ജനങ്ങള്‍ക്ക് ശേഷക്രിയ ചെയ്യുന്ന ഭരണകൂടം
ജനക്ഷേമഭരണകൂടം എന്നാണു പൊതുവില്‍ സര്‍ക്കാരുകള്‍ അവകാശപ്പെടാറുള്ളതെങ്കിലും കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടയില്‍ സംഭവിക്കുന്നതു മറിച്ചാണ്. അടിസ്ഥാനസൗകര്യങ്ങള്‍ നല്‍കുന്നതടക്കമുള്ള മേഖലകളില്‍നിന്നു സര്‍ക്കാര്‍ പിന്‍വാങ്ങിക്കൊണ്ടിരിക്കുകയാണ്. ഏറ്റവുമൊടുവില്‍, ആരോഗ്യപരിപാലനത്തിലും സ്വകാര്യമൂലധന നിക്ഷേപത്തിനു വന്‍തോതില്‍ വാതില്‍ തുറന്നുകൊടുക്കുന്ന നയത്തിനു കേന്ദ്രസര്‍ക്കാര്‍ രൂപംനല്‍കിക്കഴിഞ്ഞു.
നിലവാരം മെച്ചപ്പെടുത്തുകയെന്ന നാട്യത്തില്‍ ജില്ലാ ആശുപത്രികളും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുമടക്കം സ്വകാര്യമേഖലയ്ക്കു കൈമാറുന്നതിനു പുതിയനയം വ്യവസ്ഥചെയ്യുന്നു. ജനങ്ങള്‍ക്കു നല്‍കിവന്ന ആനുകൂല്യങ്ങളും സേവനങ്ങളും പടിപടിയായി നിര്‍ത്തിവരികയാണ്. ഇത്തരത്തില്‍ അനാവശ്യമായി ലക്ഷക്കണക്കിനു കോടികള്‍ ചെലവഴിക്കേണ്ടി വരുന്നതാണു ധനകമ്മി കൂടാനുള്ള കാരണമെന്നാണു പറയുന്നത്.
ഭരണകൂടം പാഴ്‌ചെലവായി കണക്കാക്കുന്നതാണു വിവിധയിനം സബ്‌സിഡികള്‍. കാര്‍ഷികസബ്‌സിഡി , ഭക്ഷ്യസബ്‌സിഡി തുടങ്ങിയവയ്ക്കായി വര്‍ഷംതോറും രണ്ടുലക്ഷംകോടി രൂപയോളം ചെലവാകുന്നുണ്ട്. ഇതു പാഴ്‌ച്ചെലവാണെന്നാണു കുറേക്കാലമായി സര്‍ക്കാരുകള്‍ പറയുന്നതാണ്. കുറേയൊക്കെ മന്‍മോഹന്‍സിങ്ങിന്റെ സര്‍ക്കാര്‍ നിര്‍ത്തലാക്കി. റേഷന്‍ വിതരണം അവര്‍ ഒരു പരുവത്തിലാക്കി. അവരെക്കൊണ്ട് അത്രയൊക്കെയേ കഴിഞ്ഞുള്ളു. ശേഷിക്കുന്നത് ഇപ്പോള്‍ മോദി സര്‍ക്കാര്‍ ഭംഗിയായി നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഇതിന്റെ ഭാഗമായാണ് ഏതാനും ദിവസംമുമ്പു പാചകവാതകത്തിന്റെ സബ്‌സിഡി പൂര്‍ണമായും നീക്കിയത്. ഈ ഇനത്തിലെ മാത്രം ലാഭം 10,000 കോടി രൂപ.
