പൗരത്വ ഭേദഗതി: പ്രവാസ ലോകത്തും പ്രതിഷേധാഗ്നികൾ; പലയിടത്തും ഭിന്നത മറന്നു ഐക്യത്തോടെയുള്ള ബഹുജന പ്രതിഷേധ സംഗമങ്ങൾ
റിയാദ്: ഇന്ത്യയിൽ ശക്തമായ പൗരത്വ ബില്ലിനെതിരെയുള്ള സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു പ്രവാസ ലോകത്ത് നിന്നും പ്രതിഷേധാഗ്നികൾ ഉയരുന്നു. സഊദി അറേബ്യയടക്കം ഗൾഫ് രാജ്യങ്ങളിലെ വിവിധ സംഘടനകളാണ് സംയുക്തമായി കേന്ദ്ര സർക്കാർ കാടൻ നിയമത്തിനെതിരെ ശക്തമായി രംഗത്തെത്തുന്നത്. പലയിടത്തും ഐക്യത്തിലൂന്നിയ ബഹുജന സംഗമങ്ങളാണ് അരങ്ങേറുന്നത്. കൂടാതെ, പ്രമുഖ സംഘടനകളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ സംയുക്ത സമര പ്രഖ്യാപനങ്ങളും ഐക്യ ദാർഢ്യ സമ്മേളനങ്ങളും അരങ്ങേറുന്നുണ്ട്. സഊദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പ്രതിഷേധ സമ്മേളനങ്ങളാണ് അരങ്ങേറിയത്.
സമസ്‌ത ഇസ്‌ലാമിക് സെന്റർ സഊദി കേന്ദ്ര നേതൃത്വത്തിന്റെ ആഹ്വാന പ്രകാരം സഊദിയുടെ വിവിധ ഭാഗങ്ങളിൽ മുപ്പതോളം കേന്ദ്രങ്ങളിൽ പ്രതിഷേധ സംഗമങ്ങൾ നടന്നു. "ഇന്ത്യ മരിക്കരുത് നമുക്ക് ജീവിക്കണം" എന്ന പ്രമേയത്തിൽ വിവിധ രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിൽ നിന്നുള്ളവർ പങ്കെടുത്ത സമ്മേളനങ്ങളിൽ ഭരണകൂടത്തിന്റെ കാടത്ത നിയമത്തിനെതിരെ അതിശക്തമായ പ്രതിഷേധമാണ് ഉയർന്നത്. ഒരു പ്രത്യേക സമുദായത്തെ മാത്രം അകറ്റി നിർത്തി ഇന്ത്യയുടെ ഭരണ ഘടന അനുവദിക്കുന്ന അവകാശങ്ങൾ തടയുന്ന പുതിയ നിയമത്തിനെതിരെ സമസ്‌തയുടെ ഏതാഹ്വാനവും നിറവേറ്റാൻ തയ്യാറാണെന്നും ഇന്ത്യൻ ഭരണ ഘടന അനുവദിക്കുന്ന അവകാശങ്ങൾ കവർന്നെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും സമ്മേളനങ്ങൾ പ്രതിജ്ഞ ചെയ്‌തു. കൂടാതെ, ഗൾഫിലെ ഏറ്റവും വലിയ പ്രവാസ സംഘടനായ കെഎംസിസിയും മറ്റു വിവിധ രാഷ്ട്രീയ പാർട്ടികളുടെയും മത സംഘനകളുടെയും പ്രവാസ സംഘടനകളും വിവിധ തരത്തിലുള്ള പ്രതിഷേധ സംഗമങ്ങൾ പരസ്‌പരം സഹകരിച്ച് നടത്തുന്നുണ്ട്.
സഊദി തലസ്ഥാന നഗരിയായ റിയാദിൽ നടന്ന സമ്മേളനം ഏറെ ശ്രദ്ദേയമായിരുന്നു. റിയാദില്‍ വിവിധ സംഘടനകളുടെ പിന്തുണയോടെ രൂപീകരിച്ച സി.എ.എ-എന്‍.ആര്‍.സി വിരുദ്ധ ഏകോപന സമിതിയുടെ നേതൃത്വത്തിലായിരുന്നു സമ്മേളനം. വിവിധ മലയാളായി സംഘടനകളുടെ ബഹുജന സംഗമം സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സിക്രട്ടറിയും ഓൾ ഇന്ത്യ പേഴ്‌സണൽ ലോ ബോർഡ് അംഗവുമായ ശൈഖുൽ ജാമിഅഃ ആലിക്കുട്ടി മുസ്‌ല്യാർ ഉദ്ഘാടനം ചെയ്‌തു. കെ.എന്‍.എം വൈസ് പ്രസിഡണ്ട് ഹുസൈന്‍ മടവൂര്‍ മുഖ്യ പ്രഭാഷണം നടത്തി. രാജ്യത്ത് പാസാക്കിയ ബില്‍ സംബന്ധിച്ച് എസ് സി സി ദേശീയ വർക്കിങ് സിക്രട്ടറി അബ്‌ദുറഹ്‌മാൻ അറക്കല്‍, ഡോ. മുഹമ്മദ് നജീബ് എന്നിവര്‍ അവതരണം നടത്തി. വിവിധ സംഘടനകളായ സമസ്‌ത ഇസ്‌ലാമിക് സെന്റർ, കെ.എം.സി.സി, ഒ.ഐ.സി.സി, തനിമ, ഐ.സി.എഫ്, എം.ഇ.എസ്, ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍, പ്രവാസി സാംസ്‌കാരിക വേദി പ്രതിനിധികള്‍ സമ്മേളനത്തില്‍ സംസാരിച്ചു. യു.പി മുസ്ഥഫയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കുമെന്നും സമ്മേളനത്തിനെത്തിയവര്‍ പ്രതിജ്ഞയെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."