HOME
DETAILS

പശുരാഷ്ട്രീയം തിരിഞ്ഞുകുത്തുന്നു

  
backup
August 08 2016 | 20:08 PM

%e0%b4%aa%e0%b4%b6%e0%b5%81%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af%e0%b4%82-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81%e0%b4%95

പശുവിന്റെ പേരിലുള്ള രാഷ്ട്രീയം കൈവിട്ടുപോവുകയാണെന്ന തിരിച്ചറിവില്‍ ഗോസംരക്ഷകര്‍ക്കെതിരേ പ്രസ്താവനകളുമായി രംഗത്തെത്തിയിരിക്കുകയാണ് ആര്‍.എസ്.എസ് ആശിര്‍വാദത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ വിഷയത്തിലുള്ള തന്റെ ദീര്‍ഘനാളത്തെ മൗനംവെടിഞ്ഞ് ആദ്യവെടി പൊട്ടിക്കുവാന്‍ പ്രധാനമന്ത്രി തെരഞ്ഞെടുത്ത വേദിയും സമയവും സന്ദര്‍ഭോചിതമായി. ഗോസംരക്ഷണസമിതിയുടെ പേരില്‍ തെരുവിലിറങ്ങി അക്രമം നടത്തുന്നവര്‍ പകല്‍ സമയങ്ങളില്‍ ഗോസംരക്ഷകരും രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധരുമാണെന്നാണ് അദ്ദേഹം കഴിഞ്ഞദിവസം ന്യൂഡല്‍ഹി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച 'എന്റെ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം' എന്ന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തവേ പറഞ്ഞത്.

തെരുവില്‍ ഇറങ്ങി ഗോസംരക്ഷണത്തിന്റെ പേരില്‍ അക്രമം നടത്തുന്നവര്‍ക്കെതിരേ വാക്കുകള്‍കൊണ്ടാണു പ്രധാനമന്ത്രിയുടെ രോഷപ്രകടനം. നടപടികളൊന്നും ഉണ്ടായിട്ടില്ല. ഇത്തരം ആളുകള്‍ക്കെതിരേ അതതു സംസ്ഥാനങ്ങള്‍ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞുവച്ചിട്ടുമുണ്ട്. ഈയൊരു നീക്കം ദലിതരോടു തോന്നിയ സഹതാപം കൊണ്ടാണെന്നു വിശ്വസിക്കാനാവില്ല. കാലിനടിയിലെ മണ്ണു ചോര്‍ന്നുപോകുന്നുവെന്ന യാഥാര്‍ഥ്യം ബി.ജെ.പിയും ആര്‍.എസ്.എസും മനസ്സിലാക്കിയതിന്റെ പശ്ചാതലത്തിലാണു പശുനയം തിരുത്തുന്നതിനുപകരം രീതി ഒന്നു മാറ്റിപിടിക്കാന്‍  ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും പ്രേരിപ്പിച്ചത്.

ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ഥിയും ദലിത് വിദ്യാര്‍ഥി സംഘടനാ നേതാവുമായിരുന്ന രോഹിത് വെമൂല കോളജ് അധികൃതരുടെ ദലിത് പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തപ്പോഴൊന്നും പ്രധാനമന്ത്രി പ്രതികരിച്ചിരുന്നില്ല. തുടര്‍ന്ന്, ബി.ജെ.പി ദലിതരോടും മുസ്‌ലിം ന്യൂനപക്ഷങ്ങളോടും അനുവര്‍ത്തിച്ചുപോന്ന അസഹിഷ്ണുത നിലപാടിനെതിരേ രാജ്യമൊട്ടാകെ പ്രതിഷേധങ്ങള്‍ ആഞ്ഞടിച്ചപ്പോഴും ഇത്തരം പ്രക്ഷോഭങ്ങളാല്‍ രാജ്യം ഇളകിമറിഞ്ഞപ്പോഴും പ്രധാനമന്ത്രിയോ ബി.ജെ.പിയോ മൗനം ഭഞ്ജിച്ചിരുന്നില്ല. ഇതുവരെ ഉണ്ടായ ഗോസംരക്ഷണ സമിതിയുടെ ആക്രമണങ്ങള്‍ക്കെതിരേയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും പ്രതികരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ആദ്യം നടന്ന ആക്രമണം ഉത്തര്‍പ്രദേശിലെ ദാദ്രിയിലായിരുന്നു. മുഹമ്മദ് അഖ്‌ലാഖിന്റെ വീട്ടില്‍ പശുമാംസം സൂക്ഷിച്ചുവെന്നാരോപിച്ച് ഒരുകൂട്ടം വി.എച്ച്.പി പ്രവര്‍ത്തകര്‍ ആ പാവം മനുഷ്യനെ തല്ലിക്കൊല്ലുകയായിരുന്നു. ആര്‍.എസ്.എസും ബി.ജെ.പിയും അപ്പോഴും പ്രതികരിച്ചിരുന്നില്ല.