ഇന്ത്യക്കാര്‍ നല്‍കുന്നത്
ഏറ്റവും കൂടിയ വില
പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലനിയന്ത്രണം ആദ്യമായി എടുത്തുകളയുന്നത് 2010 ലാണ്. കിരിത് പരേഖ് കമ്മറ്റിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ പെട്രോളിന്മേലുള്ള വിലനിയന്ത്രണം എടുത്തുകളഞ്ഞപ്പോള്‍ പറഞ്ഞ ന്യായം ക്രൂഡ് ഓയിലിന്റെ രാജ്യാന്തര വിലമാറ്റമനുസരിച്ചു പെട്രോള്‍ വിലയില്‍ മാറ്റംവരുമെന്നായിരുന്നു. അതായത്, അന്താരാഷ്ട്രവില കൂടുമ്പോള്‍ ഇന്ത്യയിലെ ഉപഭോക്താവ് ഉയര്‍ന്നവില നല്‍കണം. അന്താരാഷ്ട്രവില കുറയുമ്പോള്‍ ഇവിടെയും വില താഴ്ത്തി വില്‍ക്കും. ഈ ഉറപ്പുപാലിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഇന്ത്യയില്‍ പെട്രോള്‍ ലിറ്ററിന് 45 രൂപയില്‍ താഴെയായിരിക്കണം.
ഈ രീതിയില്‍ ക്രൂഡിന്റെ അന്താരാഷ്ട്ര വിലയ്ക്കനുസരിച്ചാണു വില്‍ക്കുന്നതെങ്കില്‍ പാചകവാതകത്തിനു സബ്‌സിഡി പൂര്‍ണമായും ഒഴിവാക്കേണ്ടതു തന്നെയാണ്. എന്നാല്‍, 2013 ല്‍ ക്രൂഡിന്റെ വില വീപ്പയ്ക്കു ശരാശരി 120 ഡോളറായിരുന്ന സമയത്തെ വില തന്നെ ഉപഭോക്താവ് വില 65 ഡോളറായി താഴ്ന്നപ്പോഴും നല്‍കേണ്ടി വരുന്നു.
ഇന്ത്യയിലാണ് പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് ഉപഭോക്താവ് ഏറ്റവും ഉയര്‍ന്ന വില നല്‍കേണ്ടി വരുന്നത്. ക്രൂഡ് വില താഴുമ്പോള്‍ വില കുറയുന്നില്ല. എപ്പോഴൊക്കെ ഓരോ ഡോളര്‍ വര്‍ധിച്ചിട്ടുണ്ടോ അപ്പോള്‍ വില കൃത്യമായി കൂടും. ഫലത്തില്‍ വില മുകളിലേയ്ക്കു തന്നെ.
അഡ്മിനിസ്റ്റേര്‍ഡ് പ്രൈസിങ് മെക്കാനിസം എന്ന വില സ്വയംനിര്‍ണയിക്കാനുള്ള അധികാരം സര്‍ക്കാര്‍ തന്നെയാണു വേണ്ടെന്നുവച്ചത്. വിലനിര്‍ണയം മാര്‍ക്കറ്റിനു വിട്ടുകൊടുത്തതു ജനങ്ങള്‍ക്കു നല്ല വാഗ്ദാനം നല്‍കിയാണ്. എന്നാല്‍, അതിനു കടകവിരുദ്ധമായതാണു സംഭവിച്ചത്. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില പകുതിയോളം കുറയുമ്പോള്‍ അത് എല്ലാ മേഖലയ്ക്കും നല്‍കുന്ന ഉണര്‍വു വളരെ പ്രകടമായിരിക്കും.
പെട്രോളിന് എന്തുകൊണ്ട്
ജി.എസ്.ടി ഇല്ല
രാജ്യത്തെ ഏറ്റവും വലിയ പരോക്ഷ നികുതി പരിഷ്‌കരണമായിരുന്നു ജൂലായ് ഒന്നിനു നടപ്പാക്കിയ ജി.എസ്.ടി. ഉപ്പു തൊട്ടു കര്‍പ്പൂരംവരെ കാക്കത്തൊള്ളായിരം ഉത്പന്നങ്ങളെയും പുതിയ നികുതിസമ്പ്രദായത്തിനുള്ളില്‍ കൊണ്ടുവന്നപ്പോള്‍ നിത്യേന ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന അവശ്യവസ്തുവായ പെട്രോളിയം ഉല്‍പന്നങ്ങളെ ഒഴിവാക്കി.
