ഇശല്‍പാടും പള്ളീലച്ഛന്‍
ഞാന്‍ എങ്ങനെ മാപ്പിളപ്പാട്ടുകാരനായി എന്ന് എനിക്കറിയില്ല. അത് അല്ലാഹുവിന്റെ നിശ്ചയം, അല്ലാതെന്തുപറയാന്‍?' പടിഞ്ഞാറെ മാനത്തുദിച്ച പതിനാലാം രാവിന്റെ പരിശുദ്ധിപോലെ ചുണ്ടില്‍ വിരിയുന്ന പാല്‍പുഞ്ചിരിക്കൊപ്പം കാഷായ വസ്ത്രധാരിയായ നീണ്ടുമെലിഞ്ഞ ക്രൈസ്തവപുരോഹിതന്‍ സൊവേറിയോസ് അച്ഛന്റെ നാവില്‍നിന്ന് ഈ വാക്കുകള്‍ പുറത്തേക്കുവരുമ്പോള്‍ മാപ്പിളപ്പാട്ടിന്റെ ഇശല്‍ തേന്‍കണവും മെല്ലെ പുറത്തേക്കൊഴുകി. മൈലാഞ്ചിപ്പാട്ട്, മാലപ്പാട്ട്, ഒപ്പനപ്പാട്ട്, കല്യാണപ്പാട്ട്, ബദര്‍പാട്ട്, പടപ്പാട്ട്, അപ്പപ്പാട്ട്, കെസ്സുപാട്ട്, മാലപ്പാട്ട് തുടങ്ങി എല്ലാമെല്ലാം അണമുറിയാതെ മൊഞ്ചുള്ള ആ സ്വരമാധുരിയിലുണ്ടായിരുന്നു. അത്തരം പാട്ടുകളുടെ അഗാഥതലങ്ങളിലേക്കിറങ്ങിച്ചെന്ന് അതിന്റെ തായ്‌വേരുതേടുന്ന അച്ഛന്‍ ഇനി ഖവാലിയും ഹിന്ദുസ്ഥാനി സംഗീതവും കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിലാണ്. അതിനായി അദ്ദേഹം അജ്മീര്‍ ദര്‍ഗയിലും പോയി. ബംഗാളി സംഗീതജ്ഞന്‍ അഭ്രദിതാ ബാനര്‍ജിയുടെ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് ഹിന്ദുസ്ഥാനി സംഗീതം അഭ്യസിക്കുന്നത്. കര്‍ണാടിക് സംഗീതവും കുറെ സായത്തമാക്കിക്കഴിഞ്ഞു.
പാടീ ഞാന്‍, ഒരു പാട്ട് തന്നാലേ
'മലബാറില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ തബലിസ്റ്റ് പി.കെ രമേശന്റെ വീട്ടില്‍ താമസിക്കാന്‍ ഇടയായി. അവിടെവച്ച് ഞാന്‍ വെറുതെ ഒരു മൈലാഞ്ചിപ്പാട്ടു പാടി. സുഹൃത്തുക്കളായ കൊടുങ്ങല്ലൂര്‍ സ്വദേശി ഷെഹിനും കോതമംഗലം സ്വദേശി ഷെരീഫും ചേര്‍ന്ന് ഞാന്‍ അറിയാതെ ആദ്യം അത് വാട്‌സ്ആപ്പ് ഗ്രൂപ്പിലും പിന്നീട് യൂട്യൂബിലും ഇട്ടു. അത് ഇത്ര വൈറലാകുമെന്ന് ഞാന്‍ സ്വപ്നത്തില്‍പ്പോലും കരുതിയില്ല. തന്നെയുമല്ലാ അത് എന്റെ ജീവിതത്തെതന്നെ മാറ്റിമറിച്ചു. ഇപ്പോള്‍ പ്രതീക്ഷക്കപ്പുറമുള്ള വലിയ സുഹൃദ്‌വലയങ്ങളുടെ നടുവിലുമായി ഞാന്‍. ആവശ്യത്തിലേറെ പ്രശസ്തിയുമായി. സംഗീതസാന്ദ്രമായ സങ്കൃതപമഗരി എന്ന മാപ്പിളപ്പാട്ട് പാടി യൂട്യൂബിലൂടെ പുറത്തേക്കു വന്നപ്പോള്‍ അതിന്റെ ശ്രോതാക്കളായി ലോകത്തെമ്പാടുമുണ്ടായത് 48 ലക്ഷം പേരാണ്'- പത്തനംതിട്ട മല്ലപ്പള്ളി ആനിക്കാട് മാര്‍ഗ്രീഗോറിയോസ് ആശ്രമം അംഗമായ ചെങ്ങന്നൂര്‍ പാണ്ടനാട് പ്രയാര്‍ ഇഞ്ചക്കാട്ടില്‍ സൊവേറിയോസ് തോമസ് എന്ന 33 കാരന്‍ ആനന്ദംകൊള്ളുന്നു.
