നരേന്ദ്രമോദിയുടേത് കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയുള്ള സര്‍ക്കാര്‍ : ആനത്തലവട്ടം
കോട്ടയം : രാജ്യത്തെ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി ഭരണം നടത്തുന്ന സര്‍ക്കാരാണ് നരേന്ദ്രമോഡി സര്‍ക്കാരെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍. രാജ്യത്ത് യാതൊരുവിധ പ്ലാനിങ്ങുമില്ലാതെയാണ് കേന്ദ്രം പദ്ധതികള്‍ നടപ്പാക്കുന്നത്. ആര്‍ക്ക് പണം നല്‍കണമെന്ന് പ്രധാനമന്ത്രി തീരുമാനിക്കും. രാജ്യത്തെ കൃഷിക്കാര്‍ക്ക് നാമമാത്രമായ സഹായം നല്‍കുമ്പോള്‍ കോര്‍പറേറ്റ് ഭീമന്‍മാരെ കൈയ്യയച്ച് സഹായിക്കുന്നു. കേരള വാട്ടര്‍ അതോറിറ്റി കരാര്‍ തൊഴിലാളി യൂനിയന്‍(സിഐടിയു) ഒന്നാം സംസ്ഥാന സമ്മേളനം സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലെ പി കൃഷ്ണപിള്ള ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാങ്കുകളെല്ലാം സ്വകാര്യവത്കരിച്ചു ലോക കുത്തകളുടെ കൈയില്‍ എത്തിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ലാഭത്തിലായിരുന്ന പൊതുമേഖല സ്ഥാപനങ്ങള്‍ എല്ലാം പൂട്ടുകയാണ്. ഉള്ളവ വിദേശകുത്തകള്‍ക്കും രാജ്യത്തെ കോര്‍പറേറ്റ് ഭീകരന്‍മാര്‍ക്കും വില്‍ക്കാനാണ് ശ്രമം. ഇതോടെ രാജ്യത്താകമാനം പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് അവരുടെ തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകും. ബിജെപി അധികാരത്തില്‍ വന്നാല്‍ പ്രതിവര്‍ഷം രണ്ട് കോടി ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ് നരേന്ദ്രമോഡി തെരെഞ്ഞെടുപ്പ് സമയത്ത് പറഞ്ഞത്. എന്നാല്‍ അധികാരത്തില്‍ എത്തി മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ ആറ് കോടി ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കേണ്ടതിനു പകരം ഒന്നരലക്ഷം പേര്‍ക്ക് മാത്രമാണ് തൊഴില്‍ നല്‍കാന്‍ സാധിച്ചത്. മോഡി വന്നതോടെ രാജ്യത്തെ ശതകോടീശ്വരന്‍മാരുടെ എണ്ണം കൂടി. ഇവര്‍ക്കായി നിയമങ്ങള്‍ തന്നെ മാറ്റി. ഇവരുടെ സമ്പത്ത് വര്‍ധിച്ചു. എന്നാല്‍ പാവങ്ങള്‍ പട്ടിണിയില്‍ നിന്നും പട്ടിണിയിലേക്ക് നീങ്ങി. ദളിതര്‍ ചുട്ടെരിക്കപ്പെട്ടു. ജാതിയുടെയും മതത്തിന്റെയും പേരുപറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിച്ച് രാജ്യത്ത് വര്‍ഗീയതയുടെ വിഷവിത്തുകള്‍ പാകി. ഇതാണ് മോഡിസര്‍ക്കാരിന്റെ 'ഭരണനേട്ട'മെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തെ മുന്നിലെത്തിച്ചതില്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ പങ്ക് വളരെ വലുതാണ്. ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ 'ഗള്‍ഫാ'യി കേരളം മാറിയതില്‍ തൊഴിലാളി പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം എടുത്തു പറയത്തക്കതാണ്. തൊഴിലാളികളുടെ അവകാശപോരാട്ട സമരങ്ങളില്‍ സിഐടിയു എന്നും തൊഴിലാളികള്‍ക്കൊപ്പമുണ്ടാകും. കരാല്‍ ജീനക്കാരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സമരപോരാട്ടങ്ങള്‍ അനിവാര്യമാണ്. അതിനായി എല്ലാവരും ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. സിഐടിയു സംസ്ഥാന സെക്രട്ടറി എസ് സുദേവന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."