അഫ്ഗാനില്‍ കീഴടങ്ങിയവരില്‍ നിമിഷ ഫാത്തിമയും ഉണ്ടെന്ന് മാതാവ്
തിരുവനന്തപുരം: അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങിയ ഐ.എസ് അനുകൂലികളില്‍ തിരുവനന്തപുരത്ത് നിന്ന് കാണാതായ നിമിഷ ഫാത്തിമയും ഉള്‍പ്പെടുന്നുവെന്ന് അമ്മ ബിന്ദു. കഴിഞ്ഞദിവസം എന്‍.ഐ.എ നല്‍കിയ ചില ഫോട്ടോകള്‍ നിമിഷ ഫാത്തിമയുടേതാണെന്ന് അമ്മ ബിന്ദു തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.ഭര്‍ത്താവ് പാലക്കാട് സ്വദേശി ഇസയ്‌ക്കൊപ്പം 2017ലാണ് നിമിഷ ഫാത്തിമ നാടുവിട്ടത്. ഇവര്‍ ഐ.എസില്‍ ചേരാന്‍ പോയതാണെന്ന്് അന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനില്‍ മലയാളികള്‍ ഉള്‍പ്പെടെ ഐ.എസ് അനുകൂലികള്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇവരില്‍ തിരുവനന്തപുരം സ്വദേശിനിയായ നിമിഷ ഫാത്തിമയും ഉള്‍പ്പെടുന്നതായാണ് ബിന്ദുവിന്റെ സ്ഥിരീകരണം.
കഴിഞ്ഞ ദിവസം ചില ഫോട്ടോകള്‍ എന്‍.ഐ.എ തനിക്ക് അയച്ചു തന്നിരുന്നതായി ബിന്ദു പറഞ്ഞു. നിമിഷയുടെ ഭര്‍ത്താവും മകളും അതിലുണ്ട്. ബുര്‍ഖയിട്ട ഒരു സ്ത്രീയുടെ മടിയിലാണ് നിമിഷയുടെ മകള്‍ ഇരിക്കുന്നത്. ബുര്‍ഖയിട്ട സ്ത്രീ തന്റെ മകളായിരിക്കുമെന്ന് വിശ്വസിക്കുന്നു. കൂടെയുള്ള സ്ത്രീകളും മുഖം മറച്ച നിലയിലായിരുന്നു. അതുകൊണ്ട് അവരെയൊന്നും തിരിച്ചറിയാന്‍ പറ്റിയില്ലെന്നും ബിന്ദു പറയുന്നു.
ഫോട്ടോകള്‍ തിരിച്ചറിഞ്ഞ കാര്യം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. തിരിച്ചുവന്നാല്‍ അവര്‍ക്കെതിരേ നിയമനടപടികള്‍ ഉണ്ടാകും. എന്‍.ഐ.എയുടെ എല്ലാ നടപടികളുമായും സഹകരിക്കും. നിയമ നടപടികള്‍ എല്ലാം പൂര്‍ത്തിയാക്കി അവരെ സുരക്ഷിതമായി തിരിച്ചുകിട്ടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ബിന്ദു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."