മാപ്പിളപ്പാട്ടിന്റെ കുപ്പിവളക്കിലുക്കത്തിനുള്ളില്‍ എങ്ങനെ അകപ്പെട്ടു എന്ന ചോദ്യത്തിനു ചിരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഉത്തരം വളരെ ലളിതം. 'പാട്ടിനും ഭാഷക്കും ജാതിയും മതവുമുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. സങ്കുചിത മതചിന്തയുള്ളവര്‍ക്കേ കലാകാരന്മാരെ എതിര്‍ക്കാനാവൂ. എന്റെ വിജയത്തിനു പിന്നില്‍ യാക്കോബായ സുറിയാനിസഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് കൂറിലോസ് തിരുമേനിയുടെ എല്ലാ പിന്തുണയും പ്രോത്സാഹനവുമാണ്. അദ്ദേഹം അകമഴിഞ്ഞ പ്രോത്സാഹനമാണ് എനിക്കു തരുന്നത്.'
മാപ്പിളപ്പാട്ടിന്റെ ആഴങ്ങളില്‍
മാപ്പിളപ്പാട്ടിനു സമാനമായ പാട്ടുകള്‍ സുറിയാനിക്കാര്‍ക്കുമുണ്ട്... അതാണ് മാര്‍ഗംകളിയും അടച്ചുതുറപ്പാട്ടും. ക്‌നാനായക്കാര്‍ക്കുമുണ്ട് സമാനമായ പാട്ട്. വിവാഹത്തലേന്നു പാടുന്ന 'മധുരംവപ്പുപാട്ടാ'ണ് അത്. ഈ പാട്ടുകളെല്ലാം മാപ്പിളപ്പാട്ടിന്റെ ഇശലുകളോട് ഏറെ സാമ്യപ്പെട്ടിരിക്കുന്നു. ഭക്തിപ്പാട്ടുകളും അറബനമുട്ടും കോല്‍ക്കളിയുമെല്ലാം ഇത്തരം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നിന്ന് ഉരുത്തിരിഞ്ഞുവന്നതും ചരിത്രത്തിലൂന്നിയുള്ളതുമാണ്. ചിലതു പ്രണയകാവ്യങ്ങളുമാണ്. ബദര്‍പാട്ടും ബദറുല്‍മുനീറും ഹുസുനുല്‍ജമാലും മുഹിയുദ്ദീന്‍ മാലയും അതിന്റെ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മലബാറിലെ മാപ്പിള ജീവിതസങ്കല്‍പ്പങ്ങള്‍ക്കും മതപരമായ ചിന്തകള്‍ക്കും ഊന്നല്‍ നല്‍കി വാമൊഴിയാല്‍ രചിക്കപ്പെട്ട പദ്യകൃതിയാണ് മാപ്പിളപ്പാട്ടുകള്‍. ഇതില്‍ നൂറോളം ഇശലുകള്‍ ഉണ്ടെന്നും അച്ഛന്‍ ഓര്‍ത്തെടുക്കുന്നു. മോയീന്‍കുട്ടി വൈദ്യരുടെ പടപ്പാട്ടില്‍ 102 ഉം ഉഹ്ദുപാട്ടില്‍ 109 ഉം ബദറുല്‍മുനീര്‍-ഹുസുനുല്‍ജമാലില്‍ 85 ഉം മലപ്പുറം പടപ്പാട്ടില്‍ 70 ഉം ഇശലുകള്‍ ഉള്ളതായി അച്ഛന്‍ വ്യക്തമാക്കുമ്പോള്‍ മാപ്പിളപ്പാട്ടിന്റെ ആഴങ്ങളിലേക്ക് അദ്ദേഹം എത്രത്തോളം ഇറങ്ങിക്കഴിഞ്ഞിട്ടുണ്ടെന്നു നമുക്കു മനസിലാകും.
