പ്രധാനാധ്യാപകന് പകരം 'അപരന്‍' പഠിപ്പിക്കേണ്ട
ബഷീര്‍ എടച്ചേരി#
എടച്ചേരി: പ്രൈമറി സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ പകരം അധ്യാപകരെ വച്ച് ക്ലാസ് എടുക്കുന്നതിനെതിരേ കര്‍ശന നടപടികളുമായി വിദ്യാഭ്യാസ വകുപ്പ് . സ്‌കൂള്‍ സംബന്ധമായ നിരവധി തിരക്കുകള്‍ക്കിടയില്‍ പ്രധാനാധ്യാപകര്‍ക്ക് പലപ്പോഴും ക്ലാസുകളില്‍ കൃത്യമായി പോകാന്‍ സമയം ലഭിക്കാറില്ല. ഈ സാഹചര്യത്തില്‍ കുട്ടികളുടെ പഠനം മുടങ്ങരുതെന്ന് കരുതി സ്വന്തം ചെലവില്‍ പ്രധാനാധ്യാപകരില്‍ പലരും പകരം അധ്യാപകനെ നിയമിച്ചിരുന്നു. ഇങ്ങനെ പകരക്കാരെ കൊണ്ട് പഠിപ്പിക്കുന്നതിനെതിരേ വിദ്യാഭ്യസ വകുപ്പ് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പല ജില്ലകളിലും പ്രധാന അധ്യാപകര്‍ ഉച്ചഭക്ഷണം ഉള്‍പ്പെടെയുള്ള മറ്റു ജോലികള്‍ ചെയ്തു തീര്‍ക്കാനുള്ളതിനാല്‍ പകരക്കാരെ വെക്കുന്ന രീതി തുടര്‍ന്നു വരികയായിരുന്നു.
ഇതു ശ്രദ്ധയില്‍പെട്ട വിദ്യാഭ്യാസ വകുപ്പ് ഇതിനെതിരേ ശക്തമായ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. വിദ്യാഭ്യാസ ഉപജില്ലാ ഓഫിസര്‍മാരുടെ (എ.ഇ.ഒ) യോഗം വിളിച്ചു കൂട്ടിയാണ് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. എ.ഇ.ഒമാര്‍ വിദ്യാലയങ്ങളില്‍ പകരക്കാരെ വെക്കുന്ന പ്രധാന അധ്യാപകരുടെ പേര് വിവരം ജില്ലാ ഓഫിസര്‍ക്ക് നല്‍കണം. പിടിക്കപ്പെട്ടാല്‍ ഈ അധ്യയന വര്‍ഷം ഇവര്‍ വാങ്ങിച്ച ശമ്പളം മുഴുവനായും തിരിച്ചടക്കേണ്ടി വരുമെന്നും ഉപജില്ലാ ഓഫിസര്‍മാര്‍ പ്രധാന അധ്യാപകരെ അറിയിച്ചു കഴിഞ്ഞു.
അതേസമയം ഈ നിയമം കര്‍ശനമാക്കിയാല്‍ കുട്ടികളുടെ അധ്യയനം മുടങ്ങുമെന്നാണ് പ്രധാന അധ്യാപകരുടെ വാദം. പ്രൈമറി സ്‌കൂളുകളില്‍ സബ്ജക്ട് സിസ്റ്റത്തിന് പകരം ക്ലാസ് സിസ്റ്റം ആയതിനാല്‍ ഒരു അധ്യാപകന്‍ തന്നെയാണ് എല്ലാ വിഷയങ്ങളും പഠിപ്പിക്കേണ്ടത്. അത് കൊണ്ട് തന്നെ ഒരു ദിവസം അധ്യാപകന്‍ സ്‌കൂളിലില്ലെങ്കില്‍ ദിവസം മുഴുവന്‍ കുട്ടികള്‍ക്ക് നഷ്ടപ്പെടുകയാണ്. ഈ സാഹചര്യം ഒഴിവാക്കാന്‍ അടിയന്തര നടപടിയുണ്ടാകണമെന്നാണ് പ്രധാനാധ്യാപകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."