പ്രയാസങ്ങളൊഴിയാതെ പ്രവാസികള്‍
നാട്ടിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കു ഭരണകൂടത്തിന്റെ കൈയിലെത്തുന്ന ഫണ്ടില്‍ നല്ലൊരു പങ്കും പ്രവാസികളുടേതാണ്. അതേസമയം, നാടുംവീടും വിട്ട് ആരോഗ്യം നോക്കാതെ അന്യനാട്ടില്‍ അധ്വാനിച്ചുവന്ന അവരുടെ മുന്നില്‍ വിദേശത്തെ തൊഴില്‍വാതായനങ്ങള്‍ ഒന്നൊന്നായി അടയുകയാണ്. തൊഴില്‍രഹിതരായി തിരിച്ചെത്താന്‍ വിധിക്കപ്പെടുന്നവരുടെ പുനരധിവാസത്തിനുള്ള പദ്ധതികള്‍ ഓരോ തെരഞ്ഞെടുപ്പിലെയും വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങിപ്പോകുന്നു.
ലോകത്തിന് അന്നം നല്‍കുന്നതു പ്രവാസികളാണ് എന്നാണു പറയുക. എല്ലാ നാട്ടിലെയും കഥ അതല്ലായിരിക്കാം. ഇന്ത്യയില്‍തന്നെ പല സംസ്ഥാനങ്ങളും ഇതിന് അപവാദമായിരിക്കാം. എന്നാല്‍, മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തിന്റെ കാര്യത്തില്‍ ഇത് ഏറക്കുറേ ശരിയാണ്. പഞ്ചവത്സരപദ്ധതിയില്‍ കേരളത്തിന് അനുവദിക്കുന്ന തുകയേക്കാളേറെ പണം വിദേശമലയാളികള്‍ വര്‍ഷംതോറും ഇങ്ങോട്ടെത്തിക്കുന്നുണ്ട്.
വികസനത്തിനു സംസ്ഥാനബജറ്റില്‍ വകയിരുത്തുന്ന സംഖ്യയേക്കാളും കൂടുതല്‍ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്നുണ്ടെന്ന് ഒരു മന്ത്രി തന്നെ ഗള്‍ഫ് പര്യടനവേളയില്‍ പ്രസ്താവിച്ചത് ഓര്‍ക്കുക. കഴിഞ്ഞവര്‍ഷത്തെ കണക്കനുസരിച്ച് ഇന്ത്യന്‍ ബാങ്കുകളിലെ കേരളപ്രവാസികളുടെ നിക്ഷേപം 3,19,890 കോടി രൂപയാണ്. കാര്‍ഷികവികസനത്തിനായുള്ള യു.എന്‍ ഇന്റര്‍നാഷനല്‍ ഫണ്ടിന്റേതായി കഴിഞ്ഞമാസം പുറത്തുവന്ന പത്രക്കുറിപ്പില്‍ പറഞ്ഞത് ആ ഒരൊറ്റവര്‍ഷത്തില്‍ തന്നെ 6274 കോടി ഡോളര്‍ (നാലുലക്ഷം കോടി രൂപ) പ്രവാസികളുടേതായി ഇന്ത്യന്‍ ബാങ്കുകളില്‍ എത്തിയെന്നാണ്.
സംഗതികള്‍ ഇതൊക്കെയാണെങ്കിലും എത്ര ഇന്ത്യക്കാര്‍ വിദേശത്തു ജോലിചെയ്യുന്നുണ്ടെന്നതിന്റെ കണക്ക് ഇന്ത്യാ ഗവണ്‍മെന്റിന്റെ പക്കല്‍പോലുമില്ല. അവരുടെ ക്ഷേമകാര്യങ്ങള്‍ക്കായി മന്‍മോഹന്‍സിങ് സര്‍ക്കാര്‍ പ്രവാസിവകുപ്പ് ആരംഭിച്ചിരുന്നു. എന്നാല്‍, നരേന്ദ്രമോദി ഭരണകൂടം ആ വകുപ്പ് ദിവസവും നൂറായിരംപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന വിദേശകാര്യവകുപ്പില്‍ ലയിപ്പിച്ചുകളഞ്ഞു. പ്രവാസികളുടെ കാര്യം പറയാന്‍ അവരുടേതായ വകുപ്പും മന്ത്രിയുമില്ലെന്ന അവസ്ഥയാണിപ്പോള്‍.
തങ്ങള്‍ക്കു വോട്ടവകാശം കിട്ടിയാലെങ്കിലും ഇത്തരം പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാകുമെന്നാണു പ്രവാസികള്‍ കരുതുന്നത്. 25 ദശലക്ഷത്തിലേറെ പ്രവാസികളുണ്ട് കേരളത്തില്‍. അവര്‍ക്കു വോട്ടവകാശം ലഭ്യമാക്കിയേ അടങ്ങൂ എന്ന പ്രഖ്യാപനം ഓരോ തെരഞ്ഞെടുപ്പു കാലത്തും ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും നടത്താറുണ്ട്. തരംകിട്ടുമ്പോള്‍ വിദേശത്തേക്കു പറക്കുന്ന നേതാക്കള്‍ വലിയവായില്‍ വാഗ്ദാനങ്ങള്‍ നല്‍കി തിരിച്ചുവരും.
