ആകാശവാണിയില്‍ ടവര്‍ പുനഃസ്ഥാപിക്കാനായില്ല; പ്രക്ഷേപണം അവതാളത്തിലായിട്ട് ഒരുമാസം
തിരുവനന്തപുരം: ശക്തമായ മഴയിലും കൊടുങ്കാറ്റിലും നിലംപൊത്തിയ തിരുവനന്തപുരം കുളത്തൂര്‍ ആകാശവാണിയിലെ ടവര്‍ ഇതുവരെ പുന:സ്ഥാപിക്കാനായില്ല. നിലയത്തില്‍നിന്നുള്ള പ്രക്ഷേപണം അവതാളത്തിലായിട്ട് ഒരുമാസം കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാതെ അധികൃതര്‍. ആകാശവാണി നിലയത്തിലെ എഫ്.എം ട്രാന്‍സിസ്റ്റര്‍ വഴിയുള്ള പ്രാദേശിക പരിപാടികളുടെ പ്രക്ഷേപണം താറുമാറാകുന്നതായി ശ്രോതാക്കള്‍ പരാതിപ്പെട്ടിട്ടും പരിഹാരനടപടികള്‍ സ്വീകരിക്കാന്‍ ഇതുവരെ അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ല. തിരുവനന്തപുരം നിലയത്തിന്റെ കുളത്തൂരിലുള്ള മീഡിയം വേവ് ട്രാന്‍സിസ്റ്ററാണ് ഒരുമാസം മുന്‍പുണ്ടായ കൊടുങ്കാറ്റില്‍ തകര്‍ന്നുവീണത്.
ഇതിനിടെ കുളത്തൂരില്‍തന്നെ സ്ഥാപിച്ചിരുന്ന എഫ്.എം ട്രാന്‍സിസ്റ്റര്‍ ഉപയോഗിച്ച് താല്‍ക്കാലികമായി കുറഞ്ഞപരിധിയില്‍ പ്രക്ഷേപണം പുന:സ്ഥാപിച്ചെങ്കിലും കഴിഞ്ഞദിവസം വീണ്ടും പ്രക്ഷേപണം മുടങ്ങി. മീഡിയം വേവ് ട്രാന്‍സിസ്റ്റര്‍ തകരാറിലായതോടെയാണ് പ്രാദേശിക വാര്‍ത്തകള്‍ക്കായി ജനങ്ങള്‍ ഏറെആശ്രയിക്കുന്ന പ്രക്ഷേപണ കേന്ദ്രത്തിന്റെ അവസ്ഥ അധികൃതര്‍ക്കുപോലും വ്യക്തമാകുന്നത്. പ്രക്ഷേപണം പുന:സ്ഥാപിക്കാനായി ചെന്നൈയില്‍ നിന്നും കോടിക്കണക്കിനു രൂപ ചെലവിട്ട് ഉപകരണങ്ങള്‍ കൊണ്ടുവന്നെങ്കിലും അതിന്റെ പല ഭാഗങ്ങളും ഉപയോഗിക്കാനായില്ല.
തിരുവനന്തപുരം കൂടാതെ കൊച്ചി, തൃശൂര്‍, കോഴിക്കോട്, മഞ്ചേരി, കണ്ണൂര്‍, ദേവികുളം എന്നീ നിലയങ്ങളില്‍ എഫ്.എം വഴിയും മീഡിയം വേവ് വഴിയും പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നുണ്ട്. തിരുവനന്തപുരത്തെ പരിപാടികള്‍ റിലേ ചെയ്യുന്നത് ആലപ്പുഴയിലാണ്. രാജ്യങ്ങളിലെ ശ്രോതാക്കള്‍ക്കായി ബീമാപള്ളി ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള ഷോര്‍ട്ട് വേവ് സര്‍വിസ് ദീര്‍ഘനാളായി പ്രവര്‍ത്തനരഹിതമായിട്ടും നടപടികളൊന്നും ഉണ്ടായിട്ടില്ല. തലസ്ഥാന നിലയത്തിലെ പരിപാടികള്‍ മുടങ്ങാതിരിക്കുവാനും ഇപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്ന എഫ്.എം വഴി പ്രക്ഷേപണം കാര്യക്ഷമമാക്കാനും ആകാശവാണി മുന്‍കൈ എടുക്കണമെന്നാണ് ശ്രോതാക്കളുടെ ആവശ്യം.
1937-ല്‍ സ്ഥാപിതമായ കേരളത്തിലെ ആദ്യ റേഡിയോ സ്‌റ്റേഷനാണ് ഇവിടെയുള്ളത്. 1943-ലാണ് കുളത്തൂരിലെ മീഡിയം വേവ് ടവര്‍ ശ്രീചിത്തിര തിരുനാള്‍ മഹാരാജാവ് ഉദ്ഘാടനം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."