സംസ്ഥാനത്ത് പ്രതിവര്‍ഷം പിടികൂടുന്നത് പത്ത് ടണ്ണോളം ലഹരി വസ്തുക്കള്‍
വാളയാര്‍: സംസ്ഥാനത്ത് ലഹരിക്കടത്ത് തടയുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ പരിശ്രമിക്കുമ്പോഴും പ്രതിവര്‍ഷം സംസ്ഥാനത്താകമാനം പിടിക്കുന്നത് 10 ടണ്ണോളം ലഹരിവസ്തുക്കളെന്ന് കണക്കുകള്‍. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ ലഹരി വസ്തുക്കള്‍ പിടിച്ചത് കഴിഞ്ഞ വര്‍ഷമാണ്. കഴിഞ്ഞവര്‍ഷം മാത്രം സംസ്ഥാനത്തുനിന്ന് 7573 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
ലഹരിക്കടത്തുമായി ബന്ധപ്പെട്ട് 7882 പേര്‍ അറസ്റ്റിലായിട്ടുണ്ട്. നിരോധിത പുകയിലയുത്പന്നം മുതല്‍ അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന ന്യൂജെന്‍ ലഹരി വസ്തുക്കള്‍ വരെയാണ് അനുദിനം സംസ്ഥാനത്തു നിന്നും ലഹരി വേട്ടയുടെ ഭാഗമായി പിടിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മാത്രം പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ ഏകദേശം 1000 കോടിയോളം വിപണി വില വരുന്നതാണ്.
അടുത്ത കാലത്തായി സംസ്ഥാനത്തേക്കുള്ള ലഹരിക്കടത്തില്‍ കൂടുതലും കഞ്ചാവാണെന്നതാണ് എക്‌സൈസിനെ കുഴക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം സംസ്ഥാനത്ത് പിടിച്ചത് 1893 കിലോ കഞ്ചാവാണ്. 2186 കഞ്ചാവു ചെടികളും അട്ടപ്പാടിയുള്‍പ്പെടെയുള്ള മേഖലകളില്‍ നിന്ന് എക്‌സൈസ് അധികൃതര്‍ കണ്ടെത്തി നശിപ്പിച്ചിട്ടുണ്ട്.
കഞ്ചാവിനു പുറമെ 32.14 കിലോ എം.ഡി.എം.എ, 6.4 കിലോ എല്‍.എസ്.ഡി, ഹാഷ് ഓയില്‍, 39കിലോ ഹെറോയിന്‍, 321 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 840 ഗ്രാം ഓപ്പിയം, 85 ഗ്രാം മാജിക് മഷ്‌റൂം, 296 സയസ്പാം ആംപ്യൂള്‍, 597 ലോറാവെപാം ടാബ്, 10685 നൈട്രാസെപാം, 19,943 സ്പാസ്‌മോ ടാബ് എന്നിങ്ങനെ പോവുന്നു പിടിച്ചെടുത്ത ലഹരി വസ്തുക്കളുടെ നിര.
ഇതില്‍ ഗുളിക രൂപത്തില്‍ പലതും ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവന്നതാണെന്നിരിക്കെ ക്യാരിയര്‍മാരില്‍ കൂടുതലും വിദ്യാര്‍ഥികളുമാണ്.
രാജ്യത്തെ ലഹരിയുപയോഗത്തില്‍ കേരളം രണ്ടാം സംസ്ഥാനമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതിനു പുറമെയാണ് ഓണം, ക്രിസ്മസ് സീസണിലെ സ്പിരിറ്റു വേട്ടയും.
ജനുവരി-ഫെബ്രുവരി കാലയളവിലാണ് കഞ്ചാവിന്റെ വിളവെടുപ്പുകാലമെന്നിരിക്കെ വരും മാസങ്ങളില്‍ കഞ്ചാവു കടത്തും വര്‍ധിക്കാനുള്ള സാധ്യതകളേറെയാണ്.
ലഹരിക്കടത്തുകാര്‍ പലരും നാളുകള്‍ കഴിയുന്നതോടെ സാമ്പത്തിക രാഷ്ട്രീയ സമ്മര്‍ദത്തോടെ പുറത്തിറങ്ങുമെന്നതിനാല്‍ വീണ്ടും കടത്തില്‍ സജീവമാകും. റെയില്‍വേ സ്റ്റേഷനുകളില്‍ അടുത്തകാലത്തായി ലഹരി കടത്തുകള്‍ പിടിക്കുമ്പോള്‍ ഉപേക്ഷിക്കപ്പെടുന്ന ലഹരിക്കേസുകള്‍ വര്‍ധിക്കുകയാണ്.
പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ മാത്രം ഇത്തരത്തില്‍ 100 കിലോയോളം കഞ്ചാവാണ് ഈ വര്‍ഷം ആളില്ലാത്ത നിലയില്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."