ഹൈവേ കൊള്ളസംഘത്തലവന്‍ 'പട്ടാളം വിപിന്‍' അറസ്റ്റില്‍
വാളയാര്‍: ബാംഗ്ലൂര്‍ കൊച്ചിന്‍ ദേശീയ പാത , ചെന്നൈയില്‍ നിന്നും കേരളത്തിലേക്ക് വരുന്ന തീവണ്ടികള്‍ എന്നിവ കേന്ദ്രീകരിച്ച് സ്വര്‍ണ്ണ വ്യാപാരികള്‍, കുഴല്‍പ്പണം കടത്തുകാര്‍ എന്നിവരെ പൊലിസാണെന്ന് ചമഞ്ഞ് ബസില്‍ നിന്നും, ട്രൈയിനില്‍ നിന്നും ഇറക്കി സ്വകാര്യ വാഹനങ്ങളില്‍ കയറ്റിക്കൊണ്ടുപോയി മുതലുകള്‍ കൊള്ളയടിക്കുന്ന വന്‍ സംഘത്തിന്റെ തലവനും സൂത്രധാരനുമായ തൃശൂര്‍, അരിമ്പൂര്‍, വെളുത്തൂര്‍, കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ വിപിന്‍ എന്ന പട്ടാളം വിപിന്‍ (23) നെയാണ് ഇന്നലെ വാളയാര്‍ എസ്.ഐ എസ് അന്‍ഷാദിന്റെ നേതൃത്വത്തില്‍ തൃശൂര്‍, വെളുത്തൂരില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. കൊള്ളസംഘത്തിലെ നാലുപേരെ കഴിഞ്ഞയാഴ്ച വാളയാര്‍ പൊലീസും, ജില്ലാ ക്രൈം സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയിരിന്നു. കൂട്ടാളികള്‍ പിടിയിലായതറിഞ്ഞ് ഒളിവില്‍ പോയ വിപിന്‍ പല സ്ഥലങ്ങളിലായി മാറി മാറി താമസിച്ചു വരികയായിരുന്നു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതി ഇന്നലെ വലയിലായത്. സുജീഷ് , സുലൈമാന്‍, ബിജു, സുരേന്ദ്രന്‍ എന്നിവരെയാണ് നേരത്തെ അറസ്റ്റു ചെയ്തത്. ഇവര്‍ ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ്. ഇതോടെ ഈ കേസില്‍ അറസ്റ്റു ചെയ്തവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞ ആഗസ്റ്റ് മാസം 29 ന് വാളയാര്‍ അതിര്‍ത്തിയില്‍ രാത്രി 12 മണിക്ക് ചെന്നെയിലേക്ക് പോകുന്ന കല്ലട ബസിനെ രണ്ട് കാറുകളിലെത്തിയ 7 അംഗ സംഘം തടഞ്ഞു നിര്‍ത്തുകയും പൊലീസിസാണെന്ന് പറഞ്ഞ് തൃശൂര്‍ സ്വദേശിയായ ജോണ്‍സണ്‍ എന്നയാളെ ബസില്‍ നിന്നും പിടിച്ചിറക്കി കാറില്‍ കയറ്റിക്കൊണ്ടുപോവുകയും ടിയാന്റെ പക്കലുണ്ടായിരുന്ന ഒന്നേ കാല്‍ കിലോ സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ച ശേഷം ദേശീയ പാതയില്‍ ഇറക്കി വിടുകയുമായിരുന്നു. തൃശൂര്‍, കുട്ടനെല്ലൂര്‍ സ്വദേശിയായ സ്വര്‍ണാഭരണ വ്യാപാരിയുടെ സ്വര്‍ണമാണ് കൊള്ളയടിച്ചത്. ഓര്‍ഡറനുസരിച്ച് വിവിധ സംസ്ഥാനങ്ങളിലെ ജ്വല്ലറികള്‍ക്ക് ആഭരണങ്ങള്‍ നിര്‍മിച്ചു നല്‍കുയാണ് ചെയ്യുന്നത്. ചെന്നൈ , കാഞ്ചി പുരത്തിലുള്ള ജ്വല്ലറിയിലേക്കുള്ള സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. ശേഷം വാളയാര്‍ പൊലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്യുകയും, പാലക്കാട് ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ഐ.പി.എസ്സിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസ് അന്വേഷിച്ചുവരവെയാണ് കാറിലെത്തിയ നാല്‍വര്‍ സംഘം വലയിലായത്. പ്രതികള്‍ സഞ്ചരിച്ച കാറില്‍ നിന്ന് വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ പൊലീസ് കണ്ടെത്തി. പ്രതികളെ പൊലിസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതില്‍ ഓഗസ്റ്റില്‍ നടന്നടക്കം നിരവധി കവര്‍ച്ചാ കേസുകള്‍ക്ക് തുമ്പായി. 