സറാംപൂര്‍ യൂനിവേഴ്‌സിറ്റിയില്‍ മ്യൂസിക് കോഴ്‌സിനു ചേര്‍ന്നു പഠിച്ചപ്പോള്‍ മാപ്പിളപ്പാട്ടും പുരാതന സുറിയാനി പാട്ടുകളും തമ്മിലുള്ള താരതമ്യപഠനമായിരുന്നു വിഷയം. ആ പഠനത്തിലാണ് പാട്ടിന്റെ കവനവും മാതൃകയും ഭാഷയും തമ്മില്‍ ഒരുപാട് സാമ്യമുള്ളതായി കണ്ടെത്താനായത്. മുഹിയുദ്ദീന്‍ മാലയിലെ 'അല്ലാ തിരുപേരും' എന്ന വരികള്‍ക്കു സമാനമായ ക്രൈസ്തവപാട്ടാണ് 'പുലര്‍കാലനാഥാ നിന്നുടെ തിരുമുമ്പില്‍' എന്നു തുടങ്ങുന്ന ഗാനം.
മാപ്പിളപ്പാട്ടിന്റെ അകത്തളങ്ങളിലേക്ക് ഇറങ്ങിച്ചെന്ന അച്ഛന്‍ തുടര്‍ന്നു കൂടുതല്‍ വാചാലനായി. 'കുറ്റിച്ചിറയിലെ ജനങ്ങളുടെ സംസ്‌കാരവും സ്വഭാവമഹിമയുമായി ബന്ധപ്പെട്ടതാണ് അപ്പപ്പാട്ട് എന്നാണ് അച്ഛന്റെ വിശ്വാസം. മുഹിയുദ്ദീന്‍ മാലയില്‍ പുണ്യാത്മാക്കള്‍ക്കു ദൈവം നല്‍കിയ പ്രത്യേക പദവികള്‍ ഭക്തിസാന്ദ്രമായി നിഴലിച്ചുനില്‍ക്കുന്നു. ഒരു കാലത്ത് വടക്കന്‍ മലബാറിലുണ്ടായ വെള്ളപ്പൊക്കത്തെ ആസ്പദമാക്കി എഴുതിയ മാപ്പിളപ്പാട്ടുകളും ഉണ്ട്. അതിലെല്ലാം ചരിത്രവും ഭക്തിയും നിഴലിച്ചുനില്‍ക്കുന്നു. എന്നാല്‍ മാപ്പിളപ്പാട്ട് എന്ന പേരില്‍ ഇപ്പോള്‍ പുറത്തിറങ്ങുന്ന പലപാട്ടുകളും പൈങ്കിളിപ്പാട്ടുകളായി അധ:പതിച്ചു'.
ഏറെ ഇഷ്ടമുള്ള മാപ്പിളപ്പാട്ട് കവി മഹാനായ മോയീന്‍കുട്ടിവൈദ്യര്‍ തന്നെ. അദ്ദേഹത്തിന്റെ വരികള്‍ പാടുമ്പോള്‍ മനസില്‍ ഒരു ഓളം അലതല്ലും. അതാണ് അതിന്റെ പ്രത്യേകത. അതുപോലെ മറ്റൊന്നും ഉണ്ടെന്നു തോന്നുന്നില്ലെന്നാണ് തന്റെ വിശ്വാസമെന്നും അച്ഛന്‍ അഭിപ്രായപ്പെടുന്നു. ഒപ്പനപ്പാട്ടു പാടാന്‍ ഏറെ ഇഷ്ടപ്പെടുന്ന അച്ഛന്‍ അവ പാടുമ്പോള്‍ ഉണ്ടാകുന്ന സന്തോഷവും അനൂഭൂതിയും ഒന്നുവേറെ തന്നെയാണെന്നും സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യയിലൊട്ടാകെയും വിദേശത്തും ഒട്ടേറെ മാപ്പിളപ്പാട്ടു പരിപാടികള്‍ നടത്തിയ അച്ഛനെ ആരാധകരുടെ വലിയ ശൃംഘല തന്നെ ഇപ്പോള്‍ വലയം ചെയ്തിരിക്കുന്നു. പ്രമുഖ മാപ്പിളപ്പാട്ടു ഗായകരായ കണ്ണൂര്‍ ഷെരീഫ്, വി.എം കുട്ടി, വിളയില്‍ ഫസീല, ഫിറോസ് ബാബു, കൊല്ലം ഷാഫി, ബന്‍സീറ, ഫാലിസാ ബാനു, രഹ്ന, ഷാന്‍, മുഹമ്മദ് തിരൂര്‍, അദ്ദേഹത്തിന്റെ ചെറുമകന്‍ അസ്‌ലം, ഫാസല്‍ കണ്മനം, ബഷീര്‍ കാസര്‍കോട്, ഇബ്രാഹീം, ബല്‍ക്കീസ് തുടങ്ങി കേരളത്തിലെ അറിയപ്പെടുന്ന ഒട്ടേറെ മാപ്പിളപ്പാട്ടു ഗായകരുമായി പരിചയപ്പെടാനും അവരെ നേരില്‍ക്കണ്ട് മാപ്പിളപ്പാട്ടിന്റെ വിവിധ വശങ്ങളെക്കുറിച്ചു പഠിക്കാനും അവരോടൊപ്പം പാടാനും അച്ഛന് അവസരം ലഭിച്ചിട്ടുണ്ട്. കേരളത്തിലെ രണ്ട് പ്രമുഖചാനലുകളില്‍ മാപ്പിളപ്പാട്ട് മത്സരപരിപാടിയില്‍ ജഡ്ജായി ഇരിക്കാനും അവസരം ലഭിച്ചു.
