എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടല്‍; കോഴിക്കോട് സോണില്‍ മുടങ്ങിയത് 210 സര്‍വിസുകള്‍
കോഴിക്കോട്: എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള ഉത്തരവിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയുടെ സര്‍വിസുകള്‍ മുടങ്ങി. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകള്‍ ഉള്‍കൊള്ളുന്ന കോഴിക്കോട് ആസ്ഥാനമായ വടക്കന്‍ മേഖലയില്‍ ഇന്നലെ 210 സര്‍വിസുകള്‍ മുടങ്ങി.
സര്‍വിസുകള്‍ മുടങ്ങാതിരിക്കാന്‍ സ്ഥിരം കണ്ടക്ടര്‍മാര്‍ക്ക് ഓവര്‍ ടൈം ജോലിനല്‍കിയും അവധികള്‍ റദ്ദാക്കിയും ക്രമീകരണം നടത്തുന്നുണ്ടെങ്കിലും ഇതുകൊണ്ടൊന്നും ആളുകളുടെ പരിമിതി മിറകടക്കാന്‍ കഴിഞ്ഞിട്ടില്ല. രണ്ടു സ്‌പെല്ലുകളായിട്ടാണ് കെ.എസ്.ആര്‍.ടി.സിയിലെ കണ്ടക്ടര്‍മാരുടെ ജോലി ക്രമീകരണം. ഉച്ചയോടെ കഴിയുന്ന ആദ്യ സ്‌പെല്ലില്‍ നിന്നുള്ള കണ്ടക്ടര്‍മാര്‍ തിരിച്ചെത്തുന്നതോടെ മുടങ്ങുന്ന സര്‍വിസുകളുടെ എണ്ണം ഇനിയും കൂടുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.
അതേസമയം, ആദ്യ ദിവസത്തേതു പോലെ തന്നെ ഇന്നലെയും ജില്ലയില്‍ ആറു സര്‍വിസുകള്‍ മുടങ്ങി. തിരുവമ്പാടി ഡിപ്പോയില്‍ നിന്നുള്ള സര്‍വിസുകളാണ് മുടങ്ങിയത്. 28 എം പാനല്‍ ജീവനക്കാരെയാണ് തിരുവമ്പാടി ഡിപ്പോയില്‍ നിന്ന് പിരിച്ചുവിട്ടത്. മറ്റു ഡിപ്പോകളില്‍ നിന്നുള്ള സര്‍വിസുകള്‍ ഉച്ചവരെ പതിവുപോലെ നടന്നിട്ടുണ്ടെന്ന് കോഴിക്കോട് യൂനിറ്റ് അസി. ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ കെ.പി രാധാകൃഷ്ണന്‍ അറിയിച്ചു. ജില്ലയില്‍ മാത്രം 96 എം പാനല്‍ ജീവനക്കാരെയാണു പിരിച്ചുവിട്ടത്. താമരശ്ശേരി, തൊട്ടില്‍പാലം, വടകര, കോഴിക്കോട് എന്നീ ഡിപ്പോകളുടെ കീഴില്‍ ഒരു സര്‍വിസും മുടങ്ങിയിട്ടില്ലെന്നും കെ.എസ്.ആര്‍.ടി.സി വൃത്തങ്ങള്‍ അറിയിച്ചു. വരുംദിവസങ്ങളില്‍ പ്രതിസന്ധി കൂടുതല്‍ സര്‍വിസുകളെ ബാധിക്കാനാണു സാധ്യത. കൂടുതല്‍ എം പാനല്‍ ജീവനക്കാരുള്ള താമരശ്ശേരി, തിരുവമ്പാടി, തൊട്ടില്‍പ്പാലം ഡിപ്പോകളെയാണ് പിരിച്ചുവിടല്‍ ഉത്തരവ് കാര്യമായി ബാധിക്കുകയെന്നാണു വിലയിരുത്തല്‍. താമരശ്ശേരി ഡിപ്പോയില്‍ നേരത്തെ തന്നെ ബസ് സര്‍വിസുകള്‍ വെട്ടിച്ചുരുക്കിയതു കാരണം പിരിച്ചുവിടല്‍ സര്‍വിസുകളെ ബാധിച്ചുതുടങ്ങിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."