സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധന എം.എസ്.എഫ് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് ഏകീകരണത്തിന്റെ പേരില്‍ സര്‍ക്കാരും സ്വാശ്രയ മാനേജ്മെന്റ് മുതലാളിമാരും ഒത്തുചേര്‍ന്നു നടപ്പിലാക്കുന്ന സ്വാശ്രയ തീക്കൊള്ളയ്ക്കെതിരേ എം. എസ്.എഫ് സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു.
പിന്നോക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ മെഡിക്കല്‍ ഫീസ് അനധികൃതമായി വര്‍ധിപ്പിച്ചുകൊണ്ട് വിദ്യാര്‍ഥികളെ വഞ്ചിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് എം.എസ്.എഫ് സംസ്ഥാന ജനറല്‍സെക്രട്ടറി എം.പി നവാസ് പറഞ്ഞു. കേരളത്തിലെ പാവപ്പെട്ട വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിനുള്ള സ്വാതന്ത്ര്യം തച്ചുതകര്‍ക്കുന്ന രീതിയിലുള്ള സര്‍ക്കാരിന്റെ വിദ്യാര്‍ഥിവിരുദ്ധ നിലപ്പാടുകള്‍ എം.എസ്.എഫിന് അംഗീകരിക്കാന്‍ കഴിയിലെന്നും അദ്ദേഹം പറഞ്ഞു.
എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഷഫീക്ക് വഴിമുക്ക് അധ്യക്ഷനായി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ബീമാപ്പള്ളി റഷീദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ലീഗ് ജനറല്‍ സെക്രട്ടറി തോന്നയ്ക്കല്‍ ജമാല്‍, കരമന മാഹിന്‍, ഹുമയൂണ്‍, കബീര്‍, എ.പി മിസ്വര്‍, ഹാരിസ് കരമന എന്നിവര്‍ സംസാരിച്ചു. ഹമീം മുഹമ്മദ് സ്വാഗതവും നൗഫല്‍ കുളപ്പട നന്ദിയും പറഞ്ഞു. നവാസ് മാടന്‍വിള, മുക്താര്‍, അന്‍സര്‍ പെരുമാതുറ, സുഹൈല്‍ മുഹമ്മദ്, അജ്മല്‍ വിഴിഞ്ഞം എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."