കുണ്ടുറുചോലപ്പാലത്തില് വിനോദസഞ്ചാരികളുടെ സെല്‍ഫിയെടുക്കല്‍ അപകടത്തിന് വഴിവക്കുന്നു
പാലക്കാട് : പ്രകൃതിക്ഷോഭത്തില്‍ ഒലിച്ചുപോയ നെല്ലിയാമ്പതി കുണ്ടുറുചോലപ്പാലത്തിലും,പരിസരപ്രദേശത്തും വിനോദസഞ്ചാരികളുടെ സെല്‍ഫിയെടുപ്പ് അപകടത്തിന് വഴിവക്കുന്നു. ഒലിച്ചുപോയപ്പാലം തല്കാലം മണല്‍ച്ചാക്ക് അടുക്കിവെച്ച ചെറിയ വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ വേണ്ടി സൗകര്യം ഒരുക്കിയിട്ടുണ്ട്. ഭാരം കയറ്റിയ വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ടെങ്കിലും അതൊന്നും ഇവിടെ പാലിക്കാറില്ല.
നെല്ലിയാമ്പതിയിലേക്ക് പോകുന്ന പോത്തുണ്ടി വനംവകുപ്പ് ചെക്ക് പോസ്റ്റില്‍ അപകട സ്ഥലങ്ങളില്‍ വാഹനം നിര്‍ത്തി സെല്‍ഫിയെടുക്കുന്നതിന് നെമ്മാറ ഡി.എഫ്.ഓ വിലക്കേര്‍പ്പെടുത്തികൊണ്ട് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും, ഇവിടേക്ക് എത്തുന്ന യുവാക്കളായ സഞ്ചാരികള്‍ ഇതൊന്നും പാലിക്കാതെ അപകട സ്ഥലങ്ങളിലുള്ള പാറപ്പുറത്തു കയറിയും, മറ്റും സെല്‍ഫിയെടുക്കുന്നത് പതിവ് കാഴ്ചയാണ്. ചിലര്‍ കാടിനകത്തു കയറി മദ്യപിക്കുന്നതും പതിവായിട്ടുണ്ട്. എന്നാല്‍ ഇതൊന്നും നോക്കാന്‍ വനംവകുപ്പ് യാതൊരു സംവിധാനവും ഒരുക്കിയിട്ടില്ല. അപകടം പതിവായ സ്ഥലങ്ങളില്‍ വാച്ചര്മാരെയോ, മറ്റു ജീവനക്കാരെയോ നിര്‍ത്താന്‍ തയാറാവുന്നില്ലെന്ന പരാതിയുമുണ്ട്. മദ്യപിച്ചെത്തുന്നവരാണ് ഉരുള്‍പൊട്ടിയ സ്ഥലങ്ങളില്‍ കയറി സെല്‍ഫിയെടുക്കുന്നതില്‍ കൂടുതലും. ഒരു ബോര്‍ഡ് സ്ഥാപിച്ചു കഴിഞ്ഞാല്‍ എല്ലാം ശരിയാവുമെന്ന ധാരണയാണ് വനംവകുപ്പ് ജീവനക്കാര്‍ക്കുള്ളത്. കുണ്ടുറുചോല പോലുള്ള അപകടം പതിയിരിക്കുന്ന സ്ഥലങ്ങളില്‍ കാവല്‍ ഏര്‍പ്പെടുത്താന്‍ തയാറാവണം. പോത്തുണ്ടി മുതല്‍ കൈകാട്ടി വരെയുള്ള റോഡില്ഉരുള്പൊട്ടി തകര്‍ന്ന ഭാഗങ്ങള്‍ ഇപ്പോഴും നന്നാക്കിയിട്ടുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."