ജാഗ്രതൈ..! ശുചിത്വമില്ലെങ്കില്‍ തൊഴിലാളി ക്യാംപുകള്‍ക്ക് പൂട്ടുവീഴും
കോഴിക്കോട്: കോളറ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇതരസംസ്ഥാന തൊഴിലാളി ക്യാംപുകളുടെ പരിശോധന അധികൃതര്‍ കര്‍ശനമാക്കി. പരിശോധനയുടെ ഒന്നാംഘട്ടം സെപ്റ്റംബര്‍ 15നകം പൂര്‍ത്തിയാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനമെടുത്തു.
നവംബര്‍ ഒന്നിന് പരിശോധന അടിസ്ഥാനമാക്കിയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. നവംബര്‍ 15ന് രണ്ടാംഘട്ട പരിശോധന നടത്തും. തുടര്‍ന്ന് മൂന്നു മാസത്തിലൊരിക്കല്‍ പരിശോധനയുണ്ടാകും. തൊഴിലാളി ക്യാംപുകള്‍ക്ക് ജില്ലാ ഭരണകൂടം ചില മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്.
വയല്‍ ചതുപ്പു പ്രദേശത്ത് നിലവിലുള്ള നിയമങ്ങള്‍ക്ക് വിരുദ്ധമായി സ്ഥിതി ചെയുന്ന ക്യാംപുകള്‍ അനുവദിക്കുന്നതല്ല. കെട്ടിടത്തിനോ ഷെഡിനോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നമ്പര്‍ എങ്കിലും ഉണ്ടായിരിക്കണം. ഒരു മുറിയില്‍ ഓരോരുത്തര്‍ക്കും ചുരുങ്ങിയത്. രണ്ടര ചതുരശ്ര മീറ്റര്‍ സ്ഥലം വേണം.
ഓരോരുത്തര്‍ക്കും സ്വതന്ത്രമായി കിടക്കുന്നതിനുള്ള സ്ഥലസൗകര്യം, ആവശ്യത്തിന് വായു സഞ്ചാരം, പ്രകാശം എന്നിവ ഉണ്ടായിരിക്കണം. കിടപ്പുമുറികളില്‍ തട്ടുകളായി ഉപയോഗിക്കുന്ന തരത്തില്‍ ബെഡ്ഡുകള്‍ ഏര്‍പ്പെടുത്താവുന്നതാണ്. രണ്ടില്‍ കൂടുതല്‍ തട്ടുകള്‍ ഒഴിവാക്കണം. തറ ഉറച്ചതും ഈര്‍പ്പരഹിതവുമായിരിക്കണം. വൃത്തിയായി സൂക്ഷിക്കണം.10 പേര്‍ക്ക് ഒന്ന് എന്ന തോതില്‍ കക്കൂസ് ഉണ്ടായിരിക്കണം. മലമൂത്ര വിസര്‍ജ്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാനുള്ള സംവിധാനം സെപ്റ്റിക് ടാങ്ക് ഡബിള്‍ സോക്ക്പിറ്റ് വേണം.
ഉറച്ചതറ, വായു സഞ്ചാരമുള്ള മുറി, പാചകം ചെയ്യുന്നതിനും സൂക്ഷിച്ചു വയ്ക്കുന്നതിനും അടച്ചുറപ്പുള്ള പ്രത്യേക അടുക്കള എന്നിവ ഉണ്ടാകണം. കിടപ്പുമുറിയില്‍ അടുക്കള പാടില്ല. ജൈവ-അജൈവ മാലിന്യങ്ങള്‍ വേര്‍തിരിക്കാനുള്ള സംവിധാനം, സോക്പിറ്റ്, ബയോഗ്യാസ്, കമ്പോസ്റ്റ്കുഴി, ഏറോബിക് സംവിധാനം തുടങ്ങിയ ശാസ്ത്രീയ സംവിധാനങ്ങളില്‍ ഏതെങ്കിലും ഉണ്ടായിരിക്കണം.
പൊതു ടാപ്പ്, കിണര്‍, ടാങ്കര്‍ ലോറി വെള്ളം, വെള്ളം ശേഖരിക്കുന്ന ടാങ്ക് എന്നിവയില്‍ ഏതെങ്കിലും ഉണ്ടായിരിക്കണം. പരിശോധനയുടെ അടിസ്ഥാനത്തില്‍ തൊഴിലാളി ക്യാംപുകള്‍ക്ക് സ്‌കോറിങ് ഏര്‍പ്പെടുത്തും. പരിശോധനയ്ക്ക് ജില്ലാ കലക്ടര്‍, ജില്ലാ പൊലിസ് മേധാവി, കോര്‍പറേഷന്‍ സെക്രട്ടറി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."