വേളം നസീറുദ്ദീന്‍ വധം: രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കുറ്റക്കാര്‍; ശിക്ഷ നാളെ
കോഴിക്കോട്: വേളം പുത്തലത്തെ എസ്.കെ.എസ്.എസ്.എഫ്, യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പുത്തലത്ത് നസീറുദ്ദീന്‍ (22) കൊലപാതക കേസില്‍ രണ്ടുപേര്‍ കുറ്റക്കാര്‍. ഒന്നാം പ്രതി കപ്പച്ചേരി ബഷീര്‍, രണ്ടാം പ്രതി കൊല്ലിയില്‍ അന്ത്രു എന്നിവര്‍ കുറ്റക്കാരാണെന്ന് കോഴിക്കോട് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തി. ശിക്ഷ നാളെ പ്രഖ്യാപിക്കും. കേസില്‍ അഞ്ചുപേരെ കോടതി വെറുതെ വിട്ടു.
2016 ജൂലൈ 15ന് രാത്രി ഏഴിനാണ് പ്രതികള്‍ നസീറുദ്ദീനെ കുത്തിക്കൊലപ്പെടുത്തിയത്. കൊലപാതകികളെ രക്ഷപ്പെടാന്‍ സഹായിച്ച വേളം ഒളോടിത്താഴയിലെ ഒ.ടി റഫീഖ്, വകെട്ടിലെ നടുപുത്തലത്ത് റഫീഖ്, ചമ്പേങ്ങോട്ടുമ്മല്‍ സാദിഖ്, പൂളക്കൂല്‍ സ്വദേശികളായ കുന്ന്യേലത്ത് മുഹമ്മദ്, രാമത്ത് സാബിത്ത് എന്നീ എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു.
ഒന്നാം പ്രതി കപ്പച്ചേരി ബഷീര്‍, രണ്ടാം പ്രതി കൊല്ലിയില്‍ അന്ത്രു എന്നിവര്‍ക്കെതിരേ കൊലക്കുറ്റത്തിനും മൂന്നു മുതല്‍ ഏഴുവരെ പ്രതികള്‍ക്കെതിരേ തെളിവു നശിപ്പിക്കല്‍, ഒളിസങ്കേതമൊരുക്കല്‍, കൊലപാതകം ഒളിച്ചുവയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കുറ്റപത്രത്തിലുണ്ടായിരുന്നത്. 47 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.
വേളം ചേരാപുരത്തെ അനന്തോത്ത് സലഫി മസ്ജിദിനു സമീപമുള്ള റോഡില്‍ തടഞ്ഞു നിര്‍ത്തിയാണ് നസീറുദ്ദീനെ കുത്തിക്കൊന്നത്. കേസില്‍ ഒന്നാം സാക്ഷിയും നസീറുദ്ദീന്റെ പിതൃസഹോദരപുത്രനുമായ അബ്ദുല്‍ റഊഫിന്റെ മൊഴി നിര്‍ണായകമായി. കുത്തേറ്റു വീണ നസീറുദ്ദീനെ കണ്ട പ്രദേശവാസികളായ അനന്തോത്ത് ബാലന്‍, ചാമക്കാലായി സജിലേഷ് എന്നിവര്‍ ചേര്‍ന്ന് തങ്ങളുടെ ഉടുമുണ്ടഴിച്ച് മുറിവ് കെട്ടുകയായിരുന്നു. മൂന്നും നാലും സാക്ഷികളായ ബാലന്റെയും സജിലേഷിന്റെയും മൊഴികളും കേസില്‍ പ്രധാനമായിരുന്നു.
നിസാര കാര്യങ്ങള്‍ക്ക് ചെറുപ്പക്കാരായ യുവാക്കളെ ഇല്ലാതാക്കുന്ന പ്രവണതയ്ക്ക് താക്കീത് വിധിയില്‍ വേണമെന്നും രണ്ടു പ്രതികള്‍ക്കും തുല്യശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ഥിച്ചു. നേരത്തെ ഒരു മൊബൈല്‍ ഫോണ്‍ സംബന്ധമായ കേസില്‍ നാദാപുരം കോടതിയില്‍നിന്നു ജാമ്യത്തിലിറങ്ങിയ നസീറുദ്ദിനോട് ഒന്നാം പ്രതി വധഭീഷണി മുഴക്കിയിരുന്നു. കോടതി ജാമ്യത്തില്‍ വിട്ടാലും തന്റെ കോടതിയില്‍ നിനക്ക് ജാമ്യമില്ലെന്നായിരുന്നു പ്രതിയുടെ ഭീഷണി. അതിനുശേഷമാണ് രാത്രി നസീറുദ്ദീനെ വധിച്ചതെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി സി. സുരേഷ് കുമാറാണ് കേസില്‍ വിധി പറയുന്നത്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രോസിക്യൂട്ടറായിരുന്ന സി.കെ ശ്രീധരനാണ് കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. 14 തൊണ്ടിമുതലുകളാണ് ഹാജരാക്കിയത്. സി.ഐമാരായ ലതിഷ്, സജീവന്‍, കുറ്റ്യാടി എസ്.ഐ സായൂജ് കുമാര്‍ എന്നിവരാണ് കേസന്വേഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."