എം.ആര്‍.പിയിലധികം വില ഈടാക്കിയാല്‍ കര്‍ശന നടപടി: മന്ത്രി ഐസക്
തിരുവനന്തപുരം: ജി.എസ്.ടിയുടെ പേരില്‍ സാധനങ്ങള്‍ക്ക് എം.ആര്‍.പിയിലധികം വില ഈടാക്കിയാല്‍ കര്‍ശന നടപടിയെന്ന് ധനമന്ത്രി തോമസ് ഐസക്. അളവുതൂക്ക നിയമമനുസരിച്ചായിരിക്കും നടപടിയെന്നും നിയമസഭയില്‍ കേരള ചരക്കു സേവന നികുതി (ജി.എസ്.ടി) ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ മന്ത്രി വ്യക്തമാക്കി. ചര്‍ച്ചയ്‌ക്കൊടുവില്‍ ബില്‍ സഭ പാസാക്കി.
ജി.എസ്.ടി നടപ്പാക്കുന്നതിന് ആവശ്യമായ മുന്നൊരുക്കമുണ്ടണ്ടായിരുന്നില്ലെന്ന ആരോപണം ശരിയല്ല. കഴിഞ്ഞ ഒരുവര്‍ഷത്തിലേറെയായി ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയായിരുന്നു. ജി.എസ്.ടിയുടെ പേരില്‍ സംസ്ഥാനത്ത് സാമ്പത്തിക അരാജകത്വമുണ്ടെന്ന വാദം ശരിയല്ല. നേരത്തെ വാറ്റ് നടപ്പാക്കിയപ്പോഴും ഒരുവര്‍ഷത്തോളം അതിന്റേതായ പ്രശ്‌നങ്ങളുണ്ടായിരുന്നു. പിന്നീടത് ശരിയായി. ഇപ്പോള്‍ നികുതി നിര്‍ണയിക്കുന്നതിലും പ്രയോഗത്തില്‍ വരുത്തുന്നതിലും സംസ്ഥാനത്തിനുള്ള അധികാരം വളരെ പരിമിതമാണ്. വിലക്കയറ്റം ഒരു യാഥാര്‍ഥ്യമാണ്. 24 ഇനം സാധനങ്ങളുടെ നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തിനു കത്തുനല്‍കിയിട്ടുണ്ടണ്ട്. സെപ്റ്റംബര്‍ ഒന്‍പതിനു ചേരുന്ന ജി.എസ്.ടി കൗണ്‍സിലില്‍ ഈ വിഷയം ചര്‍ച്ചചെയ്യുമെന്നും മന്ത്രി പറഞ്ഞു.
173 വകുപ്പുകളിലായി നിര്‍ദേശിക്കപ്പെട്ട ദേദഗതികളില്‍ മൂന്നെണ്ണം മാത്രം അംഗീകരിച്ചണ്ടാണ് ബില്‍ പാസാക്കിയത്. ടി.എ അഹമ്മദ് കബീര്‍, വി.കെ.സി മമ്മദ്‌കോയ, കെ. മുരളീധരന്‍ എന്നിവര്‍ നിര്‍ദേശിച്ച ഭേദഗതികളാണ് അംഗീകരിച്ചത്.
കേന്ദ്ര ജി.എസ്.ടി നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും നികുതി ചുമത്താനും പിരിച്ചെടുക്കാനും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ബില്‍. ഇതനുസരിച്ച് മനുഷ്യ ഉപഭോഗത്തിനുള്ള മദ്യം ഒഴികെയുള്ള ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും ജി.എസ്.ടി കൗണ്‍സില്‍ ശുപാര്‍ശ ചെയ്തതു പ്രകാരമുള്ള നിരക്കില്‍ ചരക്കുസേവന നികുതി ചുമത്താനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടാകും. ജി.എസ്.ടിയില്‍ രജിസ്റ്റര്‍ ചെയ്തയാള്‍ നല്‍കേണ്ട നികുതിയുടെ സ്വയം തിട്ടപ്പെടുത്തലിനും ബില്ലില്‍ വ്യവസ്ഥയുണ്ട്.
വ്യവസ്ഥകള്‍ പാലിക്കുന്നതു പരിശോധിക്കാനായി രജിസ്റ്റര്‍ ചെയ്തയാളുടെ ഓഡിറ്റ് നടത്താം. വീഴ്ച വരുത്തുന്നയാളുടെ സ്ഥാവരജംഗമ വസ്തുക്കള്‍ വില്‍ക്കുന്നത് തടഞ്ഞുവയ്ക്കുന്നതടക്കം വിവിധ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് നികുതി കുടിശ്ശിക ഈടാക്കാം.
ഉദ്യോഗസ്ഥര്‍ക്ക് പരിശോധന, അന്വേഷണം, പിടിച്ചെടുക്കല്‍, അറസ്റ്റ് ചെയ്യല്‍ എന്നിവയ്ക്ക് അധികാരം നല്‍കല്‍, പരാതി പരിശോധിക്കാന്‍ അപ്പലേറ്റ് ട്രൈബ്യൂണല്‍ രൂപീകരിക്കല്‍ എന്നിവ അടക്കമുള്ള നിരവധി വ്യവസ്ഥകള്‍ ബില്ലിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."