും ലഘുലേഖകളും കണ്ടെടുക്കുന്നതും കാണാം.
നിങ്ങളുടെ മകന്‍ വായിക്കുന്ന പുസ്തകങ്ങള്‍ കണ്ടോ എന്നും പൊലിസുകാരന്‍ ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. നിരോധിച്ചിട്ടില്ലാത്ത മാര്‍ക്‌സിയന്‍ അനുകൂല പുസ്തകങ്ങളും ഇടതു സാഹിത്യങ്ങളുമാണ് കണ്ടെടുത്തവയില്‍ അധികവും. എഴുത്തുകാരനും പത്രാധിപരുമായ ഒ. അബ്ദുറഹ്മാന്റെ 'മാര്‍ക്‌സിസം, സാമ്രാജ്യത്വം, തീവ്രവാദം' പുസ്തകവും കണ്ടെടുത്തിട്ടുണ്ട്.
എന്നാല്‍, തെളിവെടുപ്പിനെത്തിച്ചപ്പോള്‍ മകനെക്കൊണ്ട് പൊലിസ് നിര്‍ബന്ധിപ്പിച്ച് മുദ്രാവാക്യം വിളിപ്പിക്കുകയും അത് വിഡിയോയില്‍ പകര്‍ത്തുകയുമായിരുന്നുവെന്ന് താഹയുടെ മാതാവ് ജമീല പറഞ്ഞു. മുദ്രാവാക്യം വിളിക്കുന്നത് കേട്ട് തങ്ങള്‍ അവന്റെ മുറിയിലേക്ക് ചെന്നു. നീ എന്നെ പറ്റിച്ചല്ലോടാ എന്നു താന്‍ പറഞ്ഞപ്പോള്‍, ഉമ്മാ ഇവര്‍ എന്നെക്കൊണ്ട് വിളിപ്പിക്കുകയാണെന്ന് താഹ മറുപടി നല്‍കി.
ഉടനെ പൊലിസുകാര്‍ ആരോക്കെയോ അവന്റെ വായ പൊത്തുകയും ചെയ്തു. വീട്ടില്‍ താഹയ്ക്കായി പ്രത്യേക മുറിയില്ല. എല്ലാവരും ഉപയോഗിക്കുന്ന മുറി തന്നെയാണ് അവനും ഉപയോഗിക്കുന്നത്. മുറിയില്‍ നിന്ന് എന്തൊക്കെയോ പൊലിസ് എടുത്തിട്ടുണ്ടെന്നും ജമീല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."