13 ലക്ഷത്തിലധികം ഹാജിമാര്‍ പുണ്യ ഭൂമിയില്‍, ഇന്ത്യന്‍ ഹാജിമാരില്‍ ബഹുഭൂരിഭാഗവും എത്തിച്ചേര്‍ന്നു
മക്ക: ഈ വര്‍ഷത്തെ ഹജ്ജിനായി ഇതുവരെ പതിമൂന്നു ലക്ഷത്തിലധികം വിദേശ തീര്‍ത്ഥാടകര്‍ മക്കയില്‍ എത്തിച്ചേര്‍ന്നതായി സഊദി പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു. ബുധനാഴ്ച്ച രാവിലെ വരെയുള്ള കണക്കനുസരിച്ചു 1314211 തീര്‍ത്ഥാടകരാണ് പുണ്യ ഭൂമികളില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്.
വിദേശ രാജ്യങ്ങളിലെ ഹാജിമാരില്‍ 1228666 പേര് ജിദ്ദ മദീന അന്തരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴിയും 75787 പേര് റോഡ് മാര്‍ഗ്ഗങ്ങള്‍ വഴിയും 9758 പേര് കപ്പല്‍ മാര്‍ഗ്ഗം വഴിയുമാണ് എത്തിച്ചേര്‍ന്നത്.
ഇന്ത്യയില്‍ നിന്നും ഹജ്ജ് സര്‍വ്വീസ് മുഖേന വരുന്ന ഹാജിമാരില്‍ ഒരു ലക്ഷത്തി പതിനയ്യായിരത്തിലധികം തീര്‍ത്ഥാടകര്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. സ്വകാര്യ സര്‍വ്വീസ് മുഖേനയുള്ള നാല്പത്തിനായിരത്തിലധികം വരുന്ന ഹാജിമാര്‍ നേരത്തെ തന്നെ ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്.
ഹജ്ജ് സര്‍വ്വീസ് മുഖേന വരുന്ന തീര്‍ത്ഥാടകാരില്‍ ഇനി പതിനായിരത്തോളം വരുന്ന ഹാജിമാര്‍ മാത്രമായാണ് എത്തിച്ചേരാനുള്ളത്. വരും ദിവസങ്ങളില്‍ അവര്‍ എത്തിച്ചേരുന്നതോടെ ഹാജിമാര്‍ വിശുദ്ധ ഹജ്ജിനുള്ള ഒരുക്കങ്ങള്‍ തുടങ്ങും.
ഹജ്ജ് സര്‍വ്വീസ് തുടക്കത്തില്‍ ഇന്ത്യന്‍ ഹാജിമാരില്‍ മദീന വഴിയെത്തിയവരില് ഇപ്പോഴും 9 പേര് മാത്രമാണ് മക്കയില്‍ എത്തിച്ചേരാനുള്ളത്. ഇവര്‍ ഇവിടെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. മക്കയിലെ ഇന്ത്യന്‍ ഹജ്ജ് മിഷന് ഡിസ്പെന്‍സറികള്‍ വഴി 13551 ഹാജിമാര്‍ ചികിത്സ തേടിയതായി ഇന്ത്യന്‍ ഹജ്ജ് മിഷന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."