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ പ്രസ്തുത സംഭവം മേല്‍ക്കൈ നേടിത്തരുമെന്നായിരുന്നു ബി.ജെ.പി കരുതിയിരുന്നത്. എന്നാല്‍, ബീഹാറില്‍ നിതീഷ് കുമാറും ലാലുപ്രസാദ് യാദവും ഒറ്റക്കെട്ടായിനിന്നു ബി.ജെ.പിയുടെ കുതന്ത്രങ്ങള്‍ പരാജയപ്പെടുത്തി. ജനതാപരിവാര്‍ സഖ്യം അധികാരത്തില്‍വരികയും ചെയ്തു. ഗുജറാത്തിലെ ഉള്‍പ്രദേശത്തു രണ്ടു ദലിതരെ ചത്ത പശുവിന്റെ തൊലിയുരിച്ചു എന്നാരോപിച്ചു സവര്‍ണരായ വി.എച്ച്.പി പ്രവര്‍ത്തകര്‍ പച്ചയ്ക്കു പൊതിരെ തല്ലുന്നതു ദൃശ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ ദലിത് പ്രക്ഷോഭം ആളിപ്പടരുകയായിരുന്നു. അത് ഉത്തരേന്ത്യ മുഴുവന്‍ വ്യാപിച്ചുകൊണ്ടിരിക്കുകയുമാണ്.

