യുവതിയെ ശല്യം ചെയ്ത സംഭവം: ബി.ജെ.പി നേതാവിന്റെ മകനെ സംരക്ഷിക്കുന്നു- കോണ്‍ഗ്രസ്
ഛണ്ഡിഗഡ്: യുവതിയെ ശല്യം ചെയ്ത കേസിലെ പ്രതി ഹരിയാന ബി.ജെ.പി അധ്യക്ഷന്‍ സുഭാഷ് ബറാലയുടെ മകന്‍ വികാസ് ബറാലയെ സംരക്ഷിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ്. ഐ.എ.എസ് ഓഫീസറുടെ മകളെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കാണാനില്ലെന്ന വാര്‍ത്തയോട് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാലയുടേതാണ് പ്രതികരണം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു സിസിടിവികളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് അപ്രത്യക്ഷമായതെന്നാണ് പൊലിസ് പറഞ്ഞത്.
നേതാവിന്റെ മകനെ സംരക്ഷിക്കാനുള്ള ബി.ജെ.പിയുടെ ഗൂഢാലോചനയാണ് സിസിടിവി ദൃശ്യങ്ങള്‍ അപ്രത്യക്ഷമായതിനു പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്തെ കുടിക്കുന്ന യുവാക്കള്‍ മുഴുവന്‍ പെണ്‍കുട്ടികളെ ഇങ്ങനെ പിന്തുടരാനും വേട്ടയാടാനും തുടങ്ങിയാല്‍ എന്തായിരിക്കും അവസ്ഥയെന്നും അദ്ദേഹം ചോദിച്ചു.
ഹരിയാന കേഡറിലെ ഒരു മുതിര്‍ന്ന ഐ.എ.എസ് ഓഫീസറിന്റെ മകള്‍ക്കു നേരെ വെള്ളിയാഴ്ച രാത്രിയാണ് ഈ അനുഭവമുണ്ടായത്. ഫേസ്ബുക്കിലൂടെ് പെണ്‍കുട്ടി തനിക്കുണ്ടായ ദുരനുഭവം സുഹൃത്തുക്കളുമായി പങ്കുവച്ചതോടെ സംഭവം പുറംലോകമറിയുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റിലായ വികാസിനെയും സുഹൃത്തിനെയും പൊലിസ് ജാമ്യം നല്‍കി വിട്ടയച്ചിരുന്നു.
അതിനിടെ, രാത്രി വൈകി പെണ്‍കുട്ടി പുറത്തിറങ്ങിയതാണ് ഇത്തരമൊരു അനുഭവത്തിന് കാരണമെന്ന വിശദീകരവുമായി ബി.ജെ.പി സംസ്ഥാന സമിതി രംഗത്തെത്തി. രാത്രി 12 മണിക്കു ശേഷം പെണ്‍കുട്ടികള്‍ പുറത്തിറങ്ങരുതെന്നും പാര്‍ട്ടിയുടെ സംസഥാന ഉപാധ്യക്ഷന്‍ രാംവീര്‍ ഭാട്ടി പറഞ്ഞു. രാജ്യത്തെ സാഹചര്യങ്ങള്‍ മോശമാണെന്നും പെണ്‍കുട്ടികള്‍ സൂക്ഷിക്കുന്നത് നല്ലതാണെന്നും അദ്ദേഹം ന്യൂസ് 18നോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."