ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള കാദറിന്റെ പോരാട്ടം ഒന്നര പതിറ്റാണ്ട് പിന്നിടുന്നു
നജീബ് മുറ്റിച്ചൂര്‍
അന്തിക്കാട്: ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കു വേണ്ടി വൈകല്യം മറന്ന് കാദറിന്റെ പോരാട്ടം ഒന്നര പതിറ്റാണ്ട് പിന്നിടുന്നു. സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും ഭിന്നശേഷിക്കാരെ മാറ്റി നിര്‍ത്തപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ജന്മനാ ഇരുകാലുകളും തളര്‍ന്ന കാദര്‍ ഇവരുടെ കൂട്ടായ്മ ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെ മുന്നിട്ടിറങ്ങുന്നത്. പെരിങ്ങോട്ടുകര കിഴക്കുംമുറിയിലുള്ള തന്റെ ടെലിഫോണ്‍ ബൂത്ത് ഓഫിസാക്കി മാറ്റി 2005ല്‍ കേരള വികലാംഗ ക്ഷേമ സംഘടന രൂപീകരിച്ചാണ് കാദര്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചത്.
2005 മുതല്‍ സംഘടനയുടെ സെക്രട്ടറിയാണ് 55 കാരനായ കാദര്‍. വികലാംഗരുടെ സര്‍ക്കാര്‍ നിയമനം പി.എസ്.സി.ക്കു വിടണമെന്നതായിരുന്നു സംഘടനയുടെ ആദ്യ ആവശ്യം. ഇതിനായി ഒട്ടേറെ സമര പരിപാടികള്‍ നടത്തി. 2008ല്‍ ഈ ആവശ്യം അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
അടുത്ത ആവശ്യമായ ഭിന്നശേഷിക്കാര്‍ക്ക് ചികിത്സാ സഹായം, പകല്‍ വീട് തുടങ്ങിയവ ഭാഗികമായി നടപ്പിലാക്കാന്‍ കാദറിന്റെ പോരാട്ടത്തിലൂടെ സാധിച്ചു. പിന്നീട് ട്രെയിനില്‍ മധ്യത്തിലുള്ള ബോഗിയില്‍ വികലാംഗര്‍ക്ക് റിസര്‍വേഷന്‍ വേണമെന്നതുള്‍പ്പെടെ 11 ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള നിവേദനം പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കാദര്‍ നല്‍കി.
ഈ ആവശ്യങ്ങള്‍ വൈകാതെ പരിഗണിക്കാമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള അറിയിപ്പ് കഴിഞ്ഞ ദിവസം കാദറിന് ലഭിച്ചു.
ഭിന്നശേഷിക്കാരായ 82 പേര്‍ക്ക് ജീവിത പങ്കാളിയെ കണ്ടെത്തി നല്‍കിയതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ നിമിഷമെന്ന് കാദര്‍ പറഞ്ഞു. അടുത്ത മാര്‍ച്ചോടെ 50 പേരുടെ സമൂഹ വിവാഹവും നടത്താനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം. കാദര്‍ നാട്ടിക എന്ന പേരിലറിയപ്പെടുന്ന ഇദ്ദേഹത്തിന് വിവിധ സംഘടനകളുടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടം തുടരാന്‍ തന്നെയാണ് കാദറിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."