പ്രിയങ്കയെ തടഞ്ഞതില്‍ ന്യായീകരണം,
ലഖ്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ അറസ്റ്റിലായവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ തടഞ്ഞതിനെ ന്യായീകരിച്ച് ഉത്തര്‍പ്രദേശ് പൊലിസ്. തന്നെ കൈയേറ്റം ചെയ്‌തെന്ന പ്രിയങ്കയുടെ ആരോപണം നിഷേധിച്ച ലഖ്‌നൗ പൊലിസ്, അവരുടെ സുരക്ഷ മുന്‍നിര്‍ത്തി തടയുകയാണ് ചെയ്തതെന്നും അതു തങ്ങളുടെ ജോലിയുടെ ഭാഗമാണെന്നും ന്യായീകരിച്ചു.
പ്രിയങ്കാ ഗാന്ധി നേരത്തെ തീരുമാനിച്ചിരുന്ന റൂട്ടില്‍നിന്നു മാറി മറ്റൊരു റൂട്ടിലൂടെ യാത്ര ചെയ്യാനാരംഭിച്ചപ്പോഴാണ് തടഞ്ഞതെന്നാണ് പൊലിസിന്റെ വിശദീകരണം. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിനിടെ പൊലിസ് അറസ്റ്റ് ചെയ്ത മുന്‍ ഐ.പി.എസ് ഓഫിസര്‍ ധാരാപുരിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോകുമ്പോഴായിരുന്നു പ്രിയങ്കയെ യു.പി പൊലിസ് വഴിയില്‍ തടഞ്ഞത്. പ്രിയങ്കയുടെ വാഹനത്തിനു മുന്നില്‍ പൊലിസ് വാഹനം കുറുകെയിട്ടു തടയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതോടെ, വാഹനത്തില്‍ നിന്നിറങ്ങിയ പ്രിയങ്ക ഞൊടിയിടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ സ്‌കൂട്ടറില്‍ കയറി യാത്ര തുടര്‍ന്നു. പിന്നാലെ പൊലിസും എത്തി. തുടര്‍ന്നു റോഡരികിലൂടെ അല്‍പദൂരം നടന്നാണ് പ്രിയങ്ക ധാരാപുരിയുടെ വീട്ടിലെത്തിയിരുന്നത്.
തന്നെ പൊലിസ് കൈയേറ്റം ചെയ്തതായും കഴുത്തിനു പിടിച്ചു തള്ളിയതായും അവര്‍ ആരോപിച്ചിരുന്നു. എന്നാല്‍, അതുണ്ടായിട്ടില്ലെന്നാണ് സംഭവസമയത്തു സുരക്ഷാ ചുമതലയുണ്ടായിരുന്ന അര്‍ച്ചനാ സിങ് എന്ന പൊലിസ് ഉദ്യോഗസ്ഥ ഉന്നത ഉദ്യോഗസ്ഥര്‍ക്കു നല്‍കിയ കത്തില്‍ വിശദീകരിച്ചിരിക്കുന്നത്.
അതേസമയം, പൊലിസ് നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസടക്കം പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ബി.എസ്.പി നേതാവ് മായാവതി, എസ്.പി നേതാവ് അഖിലേഷ് യാദവ് തുടങ്ങി നിരവധി നേതാക്കള്‍ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
പൊലിസ് നടപടിക്കെതിരേ ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും ഇന്നലെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങളും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."