HOME
DETAILS
MAL
ഒഐസിക്ക് ബദലായി പുതിയ ഇസ്‌ലാമിക സഖ്യം: ഉടക്കുമായി അറബ് രാജ്യങ്ങൾ, മലേഷ്യയുടെ നീക്കം പാളുന്നു
backup
December 18 2019 | 11:12 AM
റിയാദ്: ഇസ്‌ലാമിക രാജ്യങ്ങളുടെയും സഖ്യങ്ങളുടെയും കൂട്ടായ്മക്കായി പുതിയ സഖ്യ നീക്കവുമായി മലേഷ്യയുടെ നേതൃത്വത്തിൽ നടക്കുന്ന നടപടികൾക്ക് ഉടക്കുമായി ഗൾഫ് രാജ്യങ്ങൾ. മലേഷ്യ, പാകിസ്ഥാൻ, തുർക്കി രാജ്യങ്ങളുടെ കൂട്ടായ്മയിൽ രൂപീകരിക്കാനിരുന്ന പുതിയ സഖ്യ നീക്കം ഇതോടെ വിജയം കാണില്ലെന്ന് സൂചന. ഇസ്‌ലാമിക രാജ്യങ്ങളിലേയും ആഗോള മുസ്‌ലിംകളുടെയും വിവിധ വിഷയങ്ങളിൽ നിലവിലെ ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോർപറേഷൻ (ഒഐസി) വേണ്ട രീതിയിൽ ഇടപെടുന്നില്ലെന്ന കാഴ്ചപ്പാടിനെ തുടർന്നാണ് പുതിയ സഖ്യ നീക്കത്തിന് കളമൊരുങ്ങുന്നത്. എന്നാൽ, ഇതിന്റെ ഭാഗമായി അടുത്ത ദിവസങ്ങളിൽ മലേഷ്യയിൽ ചേരുന്ന ഉച്ചകോടിയിൽ സഖ്യ രൂപീകരണത്തിന് മുന്നിൽ നിന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പങ്കെടുക്കില്ലെന്നാണ് പുതിയ സൂചനകൾ. സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പുതിയ സംഭവ വികാസങ്ങളെന്നു വിവിധ പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
സെപ്റ്റംബറിൽ ഐക്യ രാഷ്ട്ര സഭ സമ്മേളനത്തിന്റെ ഭാഗമായി ന്യൂയോർക്കിലെത്തിയ മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ്, പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഖാൻ എന്നിവരാണ് ഉച്ചകോടി തീരുമാനിച്ചു പുതിയ സഖ്യത്തിന് നീക്കങ്ങൾ നടത്തിയത്. ഈ മൂന്ന് രാഷ്ട്രങ്ങൾക്ക് പുറമെ ഖത്തർ, ഇറാൻ എന്നീ രാജ്യങ്ങളും 52 ഇസ്‌ലാമിക് രാജ്യങ്ങളിൽ നിന്നായി 450 ഓളം പണ്ഡിതർ, നേതാക്കൾ, ചിന്തകർ, രാഷ്ട്രീയ നേതാക്കൾ എന്നിവരും പങ്കെടുക്കുന്ന ഉച്ചകോടി ഈ മാസം 19 മുതൽ 21 വരെയാണ് നടക്കുന്നത്. ത്രിദിന ഉച്ചകോടിയിൽ ഖത്തർ അമീർ ശൈഖ് തമീം ഹമദ് അൽതാനി, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഖാൻ, ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കും.
എന്നാൽ, ലോകത്താകമാനമുള്ള മുസ്‌ലിംകളുടെ വിവിധ വിഷയങ്ങളിൽ പരാജയപ്പെട്ട ഒഐസി ക്ക് ബദലായി പുതിയ സഖ്യം രൂപീകരിക്കുമെന്ന മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദിന്റെ പ്രസ്ഥാവന ഗൗരവമായാണ് സഊദിയടക്കമുള്ള അറബ് രാജ്യങ്ങൾ കാണുന്നത്. ഇതാണ് സഊദി സന്ദർശനത്തിന് പിന്നാലെ പാക് പ്രധാനമന്ത്രിയെ ഇതിൽ നിന്നും പിൻവലിക്കാൻ കാരണം. സഊദി വിരുദ്ധ രാജ്യമായ ഇറാനോപ്പം നിലവിൽ ഉപരോധത്തിലുള്ള ഖത്തർ, കൂടാതെ തുർക്കിയും ഒരുമിച്ചു ചേരുന്നത് സഊദിയടക്കമുള്ള അറബ് രാജ്യങ്ങൾക്ക് അസ്വസ്ഥത ഉണ്ടാക്കുമെന്നതും സഖ്യം തകർക്കേണ്ട ആവശ്യകതയിലേക്ക് ഇവരെ ചിന്തിപ്പിക്കുന്നുണ്ട്. ഇതാണ് ഇമ്രാൻ ഖാനെ ഇതിൽ നിന്നും പിൻവലിയാൻ സഊദി പ്രേരിപ്പിക്കാൻ കാരണം. സഊദിക്ക് പുറമെ ഉച്ചകോടിയിൽ നിന്നും വിട്ടു നിൽക്കാൻ യു എ ഇയും പാകിസ്ഥാനോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."