ഡിസംബര്‍ ആറിന് 'ഭരണഘടനാ സംരക്ഷണ ദിനം' ആചരിക്കുമെന്ന് ഇടതുപക്ഷം
ന്യൂഡല്‍ഹി: അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്തതിന്റെ 26ാം വാര്‍ഷിക ദിനമായ ഡിസംബര്‍ ആറിനു ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കാന്‍ സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ കക്ഷികള്‍ തീരുമാനിച്ചു.
പള്ളി നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കേ കോടതിയെ മറികടന്ന് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമമോ വിജ്ഞാപനമോ കൊണ്ടുവരണമെന്നു സംഘ്പരിവാര്‍ സംഘടനകള്‍ പ്രചാരണം തുടങ്ങിയതായി ഇടതുപക്ഷം ആരോപിച്ചു. ഭരണഘടനയിലെ മതനിരപേക്ഷ ആശയത്തെ അട്ടിമറിക്കാനുള്ള വര്‍ഗീയ അജന്‍ഡയുടെ ഭാഗമായാണ് ഈ പ്രചാരണം. അയോധ്യാ വിഷയത്തില്‍ നിയമവ്യവസ്ഥയെ അട്ടിമറിക്കാനുള്ള നീക്കത്തെ അംഗീകരിക്കാനാകില്ല. വിശ്വാസത്തിന്റെ പേരില്‍ ഭരണഘടനാ വ്യവസ്ഥകളെ അട്ടിമറിക്കാന്‍ സംഘ്പരിവാറിനെ അനുവദിക്കില്ലെന്നും ഇടതുപക്ഷ പാര്‍ട്ടികള്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഭരണഘടനാ ശില്‍പിയായ ബി.ആര്‍ അംബേദ്കറിന്റെ ചരമവാര്‍ഷികദിനംകൂടിയാണ് ഡിസംബര്‍ ആറ്. അന്നേ ദിവസം സംസ്ഥാനതലത്തില്‍ പ്രകടനങ്ങളും ധര്‍ണയും നടത്തുമെന്നും സി.പി.എം, സി.പി.ഐ, ഫോര്‍വേര്‍ഡ് ബ്ലോക്ക്, ആര്‍.എസ്.പി, സി.പി.ഐ (എം.എല്‍ ലിബറേഷന്‍), എസ്.യു.സി.ഐ എന്നീ പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."