അര്‍ധരാത്രി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ജനത്തെ ദുരിതത്തിലാക്കി
കാസര്‍കോട്: തിരുവനന്തപുരത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് അര്‍ധരാത്രി ബി.ജെ.പി നേതൃത്വം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജനത്തെ ദുരിതത്തിലാക്കി. ഹര്‍ത്താല്‍ പ്രഖ്യാപനം പലരും അറിഞ്ഞത് രാവിലെ ഉണര്‍ന്നപ്പോഴാണ്. ഇതോടെ അതിരാവിലെ തന്നെ പെട്രോള്‍ പമ്പുകളെല്ലാം വാഹനങ്ങളെ കൊണ്ടു നിറഞ്ഞെങ്കിലും പമ്പുകളില്‍ ഇന്ധന വിതരണം ഉണ്ടായിരുന്നില്ല.
ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ അതിരാവിലെ തന്നെ ജീവനക്കാര്‍ പമ്പുകള്‍ തുറന്നെങ്കിലും ഹര്‍ത്താലാണെന്നു ബോധ്യപ്പെട്ടതോടെ ഇന്ധന വിതരണം നടത്താതെ പൂട്ടുകയായിരുന്നു. തുറന്നു വച്ച പമ്പുകളില്‍ നിന്നു ഇന്ധനം നല്‍കാതെ വന്നതോടെ ജീവനക്കാരും ഉപഭോക്താക്കളും തമ്മില്‍ വാക്കുതര്‍ക്കങ്ങള്‍ ഉടലെടുക്കുകയും ചെയ്തു. അപ്രതീക്ഷിതമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ വിവിധ ചടങ്ങുകള്‍ക്കു വേണ്ടി പോകാനിരുന്ന ഭൂരിഭാഗം ആളുകള്‍ക്കും ഇതൊഴിവാക്കേണ്ടി വന്നു.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി നേതൃത്വത്തില്‍ കാസര്‍കോട്, കാഞ്ഞങ്ങാട്, ഉദുമ,നീലേശ്വരം തുടങ്ങി വിവിധ ഭാഗങ്ങളില്‍ പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."