പാടങ്ങളില്‍ പുഴുക്കളുടെ ശല്യത്തോടൊപ്പം വെള്ളീച്ചയും; ദുരിതത്തിലായി കര്‍ഷകര്‍
പട്ടാമ്പി: താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ രണ്ടാംവിള നെല്‍ക്കൃഷിയിറക്കിയ പാടങ്ങളില്‍ കര്‍ഷകര്‍ക്ക് ദുരിതമായി പുഴുശല്യം. പാടങ്ങളില്‍ പുഴുക്കളുടെ ശല്യത്തോടൊപ്പം വെള്ളീച്ചയും ഭീഷണിയായുണ്ട്. നേരത്തേ ഞാറ്റടിക്ക് മഞ്ഞളിപ്പ് വന്നപ്പോള്‍ മരുന്ന് തെളിച്ചിരുന്നു. നടീല്‍ നടത്തിയതിനുശേഷവും നെല്‍ച്ചെടികള്‍ക്ക് കടുത്ത രോഗബാധയാണുണ്ടായിട്ടുള്ളത്. നടീല്നടത്തി 10 മുതല്‍ 15 ദിവസം പിന്നിട്ട നെല്ച്ചെടികള്ക്കാണ് രോഗം കൂടുതലുള്ളത്. നെല്‍ച്ചെടികള്‍ക്ക് വെള്ളനിറം വന്നിട്ടുണ്ട്.
ഏറെ സാമ്പത്തിക പരാധീനതകള്‍ക്കിടയിലാണ് പല കര്‍ഷകരും രണ്ടാംവിളയിറക്കിയത്. കഴിഞ്ഞവര്‍ഷവും വരള്‍ച്ചക്കൊപ്പം നെല്‍ക്കൃഷിക്ക് ഭീഷണിയായി ഓലചുരുട്ടിപ്പുഴുവിന്റെ ശല്യമുണ്ടായിരുന്നു. ഈ വര്‍ഷവും നടീല്‍കഴിഞ്ഞ് ഏതാനും നാളുകള്‍ പിന്നിടുമ്പോഴേക്കാണ് പുഴുശല്യമെത്തുന്നത്. മുള്ളുകള്‍കൊണ്ട് ഇലച്ചുരുളുകള്‍ തുറന്ന് ഗോമൂത്രം, കാന്താരിമുളക് എന്നിവചേര്‍ത്തുള്ള ലായനിയോ ബ്യുവേറിയ ബാസിയാന എന്ന ജൈവ കീടനാശിനിയോ തെളിച്ചാണ് കര്‍ഷകര്‍ പുഴുശല്യത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്.
ആക്രമണം കൂടുതലുള്ള മേഖലകളില്‍ ഫെര്‍ട്ടറ എന്ന സുരക്ഷിത കീടനാശിനി ഏക്കറിന് നാലുകിലോയെന്ന തോതിലും ഉപയോഗിക്കുന്നുണ്ട്. ജൈവകൃഷിക്ക് മുന്‍തൂക്കമുള്ള പടിഞ്ഞാറന്‍മേഖലയില്‍ ഓലചുരുട്ടിപ്പുഴുവിനെതിരേ ജൈവകീടനാശിനി തന്നെയാണ് തെളിക്കുന്നത്. പുഴുക്കളുടെ ശല്യത്തിനുപുറമേ കളശല്യവും കര്‍ഷകര്‍ അനുഭവിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."