അകന്നുപോയ ആശങ്ക
മാപ്പിളപ്പാട്ട് രംഗത്തേക്കു കടന്നുവന്നപ്പോള്‍ ഏറെ ആശങ്കയായിരുന്നു മനസില്‍. മാപ്പിള സമൂഹം എങ്ങനെ തന്നെ സ്വീകരിക്കുമെന്ന ചിന്തയായിരുന്നു ആദ്യം. എന്നാല്‍ എന്റെ ആശങ്ക അസ്ഥാനത്തായിരുന്നു. രണ്ടുകൈകളും നീട്ടി അവരെന്നെ സ്വീകരിച്ചു. വിദേശത്തുപോയപ്പോള്‍ ഒട്ടേറെപേര്‍, പ്രത്യേകിച്ച് അറബി പണ്ഡിതരും പ്രമുഖ നേതാക്കളുമൊക്കെയായി എനിക്കു പരിചയപ്പെടാനായി. അവര്‍ കാണിച്ച സ്‌നേഹം എന്നെ വല്ലാതെ വീര്‍പ്പുമുട്ടിച്ചു. തനിക്കു സമ്മാനം തരാന്‍ ഗള്‍ഫിലെ ഒരുപള്ളിയിലെ ചീഫ് ഇമാം നേരിട്ടുവന്നതും അദ്ദേഹം തന്നെ ആശ്ലേഷിച്ചതും അച്ഛന് മറക്കാനാവാത്ത അനുഭവമാണ്.
'ക്രൈസ്തവപുരോഹിതന്മാര്‍ക്കു പള്ളിയില്‍ പ്രാര്‍ഥിക്കാന്‍ അവസരം നല്‍കിയ നബിതിരുമേനിയുടെ മനസാണ് അവരിലൂടെ എനിക്കു കാണാനായത്. ദുബായ് റേഡിയോയിലും എനിക്കു പാടാന്‍ അവസരം ലഭിച്ചു. തന്റെ മാപ്പിളപ്പാട്ട് ചാനലിലൂടെ കേട്ട വി.എം സുധീരന്‍ തന്നെ ഫോണില്‍വിളിച്ചു അഭിനന്ദിച്ച സംഭവവും മറക്കാനാവില്ല'. വടക്കന്‍ മലബാറിലെ, പ്രത്യേകിച്ചു മലപ്പുറത്തെ ഗ്രാമവീഥികളില്‍ പരമ്പരാഗത മുസ്‌ലിംകളുടെ ചുണ്ടില്‍ ഓടിയെത്തുന്ന തനതു നാടന്‍ സങ്കരഭാഷകളും അറബി പദങ്ങളും അതേപടി അച്ഛന്റെ നാവില്‍ പലപ്പോഴും തത്തിക്കളിക്കും. അദ്ദേഹത്തിന്റെ നാവില്‍ സ്വരമാധുരിയോടെ അതുപുറത്തേക്കൊഴുകുമ്പോള്‍ നാം അറിയാതെ മഹാകവി മോയീന്‍കുട്ടി വൈദ്യരുടെ വാമൊഴികള്‍ക്കു ചുറ്റും നമ്മുടെ ചിറകുവിരിക്കും.
