മഞ്ചേരിയില്‍ ഫയര്‍സ്റ്റേഷന്‍ കെട്ടിടം: ഭരണാനുമതിയും ഫണ്ടും നല്‍കുന്ന കാര്യം പരിഗണനയിലെന്ന് മുഖ്യമന്ത്രി
മഞ്ചേരി: അഗ്നിശമന സേനാ കെട്ടിട നിര്‍മാണത്തിന് ഭരണാനുമതിയും ഫണ്ടും നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ അഡ്വ. എം. ഉമ്മര്‍ എം.എല്‍.എയുടെ സബ്മിഷനു നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്. കെട്ടിട നിര്‍മാണത്തിനു 235ലക്ഷം രൂപയുടെ പ്ലാനും എസ്റ്റിമേറ്റും സമര്‍പ്പിച്ചിരുന്നത് കുറ്റമറ്റതാക്കി സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് വകുപ്പിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സേനക്കു കെട്ടിടം നിര്‍മിക്കുന്നതിനായി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള മഞ്ചേരി ജൂനിയര്‍ ടെക്‌നിക്കല്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ 50 സെന്റ് സ്ഥലം നേരത്തെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം ഉപയോഗാനുമതി നല്‍കിയുട്ടുണ്ടായിരുന്നു. പ്രസ്തുത സ്ഥലം സേനക്ക് കൈമാറുന്നതിനായുള്ള നടപടികളും റവന്യു വകുപ്പ് സ്വീകരിച്ചിരുന്നു. നിലവില്‍ മഞ്ചേരിയിലേയും പരിസരങ്ങളിലേയും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു വാട്ടര്‍ ടെന്‍ഡറും, ബുള്ളറ്റ് മോട്ടോര്‍ സൈക്കിളുമാണുള്ളത്. ഇതിനു പുറമെ വാട്ടര്‍ ടെന്‍ഡര്‍, മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍, ജീപ്പ് എന്നിവ ഓരോന്നു വീതം വാങ്ങുന്നതിനു അനുതമതി നല്‍കിയതായും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
നടപ്പ് സാമ്പത്തിക വര്‍ഷം പദ്ധതി ചെലവിലെ നടപടികള്‍ പൂര്‍ത്തീകരിച്ച് മതിയായ വാഹനങ്ങളും ഉപകരണങ്ങളും വാങ്ങുന്ന മുറയ്ക്ക് മഞ്ചേരി അഗ്നിശമന സേനക്ക് സ്വന്തമായ നിലയവും യാഥാര്‍ഥ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം നിലവില്‍ മഞ്ചേരി കച്ചേരിപ്പടി ബസ് ടെര്‍മിനലില്‍ നഗരസഭക്കു വാടക നല്‍കിയാണ് സേന പ്രവര്‍ത്തിക്കുന്നത്. സ്വന്തമായൊരു കെട്ടിടമെന്ന സ്വപ്നം യാഥാര്‍ഥ്യമാവുമെന്ന കാത്തിരിപ്പിലാണ് അഗ്നിശമനസേനാ വിഭാഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."