ബാലാവകാശ കമ്മിഷന്‍ നിയമനം: നിയമസഭയില്‍ പ്രതിപക്ഷ ബഹളം
തിരുവനന്തപുരം: ബാലാവകാശ കമ്മിഷന്‍ നിയമന വിവാദത്തില്‍ മന്ത്രി കെ.കെ ശൈലജ രാജിവയ്ക്കണമെന്ന്ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭാനടപടികള്‍ ഏറെനേരം തടസപ്പെട്ടു. ശൈലജയ്‌ക്കെതിരേ കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കുകയായിരുന്നു.
ആരോഗ്യമന്ത്രിയെ പിന്തുണച്ചുകൊണ്ട് മുഖ്യമന്ത്രി വിശദീകരണം നടത്തിയെങ്കിലും പ്രതിപക്ഷം തൃപ്തരായില്ല. അതോടെ സ്പീക്കര്‍ സഭാ നടപടികള്‍ നിര്‍ത്തിവച്ചു. കക്ഷി നേതാക്കളുമായി സ്പീക്കര്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് സഭ വീണ്ടും സമ്മേളിച്ചത്. സത്യപ്രതിജ്ഞയുടെ നഗ്‌നമായ ലംഘനമാണ് ആരോഗ്യമന്ത്രി നടത്തിയതെന്ന് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയ ഷാഫിപറമ്പില്‍ പറഞ്ഞു. മന്ത്രിയെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി സൈബര്‍ സഖാക്കളുടെ നിലവാരത്തിലേക്ക് താഴരുത്. അധികാര ദുര്‍വിനിയോഗം നടത്തിയ മന്ത്രി സ്ഥാനം ഒഴിയണമെന്നും ഷാഫി ആവശ്യപ്പെട്ടു.
എന്നാല്‍, നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി കെ.കെ. ശൈലജ സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടില്ലെന്നും അതിനാല്‍ രാജിവയ്‌ക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ നടപടികള്‍ക്കെതിരേ കോടതി അഭിപ്രായം പറയുന്നതു പുതിയ കാര്യമല്ല. നേരത്തെയും ഇത്തരം പരാമര്‍ശം ഉണ്ടായിട്ടുണ്ട്. കോടതിയെ സത്യം ബോധ്യപ്പെടുത്തുകയെന്നതാണ് പോംവഴി. യാഥാര്‍ഥ്യം കോടതിയെ ധരിപ്പിക്കും. കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കാനാണ് വീണ്ടും അപേക്ഷ അയയ്ക്കാന്‍ സൗകര്യമുണ്ടാക്കിയത്. കേസില്‍ കക്ഷിയല്ലാത്ത വ്യക്തിക്കെതിരേ ഉയര്‍ന്ന ആക്ഷേപം കോടതി വിധിയില്‍ ഉണ്ടായത് അവരുടെ ഭാഗം കേള്‍ക്കാതെയാണ്.
ബാലാവകാശ കമ്മിഷനിലെ ആറ് അംഗങ്ങളുടെ തെരഞ്ഞെടുപ്പിന് 103 പേരാണ് അപേക്ഷിച്ചത്. സാമൂഹിക നീതി വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി അപേക്ഷകള്‍ പരിഗണിച്ചപ്പോള്‍ 40 പേര്‍ യോഗ്യരാണെന്ന് കണ്ടെത്തി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 18 പേരുടെ പട്ടിക തയാറാക്കി.
എന്നാല്‍ കാസര്‍കോട്, തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ നിന്ന് ഒരു അപേക്ഷ പോലും ലഭിച്ചില്ല. എല്ലാ മേഖലകളിലെയും അര്‍ഹര്‍ക്ക് അവസരം കിട്ടാനാണ് വീണ്ടും അപേക്ഷ ക്ഷണിച്ചത്. തൊഴില്‍ തസ്തികകളിലും ഭരണഘടനാ തസ്തികകളിലും രാഷ്ട്രീയ പ്രതിനിധികള്‍ ചുമതലവഹിച്ചിട്ടുണ്ട്. ഇത്തരം തസ്തികകളില്‍ രാഷ്ട്രീയം അധമമാണെന്ന ധാരണ തെറ്റാണ്. ബാലാവകാശ കമ്മിഷനുമായി ബന്ധപ്പെട്ട് പരാമര്‍ശിക്കപ്പെട്ടയാള്‍ കൊട്ടിയൂര്‍ കേസിലെ പ്രതിയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ വിശദീകരണം കേട്ടാല്‍ മന്ത്രിക്ക് പകരം ഹൈക്കോടതി ജഡ്ജിയാണ് രാജിവയ്‌ക്കേണ്ടെതെന്ന് തോന്നുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചു.
മന്ത്രിക്കെതിരേ ഹൈക്കോടതിയുടെ വാക്കാലുള്ള വിമര്‍ശനമല്ല, വിധിയിലാണു വിമര്‍ശിച്ചിട്ടുള്ളതെന്നു സെന്‍കുമാര്‍ കേസില്‍ 25,000 രൂപ പിഴ അടച്ച സര്‍ക്കാര്‍ ബാലാവകാശ കമ്മിഷന്‍ നിയമനം വൈകിപ്പിച്ചതിന് 50,000 രൂപ പിഴയടച്ചു. ഇ.പി.ജയരാജന് ഒരു നീതി, ശൈലജയ്ക്ക് വേറെ നീതി എന്നത് ജനാധിപത്യകേരളത്തിന് അപമാനമാണെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."