ഡ്യൂട്ടി പരിഷ്‌കരണം: കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം വര്‍ധിച്ചു
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ഡ്യൂട്ടി പരിഷ്‌ക്കരണത്തിലൂടെ വരുമാനത്തില്‍ ഒന്നേമുക്കാല്‍ കോടി രൂപയുടെ വര്‍ധനവുണ്ടായതായി മാനേജിങ് ഡയറക്ടര്‍ എം.ജി രാജമാണിക്യം.
നാലരക്കോടിയുണ്ടായിരുന്ന വരുമാനം ഇപ്പോള്‍ ആറേകാല്‍ കോടിയായി. വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന കണ്‍സഷന്‍ കാര്‍ഡിന്റെ പ്രൊസസിങ് ഫീസ് ഈടാക്കുന്നത് മുന്‍ തീരുമാനപ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു. ഡ്യൂട്ടി പരിഷ്‌ക്കരണത്തിലും വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സഷന്‍ കാര്‍ഡിന് പ്രൊസസിങ് ഫീസ് ഈടാക്കുന്ന നടപടിയിലും വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി എം.ഡി രംഗത്തെത്തിയത്.
ജൂലൈ 15നാണ് ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം ഒന്നര ഡ്യൂട്ടിയാക്കി മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്. പുതിയ ഉത്തരവ് പ്രകാരം ജോലിസമയം (സ്റ്റീയറിങ് മണിക്കൂറുകള്‍) 13 മണിക്കൂര്‍ ആണെങ്കില്‍ മാത്രമേ ഡബിള്‍ഡ്യൂട്ടി ആകുന്നുള്ളു. യാത്രയ്ക്കിടയിലുള്ള വിശ്രമസമയവും ഭക്ഷണ സമയവും കോര്‍പ്പറേഷന്റെ പുതിയ ഡ്യൂട്ടി സമയത്തില്‍പ്പെടുന്നില്ല.
ഇവയെല്ലാം ഡബിള്‍ ഡ്യൂട്ടിയില്‍ ഉള്‍പ്പെടുത്തി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ അനുവദിക്കുകയായിരുന്നു. ഇതാണിപ്പോള്‍ ഇല്ലാതായത്. മാസത്തില്‍ ലഭിക്കുന്ന സ്ഥിരം അവധികളും ഉള്‍പ്പെടെ പതിമൂന്ന് ദിവസമായിരുന്നു ഒരു ജീവനക്കാരന്റെ ഡ്യൂട്ടി.
എന്നാല്‍, പുതിയ പരിഷ്‌ക്കാരം വന്നതോടെ നാലു ദിവസം അധികം ജോലിക്കെത്തണം. പതിനായിരം രൂപയില്‍ കൂടുതല്‍ വരുമാനമുള്ള ഓര്‍ഡിനറി സര്‍വിസുകളെ നിലവിലുണ്ടായിരുന്നതുപോലെ ഡബിള്‍ഡ്യൂട്ടിയില്‍ ഉള്‍പ്പെടുത്തി മുന്നോട്ടു പോകാമെന്നും ഉത്തരവില്‍ പറയുന്നു. കണ്‍സഷന്‍ കാര്‍ഡിന് പ്രൊസസിങ് ഫീസ് ഈടാക്കുന്ന നടപടി വിദ്യാര്‍ഥികളുടെ നട്ടെല്ലൊടിക്കുന്നതാണെന്നാണ് വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."