മലബാര്‍ ജലോത്സവ പ്രചാരണം: തിരുവനന്തപുരത്തു നിന്നു തൃക്കരിപ്പൂരിലേക്കു സൈക്കിള്‍ റൈഡിങ്
തൃക്കരിപ്പൂര്‍: മലബാര്‍ ജലോത്സവത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി സൈക്കിള്‍ റൈഡിങ്ങ്. സെപ്റ്റംബര്‍ അഞ്ചിനു കവ്വായിക്കായലില്‍ നടക്കുന്ന മൂന്നാമത് എ.പി.ജെ അബ്ദുല്‍ കലാം മെമ്മോറിയല്‍ മലബാര്‍ ജലോത്സവത്തിനാണു പുതുമയാര്‍ന്ന പ്രചാരണം സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഹരിത പെരുമാറ്റച്ചട്ടം പാലിച്ചു അഞ്ഞൂറില്‍പ്പരം കിലോമീറ്റര്‍ ദൂരം സൈക്കിളില്‍ സഞ്ചരിക്കും. തിരുവനന്തപുരത്തു നിന്നു ജലോത്സവ നഗരിയിലേക്ക് അഞ്ചു ദിവസം നീളുന്ന സൈക്കിള്‍ റൈഡാണ് ഒരുക്കിയിരിക്കുന്നത്. മെട്ടമ്മല്‍ ബ്രദേഴ്സിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുള്ള എം.ബി.എം റൈഡേഴ്സിലെ ഏഴ് അംഗങ്ങള്‍ പങ്കെടുക്കുന്ന റൈഡ് 22നു സെക്രട്ടേറിയറ്റ് നടയില്‍ തൃക്കരിപ്പൂര്‍ എം.എല്‍.എ എം. രാജഗോപാലന്‍ ഫഌഗ് ഓഫ് ചെയ്യും. കാസര്‍കോട് ജില്ലയിലെ മുഴുവന്‍ എം.എല്‍.എമാരും ചടങ്ങില്‍ അതിഥികളാകും.
കൊല്ലം ഓച്ചിറയാണ് ആദ്യ പര്യടന കേന്ദ്രം. മറ്റു ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ചു 26നു വൈകുന്നേരം പയ്യന്നൂര്‍ പെരുമ്പ പാലത്തിനടുത്തു വച്ച് സംഘാടകസമിതി ഭാരവാഹികളുടെ നേതൃത്വത്തില്‍ റൈഡര്‍മാരെ സ്വീകരിക്കും. തുടര്‍ന്ന് ഇളമ്പച്ചിയിലൂടെ തൃക്കരിപ്പൂര്‍ ടൗണ്‍ ചുറ്റി വെള്ളാപ്പ് കാവില്യാട്ട് വഴി ജലോത്സവ നഗരിയില്‍ പ്രചാരണ പരിപാടി സമാപിക്കും.
തിരുവനന്തപുരത്തു നിന്നു തൃക്കരിപ്പൂരിലേക്കു നടത്തുന്ന സൈക്കിള്‍ റൈഡിങില്‍ പങ്കെടുക്കുന്ന ടീം അംഗങ്ങളുടെ ജേഴ്സി പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍ നിര്‍വഹിച്ചു. സംഘാടക സമിതി വര്‍ക്കിങ് ചെയര്മാന് വി.വി ഹാരിസ് അധ്യക്ഷനായി. എം.കെ കുഞ്ഞികൃഷ്ണന്, പി.കെ ഫൈസല്‍, ജുനൈദ് മെട്ടമ്മല്‍, സി. വിജയന്, കെ. ഗംഗാധരന്, കെ. നൗഫല്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."