നാട്ടിലെത്തിയാല്‍ നേതാക്കള്‍ തങ്ങള്‍ നല്‍കിയ വാഗ്ദാനം മറക്കുന്നു. പ്രവാസികളുടെ കാര്യം അറിയിക്കേണ്ടിടത്ത് അറിയിക്കാന്‍ ഈ നേതാക്കള്‍ക്കു സമയവും സൗകര്യവും കിട്ടാറില്ല. സ്വദേശിവല്‍ക്കരണം ശക്തമാവുന്നിടത്തുനിന്നു തിരിച്ചുവരേണ്ടിവരുന്നതിന്റെ വേദന ഓരോ പ്രവാസികുടുംബത്തിലും പ്രതിഫലിക്കുന്നുണ്ട്. കോടികള്‍ മുടക്കി രണ്ടുവര്‍ഷത്തിലൊരിക്കല്‍ അഖിലേന്ത്യാതലത്തില്‍ ഒന്നോരണ്ടോ ദിവസം പ്രവാസിദിനം ആചരിച്ചതുകൊണ്ടോ പ്രവാസി പ്രമുഖരില്‍ അഞ്ചാറുപേരെ കണ്ടെത്തി പുരസ്‌കാരം നല്‍കിയതുകൊണ്ടോ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല.
പുനരധിവാസം, ആരോഗ്യസംരക്ഷണം, ഇന്‍ഷുറന്‍സ്, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങി വിമാനടിക്കറ്റ് നിരക്കിലെ ചൂഷണംവരെ നേരിടേണ്ടിവരുന്ന ഹതഭാഗ്യരാണു പ്രവാസികള്‍. ശരിയായ അര്‍ഥത്തില്‍ പ്രവാസികളല്ല 'പ്രയാസി'കളാണവര്‍.
ഡോ. മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ജനപ്രാതിനിധ്യനിയമം ഭേദഗതി ചെയ്തു പ്രവാസി വോട്ടവകാശം സ്ഥാപിച്ചിട്ടു വര്‍ഷങ്ങള്‍ ഏഴായെങ്കിലും ദുബായിലുള്ള കോഴിക്കോട്ടുകാരനായ ഡോ.വി.പി ഷംസീര്‍ ഇന്നും സുപ്രിംകോടതിയുടെ പടി കയറിയിറങ്ങുകയാണ്.
ഏറ്റവും പുതിയ വാര്‍ത്തയനുസരിച്ചു സുപ്രിംകോടതി തെരഞ്ഞെടുപ്പു കമ്മിഷന് അന്ത്യശാസനം നല്‍കിയിട്ടുണ്ട്. അമേരിക്കയും ഇംഗ്ലണ്ടും റഷ്യയും കാനഡയും ജപ്പാനും സ്‌പെയിനും പോളണ്ടും എല്ലാം നല്‍കുന്ന വോട്ടവകാശം ഇത്രമാത്രം നീട്ടിക്കൊണ്ടു പോകുന്നതില്‍ എന്തു ന്യായീകരണമാണുള്ളത്. ഇക്കഴിഞ്ഞ ഫ്രഞ്ച് തെരഞ്ഞെടുപ്പില്‍ മാഹിയിലെ വോട്ടര്‍മാര്‍ക്കുപോലും സമ്മതിദാനാവകാശം വിനിയോഗിക്കാനായി.
നാട്ടുകാരുടെ വിദ്യാഭ്യാസം, ജോലി എന്നീ കാര്യങ്ങളില്‍ അലസമനോഭാവം പൂണ്ടിരുന്ന സഊദി അറേബ്യ എണ്ണക്കിണറുകള്‍ വറ്റുന്നതിനു മുമ്പെങ്കിലും വ്യവസായ-വാണിജ്യമേഖലകളില്‍ ശ്രദ്ധചെലുത്തുന്നതിനെ എതിര്‍ത്തിട്ടു കാര്യമില്ല. വിദേശത്തുചെന്നു പഠിക്കാന്‍ നാട്ടുകാര്‍ക്കു അവര്‍ ആകര്‍ഷകമായ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. പ്രാഥമികവിദ്യാഭ്യാസം നേടിയവരെ മൊബൈല്‍ഷോപ്പുകളിലും ഷോപ്പിങ് മാളുകളിലും നിയോഗിക്കുന്നു. സ്വാഭാവികമായും ഒഴിഞ്ഞുപോവേണ്ടിവരുന്നതു പ്രവാസികളാണ്. സഊദി വനിതകള്‍ക്കു ഡ്രൈവിങ് ലൈസന്‍സ് നല്‍കിയതോടെ പ്രവാസികളായ ഡ്രൈവര്‍മാരും തൊഴില്‍രഹിതരായിത്തുടങ്ങി.
