രാജ്യത്തിനൊപ്പം പിറന്നാളുണ്ട് അബ്ദുള്‍ കരീം
കോട്ടയം: സ്വതന്ത്ര ഇന്ത്യയ്‌ക്കൊപ്പം തന്റെ എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്ന ഒരാളുണ്ടിവിടെ; കോട്ടയം കാരാപ്പുഴ പുത്തന്‍വീട്ടില്‍ പി.ഇ. അബ്ദുള്‍ കരീം! 1947 ആഗസ്റ്റ് 15ന് രാജ്യം സ്വാതന്ത്ര്യത്തിന്റെ പ്രകാശം നുകര്‍ന്നതിന് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു കുഞ്ഞ്കരീമിന്റെ ജനനം. കൃത്യമായി പറഞ്ഞാല്‍ 1947 ആഗസ്റ്റ് 15ന് രാവിലെ എട്ടിന്; പി.എം. ഇബ്രാഹിം റാവുത്തര്‍-ഖദീജാ ബീവി ദമ്പതികളുടെ മൂന്നാമത്തെ മകനായി അബ്ദുള്‍ കരീം ജനിച്ചുവീണു.
പിന്നെ ജീവിതത്തിന്റെ ഓരോവഴിയും നടന്നു നീങ്ങിയത് സ്വതന്ത്ര ഭാരതത്തിന്റെ തുടിപ്പും കിതപ്പും നെഞ്ചേറ്റിത്തന്നെ. കാരാപ്പുഴ ഗവ. എല്‍.പി. സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് എം.ഡി. സെമിനാരി ഹൈസ്‌കൂള്‍, ഗവ. മോഡല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം നേടി. ഗവ. മോഡല്‍ ഹൈസ്‌കൂളില്‍ മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സഹപാഠിയായിരുന്ന കാര്യവും കരീം ഓര്‍ക്കുന്നു. പത്താംതരം പൂര്‍ത്തിയാക്കി പാരമ്പര്യമായുള്ള കച്ചവടലോകത്തിന്റെ കാണാപ്പുറങ്ങളിലേക്കിറങ്ങിയ കരീം കോട്ടയത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക രംഗത്തും സജീവമായി.
കോട്ടയം താജ് ജുമാ മസ്ജിദ് സെക്രട്ടറി, പ്രസിഡന്റ്, കോട്ടയം ഇസ്ലാമിക് കള്‍ച്ചറല്‍ അസോസിയേഷന്‍ സഹഭാരവാഹി, എം.ഇ.എസ് കോട്ടയം താലൂക്ക് കമ്മിറ്റി സഹ ഭാരവാഹി, ജില്ലാ കമ്മിറ്റിയംഗം, കോട്ടയം മര്‍ച്ചന്റ് അസോസിയേഷന്‍ എക്‌സിക്യൂട്ടിവംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏഴു പതിറ്റാണ്ടിന്റെ ജീവിത നിറവിലും കര്‍മനിരതനാണ് കരീം. കോട്ടയം ജില്ലാ ജനറല്‍ ആശുപത്രി, ശാന്തിഭവന്‍ എന്നിവയുടെ മാനേജിംഗ് കമ്മിറ്റിയംഗമായും പ്രവര്‍ത്തിക്കുന്നു.
സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ഓരോ തുടിപ്പും തൊട്ടറിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലാണ് കരീമിന്ന്. ഭാര്യ റസീലാ ബീവി(റിട്ട. ഫാര്‍മസിസ്റ്റ്)ക്കൊപ്പം കുടുംബവീട്ടിലാണ് ഇപ്പോള്‍ താമസം. റിയാസ് അബ്ദുള്‍ കരീം, ഷമീം അബ്ദുള്‍ കരീം, റഫീക് അബ്ദുള്‍ കരീം എന്നിവര്‍ മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."