പാര്‍ലമെന്റ് 'പ്രധാനമന്ത്രി മുക്ത' മാകുന്നുവെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ എത്താത്തതില്‍ ശക്തമായ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ഇന്ത്യ 'പ്രധാനമന്ത്രി മുക്ത പാര്‍ലമെന്റ്' എന്ന കാര്യത്തിലേക്കു നീങ്ങുകയാണെന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.
ആദ്യമായി ഓഫിസിലെത്തിയപ്പോള്‍ മോദി പറഞ്ഞത് പാര്‍ലമെന്റ് ജനാധിപത്യത്തിന്റെ ക്ഷേത്രമെന്നാണ്. അധികാരത്തിലേറി ഒരുവര്‍ഷം കഴിഞ്ഞ്, അസംഖ്യമായ യു.എസ് യാത്രകളിലെ ഒരു യാത്രയില്‍ പറഞ്ഞത് അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ ഏക വിശുദ്ധ പുസ്തകം ഭരണഘടനയെന്നാണ്. പക്ഷെ, ഇന്ന് 'പ്രധാനമന്ത്രി മുക്ത' പാര്‍ലമെന്റ് എന്ന വാക്ക് ഉപയോഗിക്കേണ്ടി വന്നിരിക്കുന്നുവെന്നും കോണ്‍ഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.
'കോണ്‍ഗ്രസ് മുക്ത ഭാരതം' എന്ന മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പാരഡിയിലാണ് 'പ്രധാനമന്ത്രി മുക്ത' പാര്‍ലമെന്റ് എന്ന് കോണ്‍ഗ്രസ് ഉപയോഗിച്ചിരിക്കുന്നത്.
പശു വിവാദമടക്കമുള്ള പല വിഷയങ്ങളിലുമുള്ള മോദിയുടെ മൗനത്തെയും ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്. മോദി പ്രസംഗിക്കാന്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും അത് ദേശീയ താല്പര്യത്തിനു വേണ്ടിയല്ലെന്നും വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."