HOME
DETAILS
MAL
മാന്ത്രിക വിരലുകളുമായി നടരാജന്‍ ആചാരി
backup
November 30 2019 | 06:11 AM
കാഞ്ഞങ്ങാട്: മദ്ദളത്തില്‍ നിലയ്ക്കാത്ത വിരലുകളുമായി മാന്ത്രികത തീര്‍ത്ത് നാല് പതിറ്റാണ്ട് പിന്നിട്ട് ഒരു കലാകാരന്‍. കലോത്സവ വേദികളില്‍ കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി കഥകളി വേഷക്കാര്‍ക്കൊപ്പം കൊട്ടിയാടുന്ന ഓയൂര്‍ രാജന്‍ എന്ന നടരാജന്‍ ആചാരിയാണ് പ്രശസ്തികളാഗ്രഹിക്കാതെ കലയെ മാത്രം പ്രണയിച്ച് ജീവിക്കുന്നത്. കലോത്സവ വേദികളിലെ മദ്ദള വായനയില്‍ രജത ജൂബിലി വര്‍ഷത്തിലാണ് കൊല്ലം കടയ്ക്കല്‍ ഓയൂര്‍ സ്വദേശിയായ ഈ 68കാരന്‍ കലാകാരന്‍. 28 വയസില്‍ മദ്ദളം സ്വന്തമായി വായിച്ച് തുടങ്ങിയ നടരാജന്‍ ആചാരി തന്റെ സ്വപ്രയത്‌നത്തിലാണ് മികച്ച മദ്ദളക്കാരനായി മാറിയത്. തെക്കന്‍ സമ്പ്രദായത്തില്‍ കീരിക്കാട് മുരളിയില്‍ നിന്നും വടക്കന്‍ സമ്പ്രദായത്തില്‍ കലാമണ്ഡലം വേണുക്കുട്ടനില്‍ നിന്നും രണ്ട് മാസത്തോളം പരിശീലനം പിന്നീട് നേടിയിരുന്നു. തുടര്‍ന്നിങ്ങോട്ട് മദ്ദളത്തില്‍ മാന്ത്രികത കാട്ടി ആചാരി 40 വര്‍ഷങ്ങള്‍ പിന്നിട്ടു. ഉത്സവങ്ങള്‍ക്കും മറ്റും കേളി, മദ്ദളക്കേളി, പഞ്ചവാദ്യം, കഥകളി, കൃഷ്ണനാട്ടം, പദക്കച്ചേരി സംഘങ്ങള്‍ക്കൊപ്പമെല്ലാം മദ്ദളത്തില്‍ മാസ്മരികത തീര്‍ക്കാറുണ്ട് ആചാരി. പല മേളപ്രയോഗങ്ങളിലും സവിശേഷമായ സ്ഥാനം അലങ്കരിക്കുന്ന ഒരു വാദ്യമാണ് മദ്ദളം. രണ്ട് കൈയും ഉപയോഗിച്ചാണ് മദ്ദളം കൊട്ടുന്നത്. ഇടന്തലയ്ക്കല്‍ വലതുകൈയും വലന്തലയ്ക്കല്‍ ഇടത് കൈയും ഉപയോഗിച്ചാണ് കൊട്ടുക. കേരളീയ വാദ്യങ്ങളില്‍ മദ്ദളത്തിനു മാത്രമേ ഇങ്ങനെ വിരലുകളില്‍ ചുറ്റുകള്‍ ഇടുന്ന പതിവുള്ളൂവെന്നും നടരാജന്‍ ആചാരി പറയുന്നു.
എന്നാല്‍ ഇത്രയും പ്രധാനപ്പെട്ട ഒരു വാദ്യോപകരണത്തില്‍ നാല്‍പതാണ്ട് വായന തുടരുന്ന തന്നെത്തേടി അംഗീകാരങ്ങളൊന്നും വന്നിട്ടില്ല. എന്നാല്‍ അതില്‍ തനിക്ക് പരാതിയൊന്നുമില്ലെന്നും നടരാജന്‍ ആചാരി പറയുന്നു. ഭാര്യ വസന്തകുമാരിക്കും ദിവ്യ, ദീപുരാജ് എന്നീ മക്കളുമടങ്ങുന്ന കുടുംബത്തിനൊപ്പം കഴിയുന്ന നടരാജന്‍ ആചാരിക്ക് തന്റെ കഴിവുകളെ അംഗീകരിക്കാന്‍ ഇത്രകാലമായും ആരുമെത്തിയില്ലെന്ന ചെറിയ ദുഃഖം ഉള്ളിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."