അവിയലിന്റെ പേരില്‍ ടൂറിസം വകുപ്പിന് ട്വിറ്ററില്‍ പൊങ്കാല
കൊച്ചി: ഒരു അവിയലിന്റെ ചിത്രം തങ്ങളുടെ ട്വിറ്റര്‍ പേജിനെ അവിയലുപോലാക്കുമെന്ന് കേരളാ ടൂറിസം വകുപ്പ് ഒരിക്കലും കരുതിക്കാണില്ല. പടത്തിനു കീഴെ മത്സരിച്ചാണ് മലയാളികള്‍ പൊങ്കാലയിടുന്നത്. 'നാളികേരത്തിന്റെ പേസ്റ്റുകൊണ്ട് പൊതിഞ്ഞ നാടന്‍ പച്ചക്കറികളുടെ സമ്മേളനം' എന്ന വിശദീകരണത്തോടെയാണ് അവിയലെന്ന പേരില്‍ ട്വിറ്റര്‍ കേരളാ ടൂറിസം വകുപ്പ് പടം പങ്കുവെച്ചത്. എന്നാല്‍ പേരിനൊപ്പം കൊടുത്ത ഫോട്ടോ അവിയലിന്റെ ഏഴയലത്തു വരില്ലെന്നും പറഞ്ഞാണ് ലോകമെമ്പാടുമുള്ള മലയാളികള്‍ ഇതിനെ തലങ്ങും വിലങ്ങും ആക്രമിച്ചത്.
'ഭാര്യ ഇങ്ങനെ ഒരു അവിയലുണ്ടാക്കിത്തന്നു 'എന്ന ഒരൊറ്റക്കുറ്റം മാത്രം മതിയാവും കേരളത്തിലെ ഏതൊരു ഫാമിലി കോര്‍ട്ടില്‍ നിന്നും വിവാഹമോചനം അപ്പോള്‍ തന്നെ വിധിച്ചു കിട്ടാനെന്ന് എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തു. അവിയലിനെ ഇങ്ങിനെ അപമാനിക്കരുതെന്നാണ് ഭൂരിഭാഗം ആളുകളും കമന്റ് ചെയ്തിരിക്കുന്നത്. ഇതിന്റെ റസിപ്പി കിട്ടുമോ ഡിവോഴ്‌സ് റെഡിയാക്കാനാണെന്നും ചില രസികര്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇതുകൂടാതെ ശരിക്കുമുള്ള അവിയലിന്റെ ചിത്രങ്ങളും പലരും പോസ്റ്റ് ചെയ്തിട്ടുണ്ട്.
മലയാളികളുടെ മസാലയുടെയും വെളിച്ചെണ്ണയുടേയും ഉപയോഗം വിദേശികള്‍ക്ക് പൊതുവേ പരിഹസിക്കാനുള്ള വകയാണ്. ഇത് ഒഴിവാക്കാനാണ് വെജിറ്റബിള്‍ സാലഡിന്റെ ലക്ഷണമുള്ള ഒരു വിഭവമുണ്ടാക്കി അതിന് 'അവിയല്‍' എന്ന പേരുമിട്ട് ടൂറിസം വകുപ്പ് പങ്കുവച്ചത്. എന്നാല്‍ സംഗതി കൈവിട്ടതോടെ ട്വിറ്റര്‍ അക്കൗണ്ട് ഇപ്പോള്‍ അവിയല്‍ മയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."