നിര്‍മാണം നിലച്ചു; ഇഞ്ചക്കാട്-പെരുങ്കുളം റോഡില്‍ കാല്‍നടയാത്ര പോലും അസാധ്യം
കൊട്ടാരക്കര: നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചതിനെ തുടര്‍ന്ന് ഇഞ്ചക്കാട് ശില്ലാ മുക്ക്-പെരുങ്കുളം റോഡ് തോടിനു സമാനമായി മാറി. വാഹനയാത്ര ദുഷ്‌കരമായിരുന്ന റോഡില്‍ ഇപ്പോള്‍ കാല്‍നടയാത്ര പോലും അസാധ്യമായിരിക്കുകയാണ്.
തകര്‍ന്നു കിടന്നിരുന്ന ഈ റോഡ് പുനരുദ്ധരിക്കാന്‍ പഞ്ചായത്ത് നടപടി സ്വീകരിച്ചതിനെ തുടര്‍ന്നാണ് സഞ്ചാരയോഗ്യമല്ലാതായി തീര്‍ന്നത്. പഞ്ചായത്ത് ഫണ്ടുപയോഗിച്ച് റോഡ് മൊത്തത്തില്‍ പുനര്‍നിര്‍മിക്കാതെ തകര്‍ന്ന ഭാഗങ്ങള്‍ പുനരുദ്ധരിക്കാനുള്ള ശ്രമമാണ് നടത്തിയത്. ഇതിനായി കരാറുകാരന്‍ കുണ്ടും കുഴിയുമായി മണ്ണടിഞ്ഞു കൂടിയിരുന്ന ഭാഗത്തെ മണ്ണ് ജെ.സി.ബി ഉപയോഗിച്ച് ഇരു വശത്തേക്കും മാറ്റിവച്ചു. ഇതിനിടയില്‍ പഞ്ചായത്തധികൃതരും കരാറുകാരനും തമ്മില്‍ തര്‍ക്കമുണ്ടാവുകയും കരാറുകാരന്‍ പണി ഉപേക്ഷിക്കുകയും ചെയ്തു. മഴയെ തുടര്‍ന്ന് ഈ ഭാഗത്തെല്ലാം ഇപ്പോള്‍ വെള്ളം കെട്ടിക്കിടക്കുകയാണ്. ഈ റോഡാരംഭിക്കുന്ന ശില്‍പാ ജങ്ഷനിലും റോഡ് കുത്തിപ്പൊളിച്ചിട്ടിരിക്കുകയാണ്.
മാസങ്ങള്‍ കഴിഞ്ഞിട്ടും റോഡ് നിര്‍മാണം പുനഃരാരംഭിച്ചിട്ടില്ല. റോഡിന്റെ ദുരവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭം ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജി.ആര്‍ നരേന്ദ്രനാഥ് അറിയിച്ചു. നിലവാരമില്ലാത്ത നിര്‍മാണ സാമഗ്രികള്‍ ഉപയോഗിക്കാനുള്ള കരാറുകാരന്റെ നീക്കം തടയുകയാണുണ്ടായതെന്നും റോഡിന്റെ നവീകരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും വാര്‍ഡുമെമ്പര്‍ ഉണ്ണിക്കൃഷ്ണന്‍ നായരും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."