മുഖ്യമന്ത്രിമാരെ കണ്ടെത്താന്‍ രാത്രി വൈകിയും ചൂടുപിടിച്ച ചര്‍ച്ച
ന്യൂഡല്‍ഹി: രാവിലെ തുടങ്ങി രാത്രി വൈകും വരേ 15 ഡിഗ്രി താപനില രേഖപ്പെടുത്തിയ തണുപ്പിനെയും ചൂടുപിടിപ്പിക്കുന്ന വിധത്തിലായിരുന്നു ഹിന്ദി ഹൃദയഭൂമിയിലെ മുഖ്യമന്ത്രിമാരെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍. ചര്‍ച്ച പ്രധാനമായും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ കേന്ദ്രീകരിച്ച്. യു.പി.എ അധ്യക്ഷ സോണിയാഗാന്ധി, പ്രിയങ്കാ ഗാന്ധി, എ.കെ ആന്റണി, കെ.സി വേണുഗോപാല്‍, രാജസ്ഥാന്‍ പി.സി.സി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ്, മുതിര്‍ന്ന നേതാവ് അശോക് ഗെലോട്ട്, മധ്യപ്രദേശില്‍ മുഖ്യമന്ത്രി പദവിയിലേക്ക് ഉയര്‍ത്തിക്കാട്ടുന്ന കമല്‍നാഥ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.
അടുത്തുവരുന്ന പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പാര്‍ട്ടിയെയും സംസ്ഥാനത്തെയും നയിക്കാന്‍ കഴിവുള്ളവരാകണം ഹിന്ദി ഹൃദയഭൂമിയിലെന്ന് രാഹുല്‍ കരുതുന്നു. അതിനാല്‍ മുഖ്യമന്ത്രി പദവിയിലേക്ക് അനുഭവസമ്പത്തുള്ളവരും പാര്‍ട്ടി നേതൃത്വത്തില്‍ യുവത്വത്തിന്റെ പ്രസരിപ്പും എന്നതാണ് രാഹുലിന്റെ താല്‍പ്പര്യം. ഈ വിലയിരുത്തലില്‍ ഗെലോട്ടിന്റെയും സച്ചിന്റെയും കഴിവുകളും ദൗര്‍ബല്യങ്ങളും ആദ്യം പരിശോധിച്ചു. പിന്നീട് ഇരുവരില്‍ ആരെയൊക്കെ മുഖ്യമന്ത്രിയും പാര്‍ട്ടി നേതൃത്വവും ഏല്‍പ്പിച്ചാല്‍ കൂടുതല്‍ നേട്ടമെന്നും പരിശോധിച്ചു. ഇതിന് ആദ്യം എം.എല്‍.എമാരുടെ മനസ്സറിഞ്ഞു.
ഗെലോട്ടിനെ മുഖ്യമന്ത്രിയാക്കി സച്ചിനെ ദേശീയ രാഷ്ട്രീയത്തിലേക്കു കൊണ്ടുവരാം, സച്ചിന് ഉപമുഖ്യമന്ത്രി പദവി നല്‍കാം എന്നീ വാഗ്ദാനങ്ങള്‍ മുന്നോട്ടുവച്ചെങ്കിലും സച്ചിന്‍ നിരസിച്ചു.ബുധനാഴ്ച വിജയിച്ചവരുടെ യോഗത്തില്‍ സച്ചിനും ഗെലോട്ടിനും ഒരുപോലെ പിന്തുണ ലഭിച്ചപ്പോള്‍ സ്വതന്ത്രരായി മല്‍സരിച്ചവരുടെ പിന്തുണ ഗെലോട്ടിനു ലഭിച്ചു. ഇത് ഗെലോട്ടിന് അനുഗ്രഹമായി. പിന്നീട് പാര്‍ട്ടി പ്രവര്‍ത്തകരുടെ മനസ്സറിഞ്ഞു. ഇതിനായി രാഹുലിന്റെ റെക്കോര്‍ഡ് ചെയ്ത ഓഡിയോ സന്ദേശം പ്രവര്‍ത്തകരുടെ ഫോണിലേക്കയച്ച് അവരുടെ പ്രതികരണവും തേടി. രാജസ്ഥാനിലെ തര്‍ക്കമാണ് വലിയ തലവേദനയായത്. ചര്‍ച്ചയ്ക്കായി രാവിലെ രാഹുലിന്റെ വസതിയില്‍ കെ.സിയെത്തി. ആദ്യം ഇരുവരും തമ്മില്‍ അടച്ചിട്ട മുറിയില്‍ ചര്‍ച്ച. പിന്നീട് സച്ചിനെയും ഗെലോട്ടിനെയുംകൂട്ടി ഒന്നിച്ചുള്ള ചര്‍ച്ച. ഇത് 15 മിനിറ്റ് നീണ്ടു. പിന്നീട് ഓരോരുത്തരെയും വിളിച്ച് പ്രത്യേകമായും ചര്‍ച്ചനടത്തി. ഇതേ മാതൃകയിലാണ് മധ്യപ്രദേശിലെയും ഛത്തിസ്ഗഡിലെയും ചര്‍ച്ചകള്‍ നടന്നത്. ചര്‍ച്ചകളില്‍ സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സജീവമായി പങ്കെടുത്തു. ഇരുവരും ചര്‍ച്ചകള്‍ക്കായി രാഹുലിന്റെ തുഗ്ലക് ലൈനിലെ വസതിയിലെത്തുകയായിരുന്നു.
1984ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനു പിന്നാലെ ഡല്‍ഹിയില്‍ നടന്ന സിഖ് കൂട്ടക്കൊലക്കേസില്‍ കമല്‍നാഥ് ആരോപണവിധേയനായ സംഭവവും ഇതിനിടെ അന്തരീക്ഷത്തില്‍ ഉയര്‍ന്നു. എ.എ.പി, ബി.ജെ.പി, അകാലിദള്‍ നേതാക്കളും ഈ വിഷയം ഉയര്‍ത്തി. ഇത് തെരഞ്ഞെടുപ്പില്‍ എതിരാളികള്‍ ഉന്നയിക്കുമോയെന്നും ചര്‍ച്ചയില്‍ പരിശോധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."