പതിനഞ്ചു മണിക്കൂർ നീണ്ട അതി സങ്കീർണ്ണ ശസ്‌ത്രക്രിയ വിജയകരം; ലിബിയൻ സയാമീസ് ഇരട്ടകൾ അഹ്‌മദും മുഹമ്മദും ഇനി ഇരു മെയ്യിൽ
റിയാദ്: ലിബിയൻ സയാമീസ് ഇരട്ടകളുടെ വേർപിരിക്കൽ ശസ്‌ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. പതിനഞ്ചു മണിക്കൂർ നീണ്ട അതി കഠിനവും അതിലുപരി സങ്കീർണവുമായ ശസ്‌ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചാണ് ഇരുവരെയും ഇരു മെയ്യാക്കി വേർപ്പെടുത്തിയത്. ഇരട്ടകളുടെ ആരോഗ്യ നില വളരെ തൃപ്‌തി കാര്യമാണെന്നും ഭദ്രമാണെന്നും റോയൽ കോർട്ട് ഉപദേഷ്‌ടാവും കിംഗ് സൽമാൻ റിലീഫ് ആന്റ് ഹ്യുമാനിറ്റേറിയൻ എയിഡ് സെന്റർ സൂപ്പർവൈസർ ജനറലുമായ ശസ്‌ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ. അബ്ദുള്ള അൽറബീഅ അറിയിച്ചു. സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ പ്രത്യേക നിർദേശ പ്രകാരമാണ് ലിബിയയിൽ നിന്നും കുട്ടികളെ റിയാദിലെത്തിച്ച് ശസ്‌ത്രക്രിയക്ക് വിധേയനാക്കിയത്.
സയാമീസ് ഇരട്ടകളായ അഹമ്മദിനെയും മുഹമ്മദിനെയും മാതാപിതാക്കൾക്കൊപ്പം തുനീഷ്യ വഴിയാണ് ലിബിയയിൽ നിന്നും റിയാദിലെത്തിച്ചത്. സയാമീസ് ഇരട്ടകളെ വേർപ്പടുത്തുന്നതിൽ ചരിത്രം കുറിച്ച തലസ്ഥാന നഗരിയിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിംഗ് അബ്ദുല്ല ചിൽഡ്രൻസ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിൽ വെച്ചായിരുന്നു ശസ്‌ത്രക്രിയ. ഇവിടെ ഡോ. അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിലുള്ള 35 അംഗ മെഡിക്കൽ സംഘമാണ് കുട്ടികൾക്ക് വേർപെടുത്തൽ ശസ്‌ത്രക്രിയ നടത്തിയത്. അഹ്മദിന്റെ ആരോഗ്യനില ഭദ്രമാവുകയും ബോധം തെളിയുകയും ചെയ്‌തിട്ടുണ്ടെന്നും കുട്ടിയെ വെന്റിലേറ്ററിൽനിന്ന് മാറ്റിയിട്ടുണ്ടെന്നും ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു. രണ്ടു ദിവസത്തിനകം കുഞ്ഞ് സ്വാഭാവിക രീതിയിൽ മുലപ്പാൽ കുടിച്ച് തുടങ്ങും. മുഹമ്മദിന്റെ ആരോഗ്യ നിലയും ഭദ്രമായിട്ടുണ്ടെങ്കിലും രണ്ടോ മൂന്നോ ദിവസത്തിനുള്ളിലായിരിക്കും കുഞ്ഞിനെ വെന്റിലേറ്ററിൽനിന്ന് മാറ്റുക.
ഏറെ സന്തോഷം നൽകുന്ന കാഴ്ച്ചയായിരുന്നു തന്റെ കുട്ടികളെ രണ്ടു പേരായി കാണാൻ കഴിഞ്ഞതെന്നും ഇതെനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും കുട്ടികളുടെ മാതാവ് പ്രതികരിച്ചു. നേതൃത്വം നൽകിയ സംഘത്തിനാണു തന്റെ മുഴുവൻ പ്രാര്ഥനയുമെന്നും മാതാവ് പറഞ്ഞു. കുട്ടികളെ ആദ്യമായി രണ്ടു പേരായി കണ്ടപ്പോൾ പിതാവും സന്തോഷ കണ്ണീർ വാർത്താണ് സ്വീകരിച്ചത്. പതിനഞ്ചു മണിക്കൂർ നീണ്ട ശസ്‌ത്രക്രിയ പതിനൊന്ന് ഘട്ടമായാണ് നടന്നത്. ഇതോടെ കഴിഞ്ഞ മുപ്പത് വർഷത്തനിടെ ഇവിടെ നിന്നും ശസ്‌ത്രക്രിയ നടത്തിയ സയാമീസ് ഇരട്ടകളുടെഎണ്ണം 48 ആയി. 21 രാജ്യങ്ങളിൽ നിന്നുള്ള സയാമീസ് ഇരട്ടകളാണ് ഇവിടെ ഇതിനകം ശസ്‌ത്രക്രിയക്ക് വിധേയരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."