ഇന്നിപ്പോള്‍ നിതാഖാത്ത് നിയമം കൂടുതല്‍ കര്‍ശനമാക്കിയിരിക്കുന്നു. സഊദി അറേബ്യ കൂടുതല്‍ പിടിമുറുക്കുകയാണ്. മാപ്പപേക്ഷയുടെ കാലാവധികൂടി കഴിഞ്ഞാല്‍ എന്താണു സംഭവിക്കുകയെന്ന് ഊഹിക്കാന്‍പോലുമാകില്ല. എണ്ണവിലക്കുറവിനു പിന്നാലെ സഊദി അടക്കമുള്ള നാടുകള്‍ യുദ്ധത്തിന്റെയും ഭീകരാക്രമണത്തിന്റെയും പിടിയില്‍ സാമ്പത്തിക പ്രയാസത്തിലാണ്. ഭരണസാരഥ്യത്തില്‍നിന്നുപോലും പൊട്ടലും ചീറ്റലും കേള്‍ക്കുന്നു.
ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന പേരും പേറി നിരപരാധികളെ കൂട്ടക്കൊലയ്ക്കു വിധേയമാക്കുന്ന ഭീകരരുടെ തേര്‍വാഴ്ച പല നാടുകളിലും നടക്കുന്നു. സഊദിയില്‍നിന്നു മാത്രമല്ല, യു.എ.ഇ, ഖത്തര്‍, കുവൈത്ത് തുടങ്ങിയ നാടുകളില്‍നിന്നും പണം വരവു കുറഞ്ഞുകൊണ്ടിരിക്കുന്നു. ആളുകളുടെ തിരിച്ചുവരവു കൂടിവരികയും ചെയ്യുന്നു.
മടങ്ങിവരുന്നവരാകട്ടെ മാസങ്ങളായി ശമ്പളംപോലും കിട്ടാതെ പണം കടംവാങ്ങി ടിക്കറ്റെടുത്താണു പോരുന്നത്. സഊദിയില്‍ താമസിക്കുന്ന വിദേശികള്‍ക്കു പ്രതിമാസം നൂറു റിയാല്‍ (1800 രൂപ) നികുതികൂടി ഈടാക്കി തുടങ്ങിയതോടെ കുടുംബങ്ങളെ നാട്ടിലേക്കയക്കാനുള്ള ഓട്ടത്തിലാണു പലരും. അവരുടെ കുട്ടികള്‍ക്കു വൈകിയവേളയില്‍ സ്‌കൂളിലും കോളജിലും പ്രവേശനം കിട്ടാന്‍ വിഷമം.
പ്രവാസികളെ കൂടുതലായി ആശ്രയിക്കുന്ന കേരളം അവര്‍ക്കു സുരക്ഷയും സംരക്ഷണവും നല്‍കുന്നതിനായി രൂപവല്‍ക്കരിച്ച പ്രവാസി ഭാരതീയ കമ്മിഷന്‍പോലുള്ള സംവിധാനങ്ങള്‍ക്കു കെട്ടിടങ്ങളോ ജീവനക്കാരോ ഇല്ലാത്ത അവസ്ഥയാണ്. പ്രവാസിക്ഷേമത്തിന് ഏഴിനപരിപാടികള്‍ ആവിഷ്‌കരിച്ച, രണ്ടുവര്‍ഷം മുമ്പു കൊച്ചിയില്‍ നടന്ന ആഗോള പ്രവാസിസംഗമത്തിന്റെ പ്രവര്‍ത്തനങ്ങളും എവിടെയും എത്തിയില്ല. അപ്പോഴും പ്രവാസിസ്ത്രീകളുടെ ക്ഷേമം ലക്ഷ്യമിട്ടു കുടുംബശ്രീയുമായി സഹകരിച്ചു പ്രവാസിവനിതാ അയല്‍ക്കൂട്ടങ്ങള്‍ രൂപവല്‍ക്കരിക്കുമെന്ന് തുടങ്ങിയ മന്ത്രിതല പ്രഖ്യാപനങ്ങള്‍ക്ക് ഒരു കുറവുമില്ല.
സഊദിയിലെയും യു.എ.ഇയിലെയും ഭരണാധികാരെ വിളിച്ചുവരുത്തി ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തണമെന്നു നമ്മുടെ ഭരണാധികാരികള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും പശ്ചിമേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഇസ്‌റാഈലിന്റെ സൗഹൃദം കൂടുതല്‍ തേടി നടക്കുമ്പോള്‍ ഇത് എത്രത്തോളം പ്രായോഗികമാവുമെന്നു കണ്ടറിയേണ്ടിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."