കേരള ബാങ്കിന് കരുത്തേകാന്‍ നിക്ഷേപ സമാഹരണ കാംപയിന്‍; ലക്ഷ്യം 6000 കോടി
തൊടുപുഴ: സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ കേരള ബാങ്കിന് ശക്തിപകരാന്‍ നിക്ഷേപ സമാഹരണ യജ്ഞവുമായി സര്‍ക്കാര്‍. 'സഹകരണ നിക്ഷേപം കേരള ബാങ്കിന് കരുത്തേകുവാന്‍' എന്നു നാമകരണം ചെയ്തിരിക്കുന്ന പദ്ധതിയുടെ ടാര്‍ഗറ്റ് 6000 കോടി രൂപയാണ്.
2020 ജനുവരി ഒന്നു മുതല്‍ 31 വരെയാണ് പദ്ധതിയുടെ കാലാവധി. സഹകരണ മേഖലയില്‍ നിക്ഷേപത്തോത് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള കാംപയിന്റെ വിജയകരമായ നടത്തിപ്പിന് 26 ഇന നിര്‍ദേശങ്ങള്‍ സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. പി.കെ ജയശ്രീ പുറപ്പെടുവിച്ചു. സംസ്ഥാന സഹകരണ ബാങ്ക്, സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക്, പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍, ഫാര്‍മേഴ്‌സ് സഹകരണ ബാങ്കുകള്‍, അര്‍ബന്‍ ബാങ്കുകള്‍, എംപ്ലോയിസ് സഹകരണ സംഘങ്ങള്‍, മറ്റു വായ്പാ സംഘങ്ങള്‍ എന്നിവയാണ് കാംപയിന്റെ ഭാഗമാകുന്നത്.
കേരള ബാങ്കിനോട് മുഖം തിരിച്ചുനില്‍ക്കുന്ന മലപ്പുറം ജില്ലയ്ക്കാണ് കൂടുതല്‍ ടാര്‍ഗറ്റ് നല്‍കിയിരിക്കുന്നത്, 600 കോടി രൂപ. ഇടുക്കി, കാസര്‍കോട്, വയനാട് ജില്ലകള്‍ക്കാണ് കുറവ്, 250 കോടി. മറ്റു ജില്ലകളുടെ ടാര്‍ഗറ്റ് ഇങ്ങനെയാണ്. തിരുവനന്തപുരം 500 കോടി, കൊല്ലം 400, പത്തനംതിട്ട 300, ആലപ്പുഴ 300, കോട്ടയം 450, എറണാകുളം 550, തൃശൂര്‍ 550, പാലക്കാട് 450, കോഴിക്കോട് 550, കണ്ണൂര്‍ 500 കോടി രൂപ. സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ ടാര്‍ഗറ്റ് 100 കോടി രൂപയാണ്.
ടാര്‍ഗറ്റിന്റെ 30 ശതമാനമെങ്കിലും കറന്റ്, സേവിങ്‌സ് ബാങ്ക് അക്കൗണ്ട് തുടങ്ങി ചെലവു കുറഞ്ഞ നിക്ഷേപങ്ങള്‍ സ്വരൂപിക്കുന്നതിന് നിശ്ചയിച്ചിരിക്കുന്നു. അര്‍ബന്‍ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും സമാഹരിക്കുന്ന വ്യക്തിഗത നിക്ഷേപങ്ങളുടെ 50 ശതമാനമെങ്കിലും സേവിങ്‌സ്- കറന്റ് നിക്ഷേപമായി സമാഹരിക്കണം. യുവജനങ്ങളെ കൂടുതല്‍ അംഗങ്ങളാക്കാന്‍ വേണ്ട ബോധവത്കരണം നടത്തണം. കേരള ബാങ്ക് രൂപീകരണത്തോടെ സഹകരണ മേഖല കൈവരിക്കുന്ന ആധുനിക ബാങ്കിങ് സംവിധാനങ്ങളെ കുറിച്ചും നിക്ഷേപങ്ങളുടെ സുരക്ഷിതത്വത്തെ സംബന്ധിച്ചും യുവജനങ്ങളില്‍ ബോധവത്കരണം നടത്തണം.
സംഘംതല അംഗത്വ കാംപയിനുകള്‍ സംഘടിപ്പിക്കണം. അംഗസംഖ്യ വര്‍ധിപ്പിക്കുക, ഓഹരിമൂലധനം വര്‍ധിപ്പിക്കുക, സീറോ ബാലന്‍സ് ഉള്‍പ്പെടെ പുതിയ അക്കൗണ്ടുകള്‍ ആരംഭിക്കുക തുടങ്ങിയവ ഈ കാലയളവില്‍ ശ്രദ്ധിക്കണം. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക നിക്ഷേപ പദ്ധതികള്‍ ആരംഭിച്ച് പ്രവര്‍ത്തന പരിധിയിലെ എല്ലാ സ്‌കൂള്‍ വിദ്യാര്‍ഥികളേയും നിക്ഷേപ പദ്ധതിയില്‍ അംഗങ്ങളാക്കണം. ഭരണസമിതി അംഗങ്ങളുടേയും ജീവനക്കാരുടേയും നേതൃത്വത്തില്‍ ഭവന സന്ദര്‍ശനം നടത്തി നിക്ഷേപം സ്വരൂപിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണെന്ന് സഹകരണ സംഘം രജിസ്ട്രാറുടെ സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."