ബാബരി മസ്ജിദ് തര്‍ക്കം കോടതിക്കു പുറത്ത് പരിഹരിക്കണം: ശീഈ വഖ്ഫ് ബോര്‍ഡ്
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്തെചൊല്ലിയുള്ള തര്‍ക്കം കോടതിക്കു പുറത്ത് പരിഹരിക്കണമെന്ന് ശീഈ വഖ്ഫ് ബോര്‍ഡ് സുപ്രിംകോടതിയെ അറിയിച്ചു. കോടതിക്കു പുറത്തു ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതിന് സുപ്രിം കോടതി കേസിലെ കക്ഷികള്‍ക്ക് സമയം അനുവദിക്കണം. മസ്ജിദ് നിലനിന്ന ഭൂമി ശീഈ സെന്‍ട്രല്‍ വഖ്ഫ് ബോര്‍ഡിന്റേത് ആണെന്നും പ്രശ്‌നപരിഹാരത്തിന് മുന്നിട്ടിറങ്ങാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും ബോര്‍ഡ് അവകാശപ്പെട്ടു. ഇരുവിഭാഗത്തിനും സ്വീകാര്യമായ തരത്തില്‍ രമ്യമായ പ്രശ്‌നപരിഹാരത്തിന് ശ്രമം തുടരുമെന്നും അവര്‍ അറിയിച്ചു.
ബാബരി മസ്ജിദിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച പ്രധാന കേസ് പരിഗണിക്കുന്ന ജസ്റ്റിസുമാരായ ദീപക് മിശ്ര, അശോക് ഭൂഷണ്‍, എം. അബ്ദുന്നസീര്‍ എന്നിവരടങ്ങിയ മൂന്നംഗബെഞ്ച് മുമ്പാകെയാണ് ശീഈ ബോര്‍ഡ് ഇക്കാര്യം അറിയിച്ചത്. കേസ് വെള്ളിയാഴ്ച പരിഗണിക്കും.
മസ്ജിദ് നിലനിന്ന ഭൂമിയില്‍ ഉചിതമായ സ്ഥലത്ത്, മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ തന്നെ ക്ഷേത്രം നിര്‍മിക്കാമെന്ന നിലപാടാണ് തങ്ങള്‍ക്കുള്ളതെന്ന് ശീഈ ബോര്‍ഡ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മസ്ജിദ്- ക്ഷേത്ര പ്രശ്‌നം ഇരുസമുദായങ്ങളും തമ്മിലുള്ള തലത്തിലേക്കു മാറുന്നത് ഒഴിവാക്കപ്പെടണമെന്നതാണ് തങ്ങളുടെ നിലപാട്. രാമന്‍ ജനിച്ചുവെന്നു കരുതുന്ന സ്ഥലത്തിനു സമീപം ഏറ്റവും ഉചിതമായ സ്ഥലത്ത് മുസ്്‌ലിംകള്‍ക്കു കീഴിലുള്ള ഭൂമിയില്‍ തന്നെ ക്ഷേത്രം നിര്‍മിക്കണം. പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഈയൊരു നിലപാട് സ്വീകരിക്കുന്നതെന്ന് 30 പേജ് വരുന്ന സത്യവാങ്മൂലത്തില്‍ ബോര്‍ഡ് അറിയിച്ചു. ബാബരി മസ്ജിദ് ഉടമസ്ഥാവകാശ കേസ് ചര്‍ച്ചയിലൂടെ പരിഹരിക്കാനാവില്ലെന്നും കോടതി മുഖാന്തിരമേ പരിഹരിക്കാന്‍ പാടുള്ളൂവെന്നുമുള്ള കേസിലെ പ്രധാനഹരജിക്കാരായ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന്റെ നിലപാടിനു വിരുദ്ധമാണ് ശീഈ ബോര്‍ഡിന്റെ സത്യവാങ്മൂലം.
ബാബരി മസ്ജിദ് ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്നും രാമക്ഷേത്രം പണിയാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സുബ്രഹ്മണ്യം സ്വാമി നല്‍കിയ ഹരജി സുപ്രിം കോടതിയുടെ മുന്‍പാകെയുണ്ട്. കേസില്‍ വേഗം വിചാരണ തുടങ്ങാന്‍ കഴിഞ്ഞമാസം തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച വാദം കേള്‍ക്കും. ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹിക ഭൂപടത്തില്‍ നിര്‍ണായക സംഭവങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച ബാബരി മസ്ജിദ് തകര്‍ക്കലുമായി ബന്ധപ്പെട്ട് സുപ്രിം കോടതി മുമ്പാകെയുള്ള പ്രധാനകേസും ഇതാണ്.
ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ മസ്ജിദ് നിലനിന്ന ഭൂമി മൂന്നായി വീതിച്ചുകൊണ്ടുള്ള 2010 മെയിലെ അലഹബാദ് ഹൈക്കോടതി വിധിയ്‌ക്കെതിരായ ഹരജിയാണ് ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസായി സുപ്രിം കോടതിയുടെ പരിഗണനയിലുള്ളത്. മസ്ജിദ് നിലനിന്ന ഭൂമി സുന്നി വഖ്ഫ് ബോര്‍ഡ്, ഹൈന്ദവ ട്രസ്റ്റുകളായ നിര്‍മോഹി അഖാര, രാംലാല എന്നിവര്‍ക്കായി വീതിച്ചു നല്‍കണമെന്നായിരുന്നു ഹൈക്കോടതിയുടെ വിധി. അയോധ്യയിലെ 67 ഏക്കര്‍ ഭൂമിയില്‍ 2.7 ഏക്കറിനെ ചൊല്ലിയാണ് തര്‍ക്കം. ഹൈക്കോടതി വിധി ചോദ്യംചെയ്ത് ഇരുവിഭാഗവും സുപ്രിം കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് മസ്ജിദ് നിലനിന്ന സ്ഥലത്ത് തല്‍സ്ഥിതി നിലനിര്‍ത്താന്‍ 2011 മെയില്‍ സുപ്രിം കോടതി ഉത്തരവിട്ടു. ജസ്റ്റിസ് അഫ്താബ് ആലമിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് 2013 ജനുവരിയില്‍ കേസ് പരിഗണിക്കവെ സമാന ഉത്തരവ് ആവര്‍ത്തിച്ചു.
ഇതിനു പിന്നാലെ മൂന്നുമാസത്തിനു ശേഷം അഫ്താബ് ആലം വിരമിച്ചതിനാല്‍ കേസില്‍ പിന്നീട് യാതൊരു പുരോഗതിയും ഉണ്ടായില്ല. ഇതിനിടെയാണ് സുബ്രഹ്മണ്യംസ്വാമി സുപ്രിംകോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."