റീജയുടെ കൊല: പ്രതിയെ പൊലിസ് കുടുക്കിയത് തന്ത്രപരമായി
പെരിങ്ങത്തൂര്‍: കരിയാട് പുളിയനമ്പ്രം പുതിയ റോഡ് പരിസരത്തെ കേളോത്ത് താഴെ വയലില്‍ തോട്ടില്‍ ഭര്‍തൃമതിയായ യുവതി മരിച്ചസംഭവത്തില്‍ പൊലിസ് പ്രതിയെ കുടുക്കിയത് തന്ത്രപരമായി. അഹമ്മദബാദില്‍ കച്ചവടക്കാരനായ പള്ളിക്കുനി സേട്ടുമുക്കിലെ ചാക്കേരി താഴെ കുനിയില്‍ ഗോപിയുടെ ഭാര്യ റീജ(40)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലിസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് മത്തിപറമ്പിലെ വലിയ കാട്ടില്‍ അന്‍സാറാ(26) ണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് വാര്‍ത്ത പരന്നതോടെ നാട്ടുകാര്‍ ഞെട്ടി. ഓട്ടോറിക്ഷാ ഡ്രൈവറാണ് അന്‍സാര്‍. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം നാലുമണിക്കാണ് യുവതിയുടെ മ്യതദേഹം പുളിയനമ്പ്രം കേളോത്ത് താഴെ വയലിലെ തോട്ടില്‍ കലുങ്കിനടിയില്‍ കണ്ടെത്തിയത്. ജനവാസമില്ലാത്ത ഈ സ്ഥലത്ത് കൂടി ചെറിയ നടവഴിലൂടെയാണ് റീജ എല്ലാ ദിവസവും പുതിയ റോഡില്‍ മത്സ്യം വാങ്ങാന്‍ വേണ്ടി പോവാറുള്ളത്. പുത്തന്‍പള്ളി സ്‌കൂളില്‍ കഞ്ഞിവെയ്ക്കാനെത്തുന്ന സ്ത്രീയാണ് മൃതദേഹം ആദ്യം കണ്ടത്. ഒഴുക്കൊന്നുമില്ലാത്ത കുറച്ച് വെള്ളമുള്ള തോടാണിത്. പിടിവലി നടന്നതായും താലിമാലയുടെ ഒരു ഭാഗം പൊട്ടിയതും മറ്റേഭാഗം കാണാതായതും പൊലിസിന് തുടക്കത്തിലേ സംശയത്തിലാക്കിയിരുന്നു. സൗമ്യമായ പെരുമാറ്റത്തിനുടമയായ യുവാവിന്റെ സ്വഭാവത്തില്‍ ചില പന്തികേട് പ്രകടമായിരുന്നു. സംഭവം നടന്ന ദിവസം പ്രദേശത്ത് ഇയാളെ കണ്ടത് സംശയത്തിനിടയായി. ഇതിനെ തുടര്‍ന്ന് പൊലിസ് ഇയാളെ വലയിലാക്കിയതോടെ കുറ്റം ഏറ്റു പറയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."