സൈക്ലിങില്‍ പുത്തന്താരോദയമായി വൈശാഖ്
നിസാം കെ. അബ്ദുല്ല#
കല്‍പ്പറ്റ: സൈക്ലിങില്‍ പുതിയ താരോദയമായി മൈസൂരുവില്‍ സ്ഥിര താമസക്കാരനായ മലയാളി കെ.വി വൈശാഖ്. പൂനെയില്‍ ഇക്കഴിഞ്ഞ ദേശീയ മൗണ്ടെയ്ന് സൈക്ലിങ് ചാംപ്യന്‍ഷിപ്പില്‍ രണ്ടിനങ്ങളില്‍ സ്വര്‍ണം നേടിയാണ് വൈശാഖ് വരവറിയിച്ചത്. എം.ടി.ബി ട്രയല്‍, മാസ്റ്റ് സ്റ്റാര്‍ട്ട് ഇനങ്ങളില്‍ അണ്ടര്‍ 18 വിഭാഗത്തിലാണ് ഈ പതിനേഴുകാരന് സ്വര്‍ണമണിഞ്ഞത്. ഈ വര്‍ഷം തന്നെ ഹരിയാനയില്‍ നടന്ന റോഡ് റേസിങ് സൈക്ലിങില്‍ വെങ്കലവും നേടിയിരുന്നു. വൈശാഖ് പെരുമ്പാവൂര്‍ കല്ലൂര്‍ക്കാട് സ്വദേശിയാണ്. ഒരു വര്‍ഷം മുന്‍പ് സൈക്ലിങിലേക്ക് തിരിഞ്ഞ വൈശാഖ് കൈപ്പിടിയിലൊതുക്കിയത് സ്വപ്ന സമാന നേട്ടങ്ങളാണ്. മൈസൂരുവില്‍ സൈക്കിള്‍ വില്പന നടത്തുന്ന സൈക്ലോപീഡിയ എന്ന സ്ഥാപനത്തിന്റെ ഉടമ ലോഗേഷ് നരസിംഹചാറാണ് തന്നെ സൈക്ലിങിലേക്ക് വഴിതിരിച്ച് വിട്ടതെന്ന് വൈശാഖ് പറഞ്ഞു. ലോഗേഷ് പകര്‍ന്ന് നല്കിയ അറിവുമായി സൈക്കിളില്‍ കുതിച്ച വൈശാഖിന് ഇത്തവണത്തെ ടൂര്‍ ഓഫ് നീലഗിരി റാലിയില്‍ പങ്കെടുക്കാനും അവസരം ലഭിച്ചു. റാലിയിലെ ഏറ്റവും പ്രായം കുറഞ്ഞ റൈഡറും വൈശാഖായിരുന്നു. വരുംനാളുകളില്‍ രാജ്യത്തിന് സൈക്ലിങില്‍ മുതല്‍ക്കൂട്ടാവുന്ന താരങ്ങളുടെ പട്ടികയില്‍ പ്രഥമ സ്ഥാനീയനായിരിക്കും വൈശാഖെന്നാണ് റാലിയുടെ കോ-ഓര്‍ഡിനേറ്ററും റൈഡ് എ സൈക്കിള്‍ ഫൗണ്ടേഷന് സഹസ്ഥാപകനുമായ ശ്രീധര്‍ പബ്ബിസെറ്റി പറഞ്ഞത്. ലോകോത്തര താരങ്ങള്‍ക്കൊപ്പമുള്ള റൈഡ് തനിക്ക് കൂടുതല്‍ അറിവുകള്‍ പകര്‍ന്ന് നല്‍കുന്നുണ്ടെന്ന് വൈശാഖ് പറഞ്ഞു. നെതര്‍ലന്‍ഡിന്റെ ലോകതാരം നീല്‍സ് ബ്രാഡ്ബെര്ഗ് അടക്കമുള്ള താരങ്ങളാണ് ഇത്തവണത്തെ റാലിയിലുള്ളത്. ഇവര്‍ക്കൊപ്പമുള്ള റൈഡ് സൈക്ലിങിലെ പുതിയ അറിവുകളാണ് വൈശാഖിന് സമ്മാനിച്ചത്.
മൈസൂരു ബി.ആര്.സി ഉദ്യോഗസ്ഥനായ കെ.എന്‍ വിജയകുമാറിന്റെയും അധ്യാപികയായ ടി.കെ ലളിതയുടെയും മകനാണ് വൈശാഖ്. ആര്യ സഹോദരിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."