യു.എൻ റിപ്പോർട്ട് അതിശയോക്തം, റോഹിങ്ക്യകൾക്കെതിരെ അതിക്രമം നടന്നിട്ടില്ലെന്ന് മ്യാൻമർ
യാങ്കോൺ: മ്യാൻമറിലെ റോഹിങ്ക്യൻ മുസ്‌ലിങ്ങൾക്കെതിരെ വംശീയാതിക്രമം നടന്നുവെന്ന യു.എൻ വാദം തള്ളി സർക്കാരിന്റെ അന്വേഷണ റിപ്പോർട്ട്. യു.എന്നിന്റെ റിപ്പോർട്ട് അതിശയോക്തി കലർത്തിയതാണെന്ന് സർക്കാർ ആരോപിക്കുന്നു. വംശഹത്യ മാനവികതക്കെതിരായ കുറ്റം എന്നിവക്ക് തെളിവുകൾ ലഭിച്ചിട്ടിലെലന്ന് റിപ്പോർട്ട് പുറത്തു വിട്ടു കൊണ്ട് മ്യാൻമർ വൈസ്പ്രസിഡന്റ് മിയൻ സവെ പറഞ്ഞു.
സുരക്ഷ സൈനികർ കൂട്ടബലാത്സംഗവും കൂട്ടക്കൊലകളും നടത്തിയെന്ന ഐക്യരാഷ്ട്രസഭയുടെ കണ്ടെത്തലിനെ തള്ളിയ സവെ ഒറ്റപ്പെട്ട അക്രമങ്ങളാണ് സൈന്യത്തിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും അവകാശപ്പെട്ടു. പുറത്തു നിന്നുള്ളവർ വാർത്തകൾ കെട്ടിച്ചമക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2016 ഒക്ടോബറിലാണ് മ്യാൻമറിൽ റോഹിങ്ക്യൻ മുസ്‌ലിങ്ങൾക്കെതിരെ സൈന്യം അക്രമം അഴിച്ചു വിട്ടത്. വടക്കു പടിഞ്ഞാറൻ മ്യാൻമറിലെ റഖൈൻ സംസ്ഥാനത്ത് ഒമ്പതു പൊലിസുകാർ കൊല്ലപ്പെട്ടതിനു പിന്നാലെയായിരുന്നു ആക്രമണം. പൊലിസുകാരെ കൊലപ്പെടുത്തിയത് റോഹിങ്ക്യകളാണെന്ന സംശയത്തിന്റെ പേരിലാണ് പട്ടാളം അക്രമം അഴിച്ചു വിട്ടത്.
സെനിക നടപടിയിൽ റോഹിങ്ക്യകളെ കൂട്ടത്തോടെ കൊന്നൊടുക്കുകയും സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നു. ആയിരത്തിലധികം കുടിലുകൾ തീയിട്ടു. ഇതേ തുടർന്നാണ് ഐക്യരാഷ്ട്ര സഭയുടെ മൂന്നംഗ സംഘം മ്യാൻമറിൽ തെളിവെടുപ്പ് നടത്തിയത്.
റോഹിങ്ക്യയിലെ മുസ്‌ലിം ന്യൂനപക്ഷങ്ങൾക്ക് നേരെ നടന്നത് വംശീയ ഹത്യ തന്നെയെന്ന് സംഘം സ്ഥിരീകരിച്ചിരുന്നു.ഐക്യരാഷ്ട്ര സഭയുടെ ഈ കണ്ടെത്തലാണ് ഇപ്പോൾ സർക്കാർ തള്ളിയിരിക്കുന്നത്. സൈനിക നടപടിയിൽ നിന്ന് രക്ഷപ്പെട്ട് ബംഗ്ലാദേശിലെത്തിയ റോഹിങ്ക്യകളിൽ നിന്നാണ് ഐക്യരാഷ്ട്ര സഭാ പ്രതിനിധികൾ വിവരങ്ങൾ ശേഖരിച്ചത്. സംഭവം അന്വേഷിക്കുന്നതിന് യു.എൻ നിയോഗിച്ച സംഘത്തിന് ഒങസാൻ സൂകി പ്രവേശനം നിഷേധിച്ചിരുന്നു. ഇത് ലോകമെങ്ങും കടുത്ത വിമർശനത്തിനിടയാക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."