അനധികൃത മദ്യവില്‍പന: മൂവാറ്റുപുഴയിലും അങ്കമാലിയിലും ഒരാള്‍ വീതം പിടിയില്‍
അങ്കമാലി: അനധികൃതമായി മദ്യവില്‍പ്പന നടത്തിയ ആളെ അങ്കമാലി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. അങ്കമാലി മങ്ങാട്ടുകര ചെറുമീത്തില്‍ പൗലോസി (56) നെയാണ് ഇന്നലെ എക്‌സൈസ് സംഘത്തിന്റെ നേതൃത്യത്തില്‍ അറസ്റ്റ് ചെയ്തത്.
ഇയാള്‍ വില്‍ക്കാനായി 11 കുപ്പികളിലാക്കി സൂക്ഷിച്ചിരുന്ന അഞ്ചര ലിറ്റര്‍ വിദേശമദ്യവും 1200 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പരിശോധനയ്ക്ക് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രശാന്ത് , പ്രിവന്റീവ് ഓഫിസര്‍മാരായ പി.കെ ബിജു , എം.കെ ഷാജി , സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ടി.ഡി ജോസ് , സി എന്‍ രാജേഷ് ,പ്രദീപ് കുമാര്‍ , വി.പി വിജു തുടങ്ങിയവര്‍ നേത്രത്വം നല്‍കി.
മൂവാറ്റുപുഴ: തൊടുപുഴ-മുവാറ്റുപുഴ റോഡില്‍ ഹോസ്റ്റല്‍ പടിയില്‍ അനധികൃതമായി മദ്യവില്‍പന നടത്തിവന്നയാള്‍ എക്‌സൈസ് പിടിയിലായി. ആവോലി ഹോസ്റ്റല്‍ പടി ജങ്ഷനില്‍ താമസിക്കുന്ന പാറപ്പുറത്ത് വീട്ടില്‍ രവിയാണ് മുവാറ്റുപുഴ റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.കെ രഘുവിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപസ്ഥലങ്ങളില്‍ വ്യാപകമായ രീതിയില്‍ മദ്യത്തിന്റെയും, മയക്കുമരുന്നുകളുടെയും ലഭ്യതയും, ഉപഭോഗവും വര്‍ധിച്ച് വരുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് മുവാറ്റുപുഴ എക്‌സൈസ് നടത്തി വരുന്ന പരിശോധനയിലാണ് പ്രതി പിടിയിലായത്.
ഓഗസ്റ്റ് ഒന്നാം തീയതിയിലെ ഡ്രൈഡേയോടനുബന്ധിച്ച് വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച് വച്ചിരുന്ന 14.200 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം ഉള്‍പ്പെടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ കുറേ നാളുകളായി എക്‌സൈസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു പ്രതി രവിയെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. മുവാറ്റുപുഴ ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റ്റി.ഡി സജീവന്‍, പ്രിവന്റീവ് ഓഫിസര്‍മാരായ പി.കെ സുരേന്ദ്രന്‍, പി.വി ചാള്‍സ് ക്ലാര്‍വിന്‍, സി.ഇ.ഒമാരായ പി.ഇ ഉമ്മര്‍, വി.ഉന്മേഷ്, എം.എം ഷെബീര്‍, കെ.എ റസ്സാക്ക്, പി.ബി മാഹിന്‍ എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്. അന:ധികൃതമായ മദ്യ, മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ 04852836717 എന്ന നമ്പരില്‍ അറിയിക്കണമെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
നെടുമ്പാശ്ശേരിയിലും ഒരാള്‍ പിടിയില്‍
നെടുമ്പാശ്ശേരി: അവധി ദിവസങ്ങളില്‍ നെടുമ്പാശേരി മേഖലയില്‍ അനധികൃത മദ്യ വില്‍പ്പന നടത്തി വന്നയാള്‍ പൊലിസ് പിടിയിലായി. നെടുമ്പാശേരി ആവണംകോട് തണ്ടുകുളം വീട്ടില്‍ സുരേഷ് ചാത്തന്‍ (43)ആണ് നെടുമ്പാശേരി പൊലിസിന്റെ പിടിയിലായത്. നെടുമ്പാശേരി സി.ഐ പി.എം ബൈജുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് എസ്.ഐ സോണി മത്തായിയുടെ നേതൃത്വത്തിലാണ് ആവണംകോട് ഭാഗത്ത് നിന്ന് ഇയാള്‍ പിടിയിലായത്. പിടിയിലാകുമ്പോള്‍ ഇയാളുടെ കൈവശം ഒരു ലിറ്ററില്‍ അധികം വിദേശമദ്യം സൂക്ഷിച്ചിരുന്നു. വില്‍പ്പനയാണ് ഉദ്ദേശമെന്ന് പ്രതി സമ്മതിച്ചതായും പൊലീസ് പറഞ്ഞു. പ്രതിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."