അനുമതി പത്രമില്ലാതെ ഹജ്ജിനെത്തിയ ഒന്നേകാല്‍ ലക്ഷത്തോളം പേരെ തിരിച്ചയച്ചു
മക്ക: അനുമതി പത്രമില്ലാതെ മക്കയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ഒന്നേകാല്‍ ലക്ഷത്തോളം ആളുകളെ വിവിധ ഭാഗങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചതായി അധികൃതര്‍ പറഞ്ഞു. ഹജ്ജ് സീസണ്‍ ആരംഭിച്ചത് മുതല്‍ മക്കക്കാരല്ലാത്തവര്‍ക്ക് മക്കയിലേക്ക് പ്രവേശിക്കുന്നതിന് അനുമതി പത്രം നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ ഇവ പാലിക്കാതെ മക്കയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ഒരു ലക്ഷത്തി ഇരുപതിനായിത്തിലധികം ആളുകളെ തിരിച്ചയച്ചു. ആഗസ്റ്റ് പതിനേഴ് വരെയുള്ള കണക്കുകളാണിത്.
61600 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. സ്വദേശികളും വിദേശികളുമായവര്‍ക്ക് ഹജ്ജ് ചെയ്യാന്‍ അനുമതി നിര്‍ബന്ധമാണെന്ന് അധികൃതര്‍ വീണ്ടും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇത്തരത്തില്‍ പിടിക്കപ്പെട്ടാല്‍ സഊദിയിലേക്കുള്ള വരവ് തന്നെ നിരോധിച്ചു രാജ്യത്തു നിന്നും കയറ്റി അയക്കുന്നതടക്കമുള്ള ശിക്ഷാ വിധികള്‍ നേരിടേണ്ടി വരും.
മക്കയിലേക്കുള്ള പ്രവേശന കവാടങ്ങള്‍ മുഴുവനും പ്രത്യേക സേനയുടെ കീഴിലാണ്. തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് തങ്ങളുടെ ദൗത്യമാണെന്നും സുരക്ഷ ഉറപ്പാക്കാനായി മക്കയിലും പരിസരങ്ങളിലും നിരവധി യൂണിറ്റുകളീ വിന്യസിച്ചിട്ടുണ്ടെന്നും മക്ക റീജിയണല്‍ സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ് ഡയറക്റ്റര്‍ മേജര്‍ ജനറല്‍ സലിം ബിന്‍ മര്‍സൂഖ് അല്‍ മത്‌റഫി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."