സുലിലിന്റെ കൊലപാതകം; പ്രതികളെ റിമാന്‍ഡ് ചെയ്തു
മാനന്തവാടി: തിരുനന്തപുരം ആറ്റിങ്കല്‍ സ്വദേശി സുലിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു. മുഖ്യ കുറ്റാരോപിതയും, സുലില്‍ താമസിച്ചു വന്നിരുന്ന കൊയിലേരിയിലെ വീട്ടുടമസ്ഥയുമായ യുവതിയെ ഇന്നലെയും പൊലിസ് ചോദ്യം ചെയ്തു.
യുവാവില്‍ നിന്നും ലക്ഷങ്ങള്‍ കൈവശപ്പെടുത്തുകയും പിന്നീട് പണം തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളുടെയും പശ്ചാത്തലത്തിലാണ് യുവാവിന്റെ കൊലപാതകം നടന്നതെന്ന് ഉറപ്പിക്കുന്ന പോലിസിന് യുവതിയില്‍ നിന്നും ഇതുവരെ തൃപ്തികരമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന.
കൊലപാതകത്തിലേക്ക് നയിച്ച ഗൂഢാലോചനയിലും മറ്റ് ആസൂത്രണങ്ങളിലും തനിക്ക് യാതൊരു പങ്കുമില്ലെന്ന വിധത്തിലുള്ള മൊഴികളാണ് യുവതി ചോദ്യം ചെയ്യലില്‍ നല്‍കുന്നത്. എന്നാല്‍ കൊലപാതക കുറ്റമാരോപിച്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തവര്‍ പൊലിസിന് നല്‍കിയ മൊഴികളില്‍ യുവതിയുടെ പങ്ക് വ്യക്തമാണ്. യുവതിയുടെ വീട്ടുജോലിക്കാരി കൂടിയായ പ്രതി അമ്മുവിന് രണ്ട് ലക്ഷം രൂപ ക്വട്ടേഷന്‍ നല്‍കിയാണ് യുവതി സുലിലിനെ വധിക്കാനുള്ള ഗൂഡാലോചന നടത്തിയതെന്ന് വ്യക്തമായിരിക്കെ യുവതിക്കെതിരേ അറസ്റ്റടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായി വേണ്ടത്ര തെളിവുകള്‍ ശേഖരിക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് പൊലിസ്.
സുലിലിന്റെ കൈവശമുണ്ടായിരുന്ന 40 ലക്ഷത്തോളം രൂപ ഭര്‍തൃമതി കൂടിയായ യുവതി തട്ടിയെടുത്തതായി സുലിലിന്റെ സഹോദരന്‍ സംഭവ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ സുലീലിന്റെയും, യുവതിയുടേയും ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കകയും ചെയ്തിരുന്നു.
പ്രദേശവാസികള്‍ ഒന്നടങ്കം യുവതിക്കെതിരേ ആരോപണവുമായി ഇപ്പോഴും രംഗത്തുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങളെ തന്ത്രപൂര്‍വം നേരിടുന്ന യുവതിയുടെ പ്രതികരണം പൊലിസിനെ വലക്കുകയാണ്.
അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത കൊയിലേരി ഊര്‍പ്പള്ളി സ്വദേശികളായ മണിയാറ്റിങ്കല്‍ പ്രശാന്ത് എന്ന ജയന്‍, വേലികോത്ത് കുഞ്ഞിമാളു എന്ന അമ്മു, പൊയില്‍ കോളനി കാവലന്‍ എന്നിവരെ മാനന്തവാടി സെക്കന്റ് ക്ലാസ് മജിസ്ട്രട്ട് കോടതി റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് അമ്മുവിനെ വൈത്തിരി സബ് ജയിലിലേക്കും, മറ്റ് രണ്ട് പേരെ മാനന്തവാടി ജില്ലാ ജയിലിലേക്കും മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."