രക്തത്തില്‍ കുളിച്ച് കുഞ്ഞുങ്ങള്‍; കണ്ടുനിന്നവര്‍ അലമുറയിട്ടു
താമരശേരി: സംഭവസ്ഥലത്ത് വച്ചു മരിച്ചവരെ തൊട്ടടുത്ത കൈതപ്പൊയില്‍ കരുണ ക്ലിനിക്കിലെത്തിച്ചത് നാട്ടുകാരായിരുന്നു. തലക്കും ദേഹത്തുമേറ്റ ഗുരുതര പരുക്ക് കാരണം രക്തം വാര്‍ന്നായിരുന്നു അവരുടെ മരണം. അപകടത്തില്‍പ്പെട്ട പിഞ്ചുകുഞ്ഞുങ്ങളെ രക്തം വാര്‍ന്നൊലിക്കുന്ന നിലയില്‍ പ്രദേശവാസികളായ യുവാക്കള്‍ നെഞ്ചോടു ചേര്‍ത്ത് വാഹനങ്ങളെയും തിരക്കിയോടുന്നത് കരളലിയിപ്പിക്കുന്നതായിരുന്നു. തൊട്ടടുത്ത വീട്ടില്‍നിന്ന് കൊണ്ടുവന്ന കുടിവെള്ളം മരണത്തോട് മല്ലടിക്കുന്ന കുട്ടികളടക്കമുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാനും യുവാക്കള്‍ മറന്നില്ല. രക്തത്തില്‍ കുളിച്ചു കിടക്കുന്ന കുട്ടികളെ കണ്ട ബസിലെ യാത്രക്കാരായ സ്ത്രീകളും കുട്ടികളും അലമുറയിടുന്നുണ്ടായിരുന്നു. വയനാട് വടുവന്‍ചാലിലെ ബന്ധുവീട്ടില്‍ പോയി തിരിച്ചു വരികയായിരുന്നു കരുവന് പൊയില്‍ വടക്കേകര അബ്ദുറഹ്മാനും കുടുംബാംഗങ്ങളും. ചുരമിറങ്ങി വീട്ടിലെത്താന്‍ ഏകദേശം 13 കിലോമീറ്റര്‍ കൂടിയെ സഞ്ചരിക്കാനുണ്ടായിരുന്നുള്ളൂ. അതിനിടെയാണ് നാടിനെയൊന്നാകെ ദുഃഖത്തിലാഴ്ത്തിയ അപകടമുണ്ടായത്.
ജീപ്പിലുണ്ടായിരുന്ന കരുവന്‍പൊയില്‍ വടക്കേക്കര ഷാജഹാന് (35), ഭാര്യ ഹസീന (26), കരുവന്‍പൊയില്‍ സഫീന (30), മകള്‍ കദീജ മിയ (10), മലയമ്മ വെണ്ണക്കോട് ചാലില്‍ ആയിഷ നുഹ (8), കാറിലുണ്ടായിരുന്ന മേലാറ്റൂര്‍ കാഞ്ഞിരംപാറ കൊളക്കാട്ടില് മുഹമ്മദലി (63) ഭാര്യ മൈമൂന (50), ഡ്രൈവര്‍ കൊരനാത്ത് റഷീദ് (35), ബസിലുണ്ടായിരുന്ന കുന്ദമംഗലം സ്വദേശി ഹാജറ (36), പടനിലം ആമിന (64) എന്നിവരെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബസ് യാത്രക്കാരായ അമ്പായത്തോട് അമ്മാളു (65), തങ്കമണി (60), ബത്തേരി സൈനബ (62) എന്നിവര്‍ താമരശേരി താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ബസിലുണ്ടായിരുന്ന നിരവധിപേര്‍ക്ക് നിസാര പരുക്കേറ്റിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."