സഊദില്‍ എന്‍ജിനിയറിങ് ജോലികള്‍ക്ക് അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയം നിര്‍ബന്ധമാക്കി
റിയാദ്: രാജ്യത്തെ എന്‍ജിനീയറിങ് മേഖലയില്‍ വിസകളില്‍ വരുന്നതിനു അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധമാക്കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മാത്രമേ ഇനി മുതല്‍ സഊദിയിലേക്ക് എന്‍ജിനീയറിങ് വിസകളില്‍ വരാന്‍ സാധിക്കുകയുള്ളൂ. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കുന്നതിനായി സഊദി എന്‍ജിനീയറിങ് കൗണ്‍സിലിന്റെ സഹകരണത്തോടെയാണ് സഊദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം പുതിയ തീരുമാനം കൈകൊണ്ടത്.
വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന എന്‍ജിനീയര്‍മാര്‍ സഊദിയിലെത്തിയ ശേഷം എഴുത്തു പരീക്ഷയും അഭിമുഖവും പാസാകേണ്ടതുണ്ട്. സഊദി എന്‍ജിനീയറിങ് കൗണ്‍സിലാണ് പരീക്ഷ നടത്തുന്നത്. ഇതിനു പുറമെ ഉദ്യോഗാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകളും തൊഴില്‍ പരിചയ രേഖകളും അതത് രാജ്യത്തെ സ്ഥാപനവുമായി ബന്ധപ്പെട്ട് കൗണ്‍സില്‍ നേരിട്ട് സാക്ഷ്യപ്പെടുത്തുകയും ചെയ്യും.
നേരത്തെ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമായിരുന്നു നിര്‍ബന്ധം. ഇതാണ് ഇപ്പോള്‍ അഞ്ചു വര്‍ഷമാക്കി ഉയര്‍ത്തിയത്. എന്‍ജീയറിംഗ് മേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ ഈ മേഖലയിലേക്ക് വിദേശികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റംനിര്‍ത്തി വെച്ചതിന്റെ തൊട്ടുടനെയാണ് പുതിയ നിബന്ധയും കൊണ്ടുവന്നത്.
ഇതര പ്രൊഫഷനുകളില്‍ നിന്ന് എഞ്ചിനീയര്‍ ജോലിയിലേക്കുള്ള മാറ്റം തൊഴില്‍ മന്ത്രാലയം നിര്‍ത്തിവച്ചതിന്റെ അടിസ്ഥാനത്തില്‍ എഞ്ചിനീയര്‍ വിസയിലല്ലാത്തവര്‍ ഇനി എഞ്ചിനീയറിങ് ജോലിയില്‍ തുടരാന്‍ പാടില്ലെന്ന് രണ്ടു ദിവസം മുന്‍പാണ് സഊദി കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്‌സ് അറിയിച്ചത്. സഊദി തൊഴില്‍ മേഖലയില്‍ കണ്ണും നട്ടിരിക്കുന്ന ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളിലെ എന്‍ജിനീയറിങ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് കനത്ത തിരിച്ചറിയാണ് സഊദി തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."