അച്ഛനും സൂഫിസവും
പഠിക്കുന്ന കാലത്ത് പാട്ടും ട്രിപ്പിള്‍ ഡ്രമും ഏറെ ഇഷ്ടമായിരുന്നു. ഒപ്പം തിയോളജിയില്‍ എത്തിയപ്പോള്‍ സൂഫിസത്തിന്റെ നാനാവശങ്ങളെക്കുറിച്ചും അറിയണമെന്നു തോന്നി. അങ്ങനെ അതുപഠിച്ചു. കടല്‍പോലെ പരന്നുകിടക്കുന്ന ആ വിജ്ഞാന ശാഖയില്‍ എങ്ങനെയോ മാപ്പിളപ്പാസാഹിത്യങ്ങളും കടന്നുവന്നു. തന്നെയുമല്ലാ മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള ചിന്ത ഇസ്‌ലാമിനെ കൂടുതല്‍ പഠിക്കാനും പ്രേരിപ്പിച്ചുവെന്നും അച്ഛന്‍ പറയുന്നു.
വിശുദ്ധഖുര്‍ആന്‍ പരിഭാഷയും ഹദീസുകളും വായിക്കുകയും പഠിക്കുകയും ചെയ്യുന്ന അച്ഛന്‍ ക്രൈസ്തവ ഭക്തിഗാനങ്ങളും മാപ്പിളപ്പാട്ടുകളും തമ്മിലുള്ള ഇശലുകള്‍ നന്നായി പഠിക്കുകയും അതില്‍ ഗവേഷകനുമാണ്. അതുകൊണ്ടുതന്നെ ഇവ തമ്മില്‍ സമന്വയിപ്പിച്ചുകൊണ്ടു പോകാന്‍ എളുപ്പമാണെന്നും അദ്ദേഹം പറയുന്നു. ഗവേഷകന്‍, അധ്യാപകന്‍, ഭരതനാട്യ നര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം അച്ഛന്‍ തന്റേതായ കയ്യൊപ്പു രേഖപ്പെടുത്തിക്കഴിഞ്ഞു.
ഗസലിന്റെ വഴിയേ
ഗസല്‍ പഠിക്കാന്‍ ശ്രമിക്കണമെന്നു തലശ്ശേരി ഫിറോസ് ബാബു പറഞ്ഞപ്പോള്‍ അതു വലിയ ഒരു ഉപദേശമായി ഞാന്‍ കണ്ടു. അങ്ങനെ അജ്മീറിലും എത്താനായി. മാപ്പിളപ്പാട്ടില്‍ ഒട്ടേറെ കവികള്‍ ഉണ്ടെങ്കിലും അവര്‍ മുഖ്യധാരയിലേക്കു ഇപ്പോഴും എത്തപ്പെട്ടു എന്നു കരുതാനാവില്ല. എല്ലാം മലബാറില്‍ ഒതുങ്ങി. മാപ്പിളപ്പാട്ടിനെ മുഖ്യധാരയില്‍ നിന്നു അകറ്റപ്പെട്ടതും ഒരു സമുദായത്തിന്റെ പാട്ടായി അതിനെ കണ്ടതുമാണ് പ്രധാനകാരണം. മാപ്പിളപ്പാട്ടിന്റെ കവനം, ഇതിവൃത്തം, ഭാഷ, ഇശല്‍ എല്ലാം കൂടുതല്‍ പഠനവിധേയമാക്കണം. തന്നെയുമല്ലാ, മാപ്പിളപ്പാട്ടിനെ പ്രോത്സാഹിപ്പിക്കുന്ന ശാസ്ത്രീയപഠനങ്ങള്‍ ഇനിയും ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ പുതുതലമുറ ഗൗരവമായി ചിന്തിക്കണമെന്നും മറക്കാനാവാത്ത ഒട്ടേറെ മാപ്പിളപ്പാട്ടുകള്‍ക്കു സമാനമായ പാട്ടുകള്‍ ഇക്കാലത്തു ഉണ്ടാകാത്തതു ഒരു പോരായ്മയായിതന്നെ കാണണമെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.
ഒപ്പം ഒന്നുകൂടി അദ്ദേഹം പറഞ്ഞു നിര്‍ത്തി. 'മാപ്പിളപ്പാട്ടും അറബിഭാഷയും, എന്തിനുപറയുന്നു പത്തിരിപോലും ഒരു മതവിഭാഗത്തിന്റേതായി കാണുന്നവരല്ലേ നമുക്കിടയിലുള്ളത്.. പാട്ടിനും ഭാഷയ്ക്കും ഭക്ഷണത്തിനും വരെ ജാതിയും മതവും ദര്‍ശിക്കുന്നവരെക്കുറിച്ചു എന്തുപറയാന്‍'.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."