2015 ല്‍ വാളയാര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ അട്ടപ്പള്ളം എന്ന സ്ഥലത്തുവെച്ച് തമിഴ്‌നാട് സര്‍ക്കാര്‍ ബസ് തടഞ്ഞു നിര്‍ത്തി തിരുപ്പൂര്‍ സ്വദേശിയായ ഉള്ളി വ്യാപാരി തങ്കവേലു എന്നയാളെ ബസ്സില്‍ നിന്നും പിടിച്ചിറക്കി കാറില്‍ കയറ്റിക്കൊണ്ടുപോയി 3 ലക്ഷം രൂപ കൊള്ളയടിച്ച ശേഷം പാലക്കാട് മലബാര്‍ ആശുപത്രിക്ക് സമീപം ദേശീയ പാതയില്‍ ഇറക്കിവിട്ട കേസ്സിനും തുമ്പായി. കൂടാതെ 2015 ബാംഗ്ലൂരില്‍ നിന്നും മലപ്പുറത്തേക്ക് ഹവാല പണവുമായി വന്ന കാര്‍ ഹൊസൂര്‍ ദേശീയ പാതയില്‍ വെച്ച് രണ്ട് കാറുകളിലായി എത്തിയ സംഘം തടഞ്ഞു നിര്‍ത്തി 3 കോടി രൂപ കൊള്ളയടിച്ചതും. 2015 ല്‍ സേലം ബസ് സ്റ്റാന്‍ഡില്‍ പൊലിസ് ചമഞ്ഞ് 30 ലക്ഷം രൂപ കൊള്ളയടിച്ചതും, 2016 ല്‍ സേലം കോയമ്പത്തൂര്‍ എല്‍ ആന്റ് ടി റോഡില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ബസ് തടഞ്ഞു നിര്‍ത്തി യുവാവില്‍ നിന്നും 40 ലക്ഷം രൂപ കൊള്ളയടിച്ചതും, 2017 ല്‍ സേലേത്തു നിന്നും തൃശൂരിലേക്ക് വരികയായിരുന്ന യുവാവിനെ പൊലിസ് ചമഞ്ഞ് ട്രെയിന്‍ ബാത്ത് റൂമില്‍ കയറ്റി 35 ലക്ഷം രൂപ കൊള്ളയടിച്ചതും, 2016 ല്‍ മലപ്പുറം വള്ളുവമ്പ്രം എന്ന സ്ഥലത്ത് പൊലിസ് വാഹനത്തിലെത്തിയ സംഘം വീട് റെയ്ഡ് ചെയ്ത് 62 ലക്ഷം രൂപ കൊള്ളയടിച്ചതും, 2017 ല്‍ കോയമ്പത്തൂരില്‍ നിന്നും പാലക്കാടേക്ക് വന്ന തമിഴ് നാട് ബസ്സ് ചാവടി എന്ന സ്ഥലത്ത് തടഞ്ഞു നിര്‍ത്തി 35 ലക്ഷം കൊള്ളയടിച്ചതും, 2016 ല്‍ ഗോപാലപുരം ചെക്‌പോസ്റ്റിനടുത്തു വെച്ച് പൊലിസ് ചമഞ്ഞ് രണ്ട് ലോറികള്‍ തടഞ്ഞ് 13 ലക്ഷം കൊള്ളയടിച്ചതും, ഇതേ കൊള്ളസംഘമാണെന്ന് തെളിഞ്ഞു. കൊള്ളയടിച്ച സ്വര്‍ണത്തില്‍ ഒരു കിലോ എറണാകുളം ജില്ലയിലെ ഒരു ജ്വല്ലറിയില്‍ പ്രതികള്‍ വില്‍പന നടത്തിയത് പൊലീസ് കണ്ടെടുത്തിരുന്നു. ബാക്കി സ്വര്‍ണം തൃശൂരിലെ ഒരു ജ്വല്ലറിയില്‍ വിറ്റതായി വിപിന്‍ പറഞ്ഞു. കൊള്ള നടത്തുന്നതിനായി സംഘം ഉപയോഗിച്ചു വന്നിരുന്ന രണ്ട് കാറുകള്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. കൊള്ള മുതലുകള്‍ പങ്കുവെച്ചെടുത്ത് പ്രതികള്‍ ആര്‍ഭാട ജീവിതമാണ് നടത്തി വരുന്നത്. ഹവാല പണമായതിനാല്‍ കൂടുതല്‍ സംഭവങ്ങളിലും പരാതിക്കാര്‍ കേസ് നല്‍കാന്‍ മുതിരാറില്ല ഇതാണ് കൊള്ളസംഘത്തിന് പ്രചോദനമായത്. കേരള തമിഴ്‌നാട് സംസ്ഥാന അതിര്‍ത്തി കേന്ദ്രീകരിച്ച് നടത്തുന്ന കവര്‍ച്ചക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ തമിഴ്‌നാട് പൊലിസ് താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. പാലക്കാട് ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹറയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് ഇത്തരം കേസ്സുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചത്. വിപിന് നേരത്തെ താമരശ്ശേരി പൊലിസ് സ്റ്റേഷനില്‍ വ്യാജ നമ്പര്‍ ഉപയോഗിച്ച് വാഹനമോടിച്ചതിന് കേസുണ്ട്. ബാക്കി പ്രതികളെക്കുറിച്ചും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്, നടപടിക്രമങ്ങള്‍ക്കു ശേഷം പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."