മുഖ്യമന്ത്രി മാന്യത വിട്ട് പെരുമാറുന്നതായി ഗവര്‍ണര്‍
പുതുച്ചേരി: പൗരത്വ നിയമ ഭേദഗതിയടക്കം വിവിധ വിഷയങ്ങളില്‍ വിവിധ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരും സര്‍ക്കാരും തമ്മിലുള്ള ഭിന്നതകള്‍ മറനീക്കുന്നതിനിടെ പുതുച്ചേരിയിലും ഗവര്‍ണര്‍-മുഖ്യമന്ത്രി പോര്.
പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമി മാന്യതവിട്ടു പെരുമാറുന്നെന്നാണ് ഗവര്‍ണര്‍ കിരണ്‍ ബേദി ഇന്നലെ ആരോപിച്ചത്.
വിവിധ വിഷയങ്ങളിലെ അഭിപ്രായ വ്യത്യാസവും ഗവര്‍ണറുടെ സ്വേച്ഛാധിപത്യ പ്രവണതയും കാരണം അവരെ തിരിച്ചുവിളിച്ചു മറ്റൊരാളെ ഗവര്‍ണറായി നിയമിക്കണമെന്നു ദിവസങ്ങള്‍ക്കു മുന്‍പ് മുഖ്യമന്ത്രി രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ രംഗത്തെത്തിയിരിക്കുന്നത്.
ഗവര്‍ണറുടെ പദവിയെ മാനിക്കാത്ത നിലയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണങ്ങളെന്നാണ് കിരണ്‍ ബേദിയുടെ പരാതി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് ഇ-മെയില്‍ സന്ദേശമയച്ച ഗവര്‍ണര്‍, ആ സന്ദേശം മാധ്യമങ്ങള്‍ക്കു നല്‍കുകയും ചെയ്തു. സര്‍ക്കാരിനെതിരേ പ്രതികാരബുദ്ധിയോടെയാണ് ഗവര്‍ണര്‍ പെരുമാറുന്നതെന്നു നേരത്തേതന്നെ മുഖ്യമന്ത്രി ആരോപിക്കുന്നുണ്ട്.
പുതുച്ചേരിക്കു പുറമേ പശ്ചിമ ബംഗാളിലും സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള അഭിപ്രായഭിന്നത പരസ്യമായിട്ടുണ്ട്. കേരളത്തില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ശാസ്ത്രകോണ്‍ഗ്രസില്‍ സംസാരിച്ച ഗവര്‍ണര്‍ക്കെതിരേ സദസിലുള്ളവര്‍തന്നെ വന്‍ പ്രതിഷേധമുയര്‍ത്തിയത് കഴിഞ്ഞ ദിവസമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."