നികുതിവരുമാനം കുറയാതെ നിര്‍ത്താനുള്ള എളുപ്പവഴി തേടുകയാണു കേന്ദ്രസര്‍ക്കാരും സംസ്ഥാനധനമന്ത്രിമാരടങ്ങുന്ന ജി.എസ്.ടി കൗണ്‍സിലും ചെയ്തത്. നികുതിപരിഷ്‌കരണം വഴി ലഭിക്കുന്ന വലിയനേട്ടം വരുമാനം ഉയര്‍ന്ന തോതില്‍ നിര്‍ത്താനുള്ള വ്യഗ്രതയില്‍ ജനങ്ങള്‍ക്കു നിഷേധിക്കുകയാണു ചെയ്തത്. ഉപഭാക്താവിനെ കൊള്ളയടിക്കല്‍.
കേന്ദ്ര,സംസ്ഥാന തലത്തിലെ വിവിധ നികുതികള്‍ ചേര്‍ക്കുമ്പോള്‍ നിലവില്‍ പെട്രോളിന്റെ വിലയില്‍ 54 ശതമാനവും ഡീസല്‍ വിലയില്‍ 47 ശതമാനവും (ഡല്‍ഹിയിലെ വിലയുടെ അടിസ്ഥാനത്തില്‍) നികുതിയാണ്. ജി. എസ് ടി. ഏര്‍പ്പെടുത്തിയപ്പോള്‍ പരമാവധി നികുതി നിരക്ക് 28 ശതമാനമാണ്. അതായത്, പെട്രോളിനും ഡീസലിനും മറ്റു ഉത്പന്നങ്ങള്‍ക്കും ഏര്‍പ്പെടുത്താന്‍ കഴിയുമായിരുന്ന ഏറ്റവും ഉയര്‍ന്ന നികുതി 28 ശതമാനം മാത്രം.
അങ്ങനെയായിരുന്നെങ്കില്‍ നികുതി 21 മുതല്‍ 24 ശതമാനം വരെ കുറയുമായിരുന്നു. നികുതിക്കു പുറമെ വിവിധ സെസുകള്‍ ഏര്‍പ്പെടുത്തിയാല്‍പോലും വില 20 ശതമാനം കണ്ടു കുറയുമായിരുന്നു. അതായത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില ചുരുങ്ങിയത് 10 രൂപ മുതല്‍ 15 രൂപ വരെ കുറയുമായിരുന്നു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നികുതി വരുമാനം ലഭിക്കുന്ന ഉത്പന്നങ്ങളാണ് പെട്രോള്‍, ഡീസല്‍ തുടങ്ങിയവ. എണ്ണക്കമ്പനികളില്‍നിന്ന് ഒരു ലിറ്റര്‍ പെട്രോളോ, ഡീസലോ പുറത്തിറങ്ങുമ്പോള്‍ തന്നെ നികുതി ഖജനാവിലെത്തുന്നു. ഈ വമ്പന്‍ വരുമാനം ഉപേക്ഷിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയില്ല എന്നതുതന്നെയാണു കാരണം.
ഈ രണ്ടു കാര്യങ്ങളും നടപ്പാക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമായിരുന്നെങ്കില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ 50 ശതമാനത്തിന്റെ എങ്കിലും കുറവുണ്ടായേനെ. അതു സമ്പദ്് വ്യവസ്ഥയ്ക്കു നല്‍കുന്ന ഉത്തേജനം എത്ര വലിയ സബ്‌സിഡിയെക്കാളും വലുതായിരിക്കും. നിശ്ചയമായും പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കു പിന്നെ സബ്‌സിഡി നല്‍കേണ്ട ആവശ്യം വരുന്നേയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."