കനോലി കനാലിന് പുതുജീവനേകി വിഖായയുടെ ശുചീകരണ ദൗത്യം
കെ.ജംഷാദ്#
കോഴിക്കോട്: ചരിത്രമുറങ്ങുന്ന കനോലി കനാലിന് പുതുജീവനേകി വിഖായയുടെ കര്‍മഭടന്മാരുടെ നേതൃത്വത്തില്‍ ശുചീകരണ ദൗത്യം. ചെളിയും മാലിന്യവും നിറഞ്ഞ് ഒഴുക്കു നഷ്ടപ്പെട്ട കനാലിന്റെ സൗന്ദര്യവും പ്രതാപവും വീണ്ടെടുക്കാന്‍ വിഖായയുടെ നേതൃത്വത്തില്‍ നടന്ന ദൗത്യത്തിന് ജനകീയ പിന്തുണയും ലഭിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിഖായയുടെ ആയിരത്തോളം പ്രവര്‍ത്തകര്‍ ജില്ലാ ഭരണകൂടത്തിന്റെയും കോഴിക്കോട് നഗരസഭയുടെയും സഹകരണത്തോടെ ഇന്നലെ രാവിലെ മുതല്‍ സര്‍വ സന്നാഹങ്ങളുമായി കനോലി കനാലിലെ മാലിന്യങ്ങള്‍ നീക്കാന്‍ ഇറങ്ങിയപ്പോള്‍ പിന്തുണയുമായി നാട്ടുകാരും ജനപ്രതിനിധികളും സര്‍ക്കാര്‍ സംവിധാനങ്ങളും കൂട്ടിനെത്തി. പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാന്‍ ജില്ലാ കലക്ടറും മേയറും നേരത്തേ എത്തിയിരുന്നു. സരോവരം ബയോപാര്‍ക്കിന് സമീപം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ സാംബശിവ റാവു അധ്യക്ഷനായി.
മംഗലാപുരം മുതല്‍ എറണാകുളം വരെയുള്ള വിഖായയുടെ ആക്ടീവ് വിങ് ടീമിന്റെ നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്. ഓരോ ജില്ലകളുടെയും നേതൃത്വത്തിലുള്ള ടീമിന് ശുചീകരണത്തിനായി ഓരോ മേഖല നിര്‍ണയിച്ചു നല്‍കിയിരുന്നു. കനാലിന്റെ വിവിധ ഭാഗങ്ങളില്‍ ഓരോ സംഘങ്ങളുടെ നേതൃത്വത്തില്‍ ശുചീകരണം നടന്നു.
അഞ്ചു ബോട്ടുകളും ശുചീകരണത്തിനുള്ള മറ്റു യന്ത്രങ്ങളും ഇതിനായി ഉപയോഗിച്ചു. സരോവരം ഭാഗത്തെ ഒഴുക്ക് തടസ്സപ്പെടുത്തിയ കുളവാഴകള്‍ നീക്കം ചെയ്തും മാലിന്യങ്ങളും മറ്റും ശേഖരിച്ചും പ്രവര്‍ത്തകര്‍ ചിട്ടയായ പ്രവര്‍ത്തനം കാഴ്ചവച്ചു. ഇവര്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കാന്‍ നേതാക്കളും വിദഗ്ധ സംഘവും രംഗത്തുണ്ടായിരുന്നു. കനാലിലേക്ക് ചാഞ്ഞുകിടന്ന മരക്കൊമ്പുകള്‍ യന്ത്രസഹായത്തോടെ മുറിച്ചുനീക്കി. കനാലില്‍ ഇറങ്ങിയ പ്രവര്‍ത്തകര്‍ കാടുകള്‍ വെട്ടിത്തെളിയിച്ചും കുളവാഴകള്‍ കോരിയെടുത്തും ചാക്കുകളില്‍ നിറച്ചു കരയിലെത്തിച്ചു. കോര്‍പറേഷന്റെ ലോറികളില്‍ ഇവ കയറ്റി സംസ്‌കരണ കേന്ദ്രങ്ങളിലേക്ക് അയക്കാന്‍ കരയില്‍ കേന്ദ്രീകരിച്ച ഒരു സംഘം വിഖായ പ്രവര്‍ത്തര്‍ ശ്രദ്ധിച്ചു. ശുചീകരണം നടക്കുമ്പോള്‍ തന്നെ മാലിന്യങ്ങള്‍ സംസ്‌കരണ കേന്ദ്രത്തിലേക്ക് എത്തിക്കുന്ന രീതിയിലായിരുന്നു പ്രവര്‍ത്തനം. ശുചീകരണത്തിനെത്തിയ വിഖായ പ്രവര്‍ത്തകര്‍ക്കുള്ള രാവിലത്തെ ഭക്ഷണം പ്രദേശത്തെ റസിഡന്‍സ് അസോസിയേഷനുകളും സിറ്റി എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയും ചേര്‍ന്ന് നല്‍കി. മെഡിക്കല്‍ സംഘത്തെയും ഫയര്‍ഫോഴ്‌സിന്റെ സേവനവും ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിരുന്നു. ശുചീകരണം നടത്തുന്നവരുടെ ആരോഗ്യസുരക്ഷയും രോഗപ്രതിരോധ സംവിധാനങ്ങളുടെ ഏകോപനവും കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫിസര്‍ ഡോ.ആര്‍.എസ് ഗോപകുമാറിന്റെ നേതൃത്വത്തില്‍ നടന്നു.
എസ്.കെ.എസ്.എസ്.എഫ് വിഖായ സംസ്ഥാന സമിതി ചെയര്‍മാന്‍ സലാം ഫറൂക്ക് വിഷയാവതരണം നടത്തി. കോര്‍പറേഷന്‍ ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.വി ബാബുരാജ്, പൊതുമരാമത്ത് സ്ഥിരംസമിതി ചെയര്‍പേഴ്‌സന്‍ ടി.വി ലളിതപ്രഭ, ഹെല്‍ത്ത് ഓഫിസര്‍ ഡോ.ആര്‍.എസ് ഗോപകുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.എം ഗോപാലന്‍, കൗണ്‍സിലര്‍മാരായ ലത, ശോഭില, ബീന രാജന്‍ പങ്കെടുത്തു.
എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ, എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി, സംസ്ഥാന വൈസ് പ്രസിഡന്റ് കുഞ്ഞാലന്‍കുട്ടി ഫൈസി, ഓര്‍ഗനൈസിങ് സെക്രട്ടറി ടി.പി സുബൈര്‍ മാസ്റ്റര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഒ.പി അശ്‌റഫ്, വിഖായ സംസ്ഥാന സെക്രട്ടറി ജലീല്‍ ഫൈസി, ജന.കണ്‍വീനര്‍ സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട് സന്നിഹിതരായിരുന്നു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന.സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും കോര്‍പറേഷന്‍ കൗണ്‍സിലര്‍ ബിജുരാജ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."