പശു സംരക്ഷണത്തിന്റെ പേരില്‍ ദലിതര്‍ക്കും മുസ്‌ലിംകള്‍ക്കും നേരെ സവര്‍ണരായ വി.എച്ച്.പി പ്രവര്‍ത്തകര്‍ നടത്തുന്ന അക്രമങ്ങള്‍ക്ക് എതിരേ പ്രധാനമന്ത്രിയില്‍നിന്നുണ്ടായതുപോലുള്ള പ്രതികരണങ്ങള്‍ നേരത്തെ ഒരുപക്ഷെ വി.എച്ച്.പി പ്രതീക്ഷിക്കാത്തതുമാണ്. ദലിതരുടെ പ്രക്ഷോഭം ഗുജറാത്തും ഉത്തര്‍പ്രദേശും കടന്നു ഉത്തരേന്ത്യവരെ വ്യാപിക്കാന്‍ തുടങ്ങിയപ്പോഴാണ് ബി.ജെ.പിക്ക് കണ്ണു തള്ളിയത്. അടുത്ത വര്‍ഷം യു.പിയിലും ഗുജറാത്തിലും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ദലിതരുടെയും ന്യൂനപക്ഷങ്ങളുടെയും നിലപാടുകള്‍ നിര്‍ണായകമായിരിക്കുമെന്നതില്‍ സംശയമില്ല. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോള്‍ പശു സംരക്ഷകര്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ദലിത് പ്രക്ഷോഭം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാനാവുന്നില്ലെങ്കില്‍ രണ്ടു സംസ്ഥാനങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്ക് നിലംതൊടാനാവുകയില്ല. ദലിത് രാഷ്ട്രീയത്തിന്റെ ഏകീകരണവും സ്വത്വബോധം അവരില്‍ രൂഢമൂലമാവുന്നതും ബി.ജെ.പി തിരിച്ചറിഞ്ഞിരിക്കുന്നു. ഇതിനെ തുടര്‍ന്നാണ് ദലിതരെ സഹോദരങ്ങള്‍ എന്നുവരെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി തയ്യാറായത്. ഡല്‍ഹി ടൗണ്‍ ഹാള്‍ പ്രസംഗംകൊണ്ട് അവസാനിപ്പിക്കാതെ തെലുങ്കാനയിലും കഴിഞ്ഞ ദിവസം നരേന്ദ്രമോദി പശുസംരക്ഷകര്‍ക്കെതിരെ പ്രതിഷേധിച്ചതും ഇതുകൊണ്ടാണ്. ദലിത് സഹോദരങ്ങളെ ഒഴിവാക്കി എന്നെ ആക്രമിക്കൂ എന്ന് പറയുവാന്‍ വരെ പ്രധാനമന്ത്രി തയ്യാറാകണമെങ്കില്‍ ആര്‍.എസ്.എസിന്റെ നിര്‍ദ്ദേശം അദ്ദേഹം ശിരസാവഹിക്കുകയാണെന്നതിന് യാതൊരു സംശയവുമില്ല. ഝാര്‍ഖണ്ഡിലെ ഡെല്‍റ്റാ ലോഞ്ചില്‍ രണ്ടും മുസ്‌ലിം ചെറുപ്പക്കാരെ വ്യാജ പശുപ്രേമികള്‍ പശുക്കളെ കടത്തി എന്നാരോപിച്ച് കൊന്ന് കെട്ടിത്തൂക്കിയിട്ട് പോലും ഒരക്ഷരം മിണ്ടാത്ത പ്രധാനമന്ത്രി ഇപ്പോള്‍ പശുസംരക്ഷണത്തിന്റെ പേരില്‍ അക്രമം അഴിച്ചുവിടുന്നവര്‍ക്കെതിരില്‍ പ്രതിഷേധിക്കുന്നത് തിരിച്ചറിയപ്പെടും. ഹരിയാനയിലെ സോനെപത് രാജസ്ഥാനിലെ ചിറ്റോര്‍ഗഡ് എന്നിവിടങ്ങളിലും വ്യാജ പശുപ്രേമികള്‍ ദലിതര്‍ക്കും മുസ്‌ലിംകള്‍ക്കും നേരെ ആക്രമണങ്ങള്‍ അഴിച്ചുവിട്ടപ്പോഴും നരേന്ദ്രമോദിയോ ബി.ജെ.പിയോ മിണ്ടിയിരുന്നില്ല. സംസ്ഥാനങ്ങള്‍ കൈവിട്ടുപോകുകയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ കേവലം രാഷ്ട്രീയ ലാഭത്തിന് വേണ്ടി മാത്രമാണിപ്പോള്‍ പശു സംരക്ഷകര്‍ക്കെതിരെ അവര്‍ രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധരാണെന്ന പ്രസ്താവനയുമായി പ്രധാനന്ത്രി രംഗത്തെത്തിയിരിക്കുന്നത്. അവഗണിക്കപ്പെടുന്ന ദലിതരെ സംരക്ഷിക്കണമെന്നുവരെ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്. ദലിതര്‍ അവഗണന പേറാന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. അവഗണനയുടെ നുകവും പേറി കാലങ്ങളിലൂടെ ദുരിത ജീവിതം നയിച്ചുകൊണ്ടിരിക്കുന്ന ദലിതരോട് പൊടുന്നനെ  പ്രധാനമന്ത്രിക്കുണ്ടായ  അനുതാപവും കരുണാര്‍ദ്രമായ വാക്കുകളും യു.പി തെരഞ്ഞെടുപ്പ് കഴിയുന്നതോടെ അസ്തമിക്കുമോ യു.പി നിയമസഭാ തെരഞ്ഞെടുപ്പും, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പും കഴിഞ്ഞാലറിയാം ദലിതര്‍ക്ക് പകരം തന്നെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്ത പ്രധാനമന്ത്രിയുടെ വാക്കുകളുടെ പൊരുള്‍. വീണ്ടുമൊരു മൗനത്തിന്റെ വാല്‍മീകം തീര്‍ത്ത് അദ്ദേഹം അതിനുള്ളില്‍ സുരക്ഷിതനായി കഴിയുമെന്നുതന്നെ വേണം കരുതാന്‍. പശുരാഷ്ട്രീയം ബി.ജെ.പിയെ തിരിഞ്ഞുകുത്താന്‍ തുടങ്ങിയ പശ്ചാതലത്തില്‍ പ്രധാനമന്ത്രിയുടെ ഇപ്പോഴത്തെ ദലിത് പ്രേമം യു.പി, ഗുജറാത്ത് തെരഞ്ഞെടുപ്പിനെ ആശ്രയിച്ചാണിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  11 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  11 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  11 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  11 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  11 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  11 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  12 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  12 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  12 days ago