സമാധാനകാംക്ഷികള്‍ ജാഗ്രത പുലര്‍ത്തണമെന്ന്
പാലക്കാട്: പരസ്പരം കൊലയും അക്രമവും അഴിച്ചുവിട്ട് കേന്ദ്ര ഭരണകക്ഷിയും സംസ്ഥാന ഭരണകക്ഷിയും കേരളത്തെ കലാപഭൂമിയാക്കി മാറ്റാനുള്ള ഹീനശ്രമങ്ങള്‍ക്കെതിരെ സമാധാനകാംക്ഷികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ എ രാമസ്വാമി പറഞ്ഞു. സി പി എം-ബി ജെ പി അക്രമത്തില്‍ പ്രതിഷേധിച്ച് യു ഡി എഫ് പാലക്കാട് നിയോജക മണ്ഡലം കമ്മിറ്റി സ്റ്റേഡിയം ബസ്സ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് നിയമവാഴ്ച പൂര്‍ണമായും തകര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പില്‍ തുടരണമോ എന്ന കാര്യം ഇടതുമുന്നണി ഗൗരവമായി ചിന്തിക്കണം. കേരളത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത വിധത്തിലാണ് മുഖ്യമന്ത്രിയെയും പൊലീസ് മേധാവിയെയും ഗവര്‍ണര്‍ നേരിട്ട് വിളിപ്പിച്ചത്. ഇതില്‍ കേന്ദ്ര-സംസ്ഥാന ഭരണകക്ഷികള്‍ക്ക് തുല്യപങ്കാണുള്ളതെന്നും രാമസ്വാമി കൂട്ടിച്ചേര്‍ത്തു. യു ഡി എഫിന്റെ നേതൃത്വത്തില്‍ സി പി എം-ബി ജെ പി അക്രമത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഉപവാസ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൂടിയായിരുന്നു പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചത്. പാലക്കാട് നിയോജക മണ്ഡലം യു ഡി എഫ് ചെയര്‍മാന്‍ പി ബാലഗോപാല്‍ അധ്യക്ഷനായിരുന്നു. എം എം ഹമീദ്, കെ പി സി സി സെക്രട്ടറി സി ചന്ദ്രന്‍, ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി ബി രാജേന്ദ്രന്‍ നായര്‍, പി വി രാജേഷ്, സുമേഷ് അച്യുതന്‍, വിജയന്‍ പൂക്കാടന്‍, വി രാമചന്ദ്രന്‍, എ ബാലന്‍, കെ ഭവദാസ്, കെ ബാലചന്ദ്രന്‍, പി നന്ദപാലന്‍, മുസ്ലീംലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ടി എ അബ്ദുള്‍ അസീസ്, എസ് എം നാസര്‍, കെ കാജാഹുസൈന്‍, ആസാദ് വൈദ്യര്‍ സംബന്ധിച്ചു. പി കോയക്കുട്ടി നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."